ഉന്നത വിദ്യാഭ്യാസ രംഗം കലുഷിതമാക്കാൻ ഗവർണർ ശ്രമിക്കുന്നു -മുഖ്യമന്ത്രി
text_fieldsപാലക്കാട്: ഉന്നത വിദ്യാഭ്യാസ രംഗത്തെ കലുഷിതമാക്കാൻ ഗവർണർ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് മണ്ഡലതല നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർ.എസ്.എസിന് വേണ്ടപ്പെട്ടവരെ നിയമിക്കലല്ല ഗവർണറുടെ ഉത്തരവാദിത്തം. ഗവർണറെ സർവകലാശാല ചാൻസലറായി നിയമിക്കുന്നതും ഉന്നത വിദ്യാഭ്യാസ മന്ത്രിയെ പ്രോ വൈസ് ചാൻസലറാക്കുന്നതും നിയമസഭയാണ്. സർക്കാറിനും നിയമസഭക്കും വിധേയമായേ പ്രവർത്തിക്കാനാകൂ.
ഗവർണർ പദവിയിൽ താഴെയുള്ളവരുടെ സമ്മർദത്തിന് അടിപ്പെട്ടുവെന്ന് പറയുന്നതിനോട് യോജിക്കാനാകില്ല. അവസരവാദ നിലപാടുകൾ ഏതു മേഖലയിലും ശാന്തമായ അന്തരീക്ഷത്തെ തകർക്കാനേ ഉപകരിക്കൂ. കേരളത്തെ അപമാനിക്കുക, സർക്കാറിനെ അപകീർത്തിപ്പെടുത്തുക എന്നീ കാര്യങ്ങളാണ് ഗവർണർ സ്ഥാനത്തിരുന്ന് ചെയ്യുന്നത്.
ആർ.എസ്.എസിനും സംഘപരിവാരത്തിനും ചെയ്യാനാകാത്ത ആ കാര്യങ്ങൾ ആരിഫ് മുഹമ്മദ് ഖാൻ എന്ന വ്യക്തി ഗവർണർ സ്ഥാനത്തിരുന്ന് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ ടി. കെ. നൗഷാദ് അധ്യക്ഷത വഹിച്ചു.
മന്ത്രിമാരായ വി. ശിവൻകുട്ടി, ജി. ആർ. അനിൽ, സജി ചെറിയാൻ എന്നിവർ സംസാരിച്ചു. പാലക്കാട് തഹസിൽദാർ പി. മധു സ്വാഗതവും സ്വാഗത സംഘം വൈസ് ചെയർമാൻ സി.പി. പ്രമോദ് നന്ദിയും പറഞ്ഞു. ‘ഖസാക്കിന്റെ ഇതിഹാസ’വും പൂവും നൽകിയാണ് മുഖ്യമന്ത്രിയെ പാലക്കാട്ടെ സദസ്സിലേക്ക് സ്വീകരിച്ചത്. പുത്തൂർ ഗവ. യു.പി. സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനി അശ്വതി, ബി.ഇ.എം.എച്ച്.എസ്.എസിലെ മുഹമ്മദ് നുഹൈം എന്നിവർ വരച്ച മുഖ്യമന്ത്രിയുടെ രേഖാചിത്രം സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.