കുടിശ്ശികയായി ജി.ഒ.ഐ സ്കോളർഷിപ്; ജില്ലയിലെ 14 നഴ്സിങ് വിദ്യാർഥികൾ ദുരിതത്തിൽ
text_fieldsപാലക്കാട്: സംസ്ഥാനത്തിന് പുറത്ത് പ്രഫഷനൽ കോഴ്സുകൾ പഠിക്കുന്നവർക്കായുള്ള കേന്ദ്രസർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ് (ജി.ഒ.ഐ) കുടിശ്ശികയായതോടെ ദുരിതത്തിലായി പട്ടികജാതി വിഭാഗത്തിൽപെട്ട ജില്ലയിലെ 14 നഴ്സിങ് വിദ്യാർഥികൾ.
ആന്ധ്രാപ്രദേശിലെ വൈ.എസ്.ആർ യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള കോളജിൽ ബി.എസ്.സി നഴ്സിങ് കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികളാണ് അവസാന വർഷത്തെ സ്കോളർഷിപ് തുക ലഭിക്കാത്തതിനാൽ ബുദ്ധിമുട്ട് നേരിടുന്നത്. സംസ്ഥാനത്തെ മറ്റു ജില്ലകളിലെല്ലാം തുക ലഭിച്ചപ്പോഴും പാലക്കാട് മാത്രം കുടിശ്ശികയാണ്. പട്ടികജാതി വികസന വകുപ്പിൽ അന്വേഷിച്ചപ്പോൾ ഫണ്ട് ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് വിദ്യാർഥികൾ പറയുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളാണ് ഫണ്ട് നൽകുന്നത്.
രണ്ടുലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള ബി.പി.എൽ വിഭാഗത്തിൽപെട്ട പട്ടികജാതി വിഭാഗക്കാരായ രക്ഷിതാക്കളുടെ മക്കൾക്കാണ് ഈ സ്കോളർഷിപ് ലഭിക്കുന്നത്. തിരുവല്ലയിലെ ഏജന്റുമാർ മുഖാന്തിരം 2019-20 ബാച്ചിൽ കോളജിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ആദ്യരണ്ട് വർഷത്തെ തുക ആന്ധ്രാപ്രദേശിലെ തന്നെ ഒരുബാങ്കിലെ അക്കൗണ്ട് മുഖേനയാണ് ലഭിച്ചത്. മൂന്നാം വർഷം മുതലാണ് വിദ്യാർഥികളുടെ അക്കൗണ്ടുകളിലൂടെ തുക കയറിത്തുടങ്ങിയത്. കോവിഡ് മൂലം കോഴ്സ് കാലാവധി ഒരുവർഷം കൂടി നീണ്ടു. നിലവിൽ 2023-24 വർഷത്തെ തുകയാണ് ലഭിക്കാനുള്ളത്. 2024 ജൂണിൽ പരീക്ഷ കഴിഞ്ഞ് കോഴ്സ് പൂർത്തിയായി. ഫലവും വന്നു. എന്നാൽ ഫീസ് അടക്കാത്തതിനാൽ എസ്.എസ്.എൽ.സി, പ്ലസ് ടു സർട്ടിഫിക്കറ്റുകൾ തിരികെ ലഭിച്ചിട്ടില്ലെന്ന് പത്തിരിപ്പാല സ്വദേശിനിയായ വിദ്യാർഥിനി പറയുന്നു.
പരീക്ഷ എഴുതിപ്പിക്കില്ലെന്നായിരുന്നു കോളജുകാരുടെ നിലപാട്. തുക പിന്നീട് അടക്കാമെന്ന ധാരണയിലാണ് ഒടുവിൽ പരീക്ഷ എഴുതാനായത്. കോഴ്സ് കംപ്ലീഷൻ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും പ്രൊവിഷനൽ സർട്ടിഫിക്കറ്റും കിട്ടിയിട്ടുണ്ട്. എന്നാൽ മറ്റ് സർട്ടിഫിക്കറ്റുകൾ കിട്ടാത്തതിനാൽ ആന്ധ്രാപ്രദേശിലെയും കേരളത്തിലെയും നഴ്സിങ് കൗൺസിലുകളിൽ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഏതെങ്കിലും ആശുപത്രികളിൽ ജോലിയിൽ കയറാനും പി.എസ്.സി ഉൾപ്പെടെയുള്ള പരീക്ഷകൾക്കും ഈ രജിസ്ട്രേഷൻ നിർബന്ധമാണ്. കോഴ്സ് കംപ്ലീഷൻ വെച്ച് മാത്രം ജോലിക്ക് കയറാൻ സാധിക്കില്ല. പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും ലഭിക്കില്ല. ഇതോടെ ജില്ലയിലെ 14 വിദ്യാർഥികളാണ് പ്രയാസത്തിലായത്. ഇവരുടെ ബാച്ചിൽ നൂറിലധികം കുട്ടികളാണുണ്ടായിരുന്നത്. മറ്റുള്ളവർക്കെല്ലാം സർട്ടിഫിക്കറ്റ് കിട്ടി. ജോലിയിലും പ്രവേശിച്ചു.
കോഴ്സ് കഴിഞ്ഞ് മാസങ്ങളായിട്ടും എവിടെയും ജോലിക്ക് കയറാൻ പോലും സാധിക്കാത്ത സ്ഥിതിയിലാണിവർ. ഇവരുടെ ബാച്ച് പ്രവേശനം നേടിയ വർഷം ഈ സ്കോളർഷിപ് നിർത്തലാക്കി. നിലവിൽ ഇ-ഗ്രാന്റ്സ് 2.0 ആയാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.