മൈതാനം തരൂ; കായിക താരങ്ങളെ തരാം
text_fieldsപാലക്കാട്: കായികലോകത്തില് പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിൽ വിദ്യാലയങ്ങൾക്ക് തക്കതായ പങ്കുണ്ട്. പക്ഷേ അവിടെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെങ്കിലോ? അത്തരത്തിലൊരു സർക്കാർ വിദ്യാലയമാണ് മലമ്പുഴ ആനക്കൽ ഗവ. ട്രൈബൽ വെൽഫെയർ ഹൈസ്കൂൾ.
ആദിവാസി വിദ്യാർഥികൾക്ക് ലഭിക്കുന്ന പഠനാനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും കായിക പഠനത്തിന്റെ അപര്യാപ്ത ഇവരെ മറ്റ് സ്കൂളുകളിലേക്ക് ചേക്കേറാൻ പ്രേരിപ്പിക്കുന്നു.
മലമ്പുഴ അണക്കെട്ടിനു മറുകരയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്. ആദിവാസിഗോത്രവർഗ വിഭാഗത്തിന്റെ വിദ്യാഭ്യാസ ഉന്നമനത്തിനായി വള്ളിക്കോടൻ നാരായണൻ സംഭാവനയായി നൽകിയ ഭൂമിയിൽ സർക്കാറുടമസ്ഥതയിൽ 1978ലാണ് വിദ്യാലയം ആരംഭിച്ചത്. ഓലപ്പുരയിൽ ആരംഭിച്ച ഈ വിദ്യാലയം 1980ൽ യു.പിയായും 1993ൽ ഹൈസ്കൂളായും ഉയർത്തി. കളിസ്ഥലം ഇല്ലെന്നതൊഴിച്ചാൽ മറ്റ് ഭൗതിക സൗകര്യങ്ങളെല്ലാം ഇവിടെ ധാരാളമുണ്ട്.
നിലവിൽ ബി.ആർ.സിയിൽനിന്ന് ആഴ്ചയിൽ രണ്ടുദിവസം മാത്രമാണ് കായികാധ്യാപകൻ ഇവിടെ വരുന്നത്. സ്കൂളിൽനിന്ന് 10 കിലോമീറ്റർ ചുറ്റളവിലുള്ള ആദിവാസി ഊരുകളിൽ നിന്നാണ് കുട്ടികൾ പഠനത്തിനായി ഇവിടെ എത്തുന്നത്.
കായിക പഠനത്തിനുള്ള സൗകര്യക്കുറവ് പലരേയും സൗകര്യങ്ങളുള്ള മറ്റ് സ്കൂളുകളിലേക്ക് ചേക്കേറാൻ പ്രേരിപ്പിക്കുന്നുണ്ട്. കായിക വികസനത്തിനായി മൈതാനം യാഥാർഥ്യമാക്കാൻ പി.ടി.എയും അധ്യാപകരും തീവ്രശ്രമത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.