പച്ചത്തേങ്ങ സംഭരണം തുടങ്ങി; ആദ്യദിനം 709 കിലോ സംഭരിച്ചു
text_fieldsപാലക്കാട്: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, വി.എഫ്.പി.സി.കെ, കേരഫെഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള പച്ചത്തേങ്ങ സംഭരണ പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം അനങ്ങനടി സ്വാശ്രയ കർഷക സമിതി സംഭരണ കേന്ദ്രത്തിൽ നടന്നു.
വാണിയംകുളം പഞ്ചായത്തിലെ നാല് കേരകർഷകരിൽനിന്നായി 709 കിലോ സംഭരിച്ചു. പദ്ധതിയുടെ ഭാഗമായി കർഷകരിൽനിന്ന് നേരിട്ട് സംഭരിക്കും. തൊണ്ടുകളഞ്ഞ ഉരുളൻ പച്ചത്തേങ്ങ കിലോക്ക് 32 രൂപയാണ് നിലവിലെ സംഭരണ വില. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് സംഭരണം. കേരഫെഡിൽ അംഗങ്ങളായ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ, മാർക്കറ്റിങ് സഹകരണ സംഘങ്ങൾ, കേന്ദ്ര നാളികേര വികസന ബോർഡിന് കീഴിലെ നാളികേര ഉൽപാദക സൊസൈറ്റി ഫെഡറേഷനുകൾ, ഡ്രയർ സൗകര്യമുള്ള മറ്റ് സൊസൈറ്റികൾ തുടങ്ങിയവരിൽനിന്ന് തേങ്ങ സംഭരിക്കും.
പദ്ധതിപ്രകാരം കർഷകർക്ക് അവരുടെ പഞ്ചായത്ത് പരിധിയിലെ കൃഷിഭവനിൽ ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് നമ്പർ, നികുതി അടച്ച രസിത് എന്നീ രേഖകൾ സഹിതം അപേക്ഷ നൽകാം. കർഷകരുടെ തെങ്ങിന്റെ എണ്ണം കൃഷി ഓഫിസർ സാക്ഷ്യപ്പെടുത്തും. ഫീൽഡ് പരിശോധനയുടെ അടിസ്ഥാനത്തിൽ കർഷകന് കൃഷി ഓഫിസർ സർട്ടിഫിക്കറ്റ് നൽകും.
ഒരുതെങ്ങിൽനിന്ന് ഒരുവർഷം പരമാവധി 50 തേങ്ങയാണ് സംഭരണ പദ്ധതിയിലുൾപ്പെടുത്തി സംഭരിക്കുന്നത്. ഒരു തെങ്ങിൽനിന്നുള്ള തേങ്ങ ആറുതവണയായാണ് കർഷകൻ നൽകേണ്ടത്. കർഷകർ ഒരേ സംഭരണ കേന്ദ്രത്തിൽതന്നെ തേങ്ങകൾ നൽകണം. അലനല്ലൂർ, കോട്ടോപ്പാടം, വിയ്യകുറുശ്ശി, അഗളി, കാഞ്ഞിരപ്പുഴ, പുതുപ്പരിയാരം, മലമ്പുഴ, വടകരപതി, പെരുമാട്ടി, മുച്ചംകുണ്ട്, കിഴക്കഞ്ചേരി, വാണിയംകുളം, തൃക്കടീരി, കരിമ്പുഴ, കോട്ടായി എന്നിവ ഉൾപ്പെടെ 15 സംരംഭക കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്.
പരിപാടിയുടെ ഉദ്ഘാടനം പി. മമ്മിക്കുട്ടി എം.എൽ.എ നിർവഹിച്ചു. അനങ്ങനടി പഞ്ചായത്ത് പ്രസിഡന്റ് പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഹസീന വാണിയംകുളം, പഞ്ചായത്ത് പ്രസിഡന്റ് കെ. ഗംഗാധരൻ, വി.എഫ്.പി.സി.കെ ജില്ല മാനേജർ സി. ഹാരിഷ്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥർ, പാലക്കാട് പ്രിൻസിപ്പൽ അഗ്രികൾചർ ഓഫിസർ കെ.കെ. സിനിയ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.