മോയൻസ് എൽ.പി സ്കൂൾ ഹാബിറ്റാറ്റോ ടെൻഡറോ? തീരുമാനമായില്ല
text_fieldsപാലക്കാട്: പാതിവഴിയിൽ സ്തംഭിച്ച ഗവ. മോയൻസ് എൽ.പി സ്കൂൾ വിഷയത്തിൽ കരാർ ഹാബിറ്റാറ്റ് ടെക്നോളജിയെ ഏൽപ്പിക്കണോ അതോ ടെൻഡർ വിളിക്കണോ എന്ന കാര്യത്തിൽ നഗരസഭ കൗൺസിൽ യോഗത്തിലും തീരുമാനമായില്ല. ഏതായാലും പുതിയ പ്രോജക്ട് വെച്ച് എത്രയും പെട്ടന്ന് പ്രവൃത്തികൾ പൂർത്തീകരിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൻ കൗൺസിൽ ഹാളിൽ പറഞ്ഞു.
നിലവിലെ പ്രവൃത്തി ഏറ്റെടുക്കാൻ പാതിവഴിയിലിട്ട കരാർ ഏജൻസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തനത് ഫണ്ടിൽനിന്ന് തുക വകയിരുത്തി പൂർത്തീകരിക്കാമെന്നും ചെയർപേഴ്സൻ പറഞ്ഞത് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ എതിർപ്പിനിടയാക്കി. 1.2 കോടി ചെലവിട്ട പദ്ധതിയിൽ 1.73 870 ലക്ഷം രൂപ കരാർ കമ്പനി തിരിച്ചടക്കാനുണ്ടെന്ന് ഡിവിഷൻ കൗൺസിലർ കൂടിയായ സെയ്തു മീരാൻ ബാബു പറഞ്ഞു. ഇതേ കമ്പനിക്ക് കൂടുതൽ തുക നൽകി പ്രവൃത്തി പൂർത്തീകരിക്കാൻ ആവശ്യപ്പെടുന്നതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം കരാർ കമ്പനി പല പ്രവർത്തികളും ഏറ്റെടുത്തിട്ടുണ്ടെന്നും കോവിഡ് കാരണമാണ് പ്രവൃത്തി വൈകുന്നതെന്നും ചെയർപേഴ്സൻ പറഞ്ഞു. 18 മാസം കൊണ്ട് പൂർത്തീകരിക്കാൻ നൽകിയ പദ്ധതി ഇതുവരെ പൂർത്തീകരിക്കാതെ അധിക തുക കൈവശം വെച്ചുകൊണ്ടിരിക്കുന്നത് ന്യായീകരിക്കുന്നത് ശരിയല്ലെന്ന് കൗൺസിലർമാരായ കെ. കൃഷ്ണൻ, ഡി. സജിത്ത്കുമാർ എന്നിവർ ആരോപിച്ചു.
പഴയ നിരക്കിലല്ല, പുതിയ നിരക്കിലാണ് മോയൻസ് സ്കൂളിലെ തുടർപ്രവർത്തികൾ ഏറ്റെടുക്കുകയെന്ന് നഗരസഭ എൻജിനീയറിങ് വിഭാഗം അറിയിച്ചതോടെ പ്രതിപക്ഷം രൂക്ഷ വിമർശനമുയർത്തി. നഗരസഭയുടെ വികസന പ്രവർത്തികൾ വൈകിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ അടവാണ് പ്രതിഷേധമെന്ന് നഗരസഭ ചെയർപേഴ്സൻ മറുപടി നൽകി. ഏതായാലും പുതിയ പ്രോജക്ട് തയാറാക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു.
കരാർ ലംഘനം നടത്തിയ കമ്പനിക്ക് 10 വർഷം നീട്ടി നൽകി
പാലക്കാട്: 10 വർഷം മുമ്പ് എട്ട് ബസ് ഷെൽറ്ററുകൾ സ്ഥാപിച്ച് പരിപാലിക്കാൻ അനുവാദം നൽകിയ പരസ്യക്കമ്പനിക്ക് പ്രതിപക്ഷ വിയോജിപ്പോടെ 10 വർഷത്തേക്ക് കൂടെ അനുവദിക്കാൻ കൗൺസിൽ തീരുമാനം.
മിഷൻ സ്കൂളിന് സമീപം, നഗരസഭ ചിൽഡ്രൻസ് ലൈബ്രറിക്ക് സമീപം, യാക്കര പാലത്തിന് സമീപം, കോട്ടമൈതാനം, മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപം എന്നിവിടങ്ങളിൽ ഓരോ ബസ് ഷെൽറ്ററും ടൗൺ ബസ്സ്റ്റാൻഡിന് മുൻവശം രണ്ടെണ്ണവും സ്ഥാപിക്കാനായിരുന്നു പത്ത് വർഷം മുമ്പ് അനുവാദം നൽകിയത്. എന്നാൽ ബി.ഒ.ടി അടിസ്ഥാനത്തിൽ 2014ൽ കരാർ ഏറ്റെടുത്ത കമ്പനി എട്ടിൽ ആറ് ഷെൽറ്ററുകൾ മാത്രമേ നിർമിച്ചിട്ടുളളൂവെന്ന് നഗരസഭ അസി. എൻജിനീയർ കണ്ടെത്തിയിരുന്നു. മാത്രമല്ല, ബസ് ഷെൽറ്ററുകൾ വൃത്തിയായി പരിപാലിക്കുന്നില്ലെന്നും കണ്ടെത്തി.
കോവിഡ് സമയത്തെ മാന്ദ്യം കാണിച്ചാണ് കമ്പനി കരാർ പത്തുവർഷത്തേക്ക് കൂടി പുതുക്കി നൽകാൻ അനുവാദം ചോദിച്ചത്. എം.ഇയുടെ കരാർ വിരുദ്ധ നടപടി റിപ്പോർട്ടിങ് ശ്രദ്ധയിൽപ്പെടുത്തിയിട്ടും നഗരസഭാധ്യക്ഷൻ പരസ്യക്കമ്പനിക്ക് കരാർ പുതുക്കി നൽകാൻ അനുവാദം നൽകിയെന്ന് പ്രതിപക്ഷ കൗൺസിലർമാർ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.