വൈക്കോലിന് ‘പുല്ലുവില’
text_fieldsപാലക്കാട്: കൊയ്ത്തുകഴിഞ്ഞ് നെല്ലിന്‍റെ പണം ലഭിക്കാൻ മാസങ്ങൾ കാത്തിരിക്കുന്ന കർഷകർക്ക് വിലങ്ങുതടിയായി വൈക്കോൽ വിലയിടിവും. നെല്ലിന്‍റെ പണം വൈകുമെങ്കിലും വൈക്കോലിന്‍റെ പണം ഉടൻ ലഭിക്കുന്നത് കർഷകർക്ക് വലിയ ആശ്വാസമായിരുന്നു.
മുൻവർഷങ്ങളിൽ ഇതിനായി പാടശേഖരങ്ങളിലേക്ക് വൻതോതിൽ ആവശ്യക്കാർ എത്തിയിരുന്നു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്ന് കച്ചവടക്കാർ എത്തുമ്പോൾ മികച്ച വിലക്ക് വൈക്കോൽ വിൽക്കാനും കഴിഞ്ഞിരുന്നു. ഇപ്പോൾ ഇതരസംസ്ഥാനങ്ങളിൽനിന്ന് കച്ചവടക്കാർ വരാത്തതും തിരിച്ചടിയാണ്.
ഇത്തവണ ആദ്യഘട്ടം കൊയ്ത്തിനിറങ്ങിയവർക്ക് വൈക്കോൽ കെട്ടിന് 160 രൂപ എന്ന തോതിൽ ലഭിച്ചിരുന്നു. എന്നാൽ, ഇപ്പോൾ കെട്ടിന് 100 രൂപ മാത്രമാണ് ലഭിക്കുന്നത്. കഴിഞ്ഞവർഷം 80 രൂപക്കുവരെ വിൽക്കേണ്ടിവന്നിട്ടുണ്ട്. രണ്ടുവർഷംമുമ്പ് 200 മുതൽ 250 രൂപ വരെ ലഭിച്ചിരുന്നു. അതാണിപ്പോൾ നേർപകുതിയായത്.
അവസാന സമയങ്ങളിൽ കൊയ്യുന്ന പാടങ്ങളിൽ വൈക്കോലിന് ആവശ്യക്കാരില്ലാത്ത അവസ്ഥയാണ്. യന്ത്രം ഉപയോഗിച്ച് വൈക്കോൽ കെട്ടുന്നതിന് 40 രൂപ ഈടാക്കുന്നുണ്ട്. കെട്ടാനുള്ള പണം കഴിച്ചാൽ നിസ്സാര വില മാത്രമാണ് കർഷകന് ലഭിക്കുക. യന്ത്രത്തിന്‍റെ സഹായത്തോടെ ചുറ്റിയെടുക്കുമ്പോൾ ചില കന്നുകാലികൾ കഴിക്കാറില്ലെന്നും ക്ഷീര കർഷകർ പറയുന്നു. വൈക്കോലിൽ ഡീസലിന്‍റെ മണമുള്ളതുകൊണ്ടാണിത്.
അതേസമയം, വൈക്കോലിന് നല്ല വിപണന സാധ്യതയുണ്ട്. കൂൺകൃഷി ഉൾപ്പെടെയുള്ള ഇടവിളകൾക്ക് പുതയിടൽ വ്യാപകമാകുന്നതോടെ ആവശ്യക്കാർ വർധിക്കും. ഈർപ്പമില്ലാത്ത ഇവ സൂക്ഷിച്ചുവെച്ചാൽ മഴക്കാലത്ത് നല്ല വില ലഭിക്കും. പക്ഷേ, 100 കെട്ട് സൂക്ഷിക്കണമെങ്കിൽ 3,500 രൂപ ചെലവുവരും.
തൊഴിലാളികളുടെ കൂലി, വാഹന വാടക, സ്ഥലം എന്നിവക്കും ചെലവുവേറെ കണ്ടെത്തണം. അതിനാൽതന്നെ കൊയ്യുന്ന പാടങ്ങളിൽ വൈക്കോൽ അതുപോലെ കിടക്കും. പല കർഷകർക്കും സൂക്ഷിക്കാനുള്ള സ്ഥലമില്ലാത്തതും തിരിച്ചടിയാണ്. ഒരു ഏക്കറിൽ 50 മുതൽ 75 വരെയാണ് കെട്ടുകൾ ലഭിക്കുന്നത്.
പലരും കൊയ്ത്ത് കഴിഞ്ഞാൽ പാടങ്ങളിൽതന്നെ വൈക്കോൽ ഉഴുത് മറിക്കുകയാണ് ചെയ്യുന്നതെന്ന് ദേശീയ കർഷക സമാജം ജില്ല പ്രസിഡന്‍റ് മുതലാംതോട് മണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.