ഉത്സവങ്ങള്‍ക്ക് ഹരിതചട്ടം പാലിക്കണം
text_fieldsപാലക്കാട്: ജില്ലയിലെ എല്ലാ ഉത്സവങ്ങളിലും ഹരിതചട്ടം പാലിക്കണമെന്ന് മാലിന്യമുക്തം നവകേരളം ജില്ല കാമ്പയിന് സെക്രട്ടറിയേറ്റ് യോഗം. ഒരോ ഉത്സവകമ്മിറ്റികളും ഹരിതചട്ട പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കണം. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഹരിതകര്‍മ സേനാംഗങ്ങളുടെ പ്രവര്‍ത്തനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. ഉത്സവശേഷം പ്രധാനനിരത്തുകള്‍ ശുചിയാക്കണം. പാഴ് വസ്തുക്കള്‍ വേര്‍തിരിച്ച് നിക്ഷേപിക്കുന്നതിനുള്ള സൗകര്യങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ഉത്സവകമ്മിറ്റികള്‍ തയാറാക്കണം. ഹരിതചട്ടം പാലിക്കുന്നതിനുള്ള സംഘാടനം നടത്തുന്നതിന് പ്രത്യേക സമിതി ഉത്സവകാലഘട്ടത്തില്‍ പ്രവര്‍ത്തിക്കണം. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ചുള്ള ഹരിതചട്ട പാലനം പരിശീലനങ്ങള്‍ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടറുടെ ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ ശുചിത്വമിഷന് ജില്ല കോഓര്‍ഡിനേറ്റര്‍ ജി. വരുണ്‍, മാലിന്യമുക്തം നവകേരളം കോഓര്‍ഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്, മാലിന്യമുക്തം നവകേരളം കര്‍മപദ്ധതി കോഓര്‍ഡിനേറ്റര്‍ പി. സെയ്തലവി, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഹമീദ ജലീസ എന്നിവര്‍ പങ്കെടുത്തു.
ഉത്സവങ്ങളില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍
- കമ്യൂണിറ്റി മൊബിലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ഥി വളണ്ടിയര്‍മാരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും സേവനം ഉപയോഗപ്പെടുത്താം
- ഹരിത ചട്ടങ്ങളെ സംബന്ധിച്ച് ജനങ്ങളെ അറിയിക്കുന്നതിന് ഉത്സവ കമ്മിറ്റികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ റാലി സംഘടിപ്പിക്കാം
- ഉത്സവത്തലേന്നും ഉത്സവം കഴിഞ്ഞയുടനും മാലിന്യം ശേഖരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണം
- ഉത്സവകേന്ദ്രത്തില്നിന്ന് ഹരിതകര്‍മ സേനകളുടെയും ഉത്സവ കമ്മിറ്റി നിയോഗിക്കുന്ന പ്രവര്‍ത്തകരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ അജൈവമാലിന്യം ശേഖരിക്കണം
- ഉത്സവത്തില്‍ പങ്കെടുക്കാന്‍ വരുന്ന പൊതുജനങ്ങള്‍ക്ക് ഹരിത ചട്ടം പാലിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിന് എന്‍.എസ്.എസ്. എന്‍.സി.സി., സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് വാളണ്ടിയര്‍മാരുടെയും സേവനം ഉപയോഗിക്കണം
- എല്ലാ ഉത്സവ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ ഓഫിസ് തുറക്കണം. അവിടെ ഉത്സവകമ്മിറ്റിയുടെയും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും പ്രതിനിധികളെ ചുമതലപ്പെടുത്തണം
- ഉത്സവകേന്ദ്രത്തില് നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉപയോഗം പരിശോധിക്കണം
- ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരം തുണിയിലോ പ്രകൃതി സൗഹൃദ വസ്തുക്കളിലോ നിർമിച്ച ബാനറുകള്‍ മാത്രമെ ഉപയോഗപ്പെടുത്താവൂ
- ശുദ്ധമായ കുടിവെള്ള വിതരണത്തിനുള്ള സംവിധാനങ്ങള്‍ ഉത്സവ കമ്മിറ്റികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ ഏര്‍പ്പെടുത്തണം
- ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന ഭക്ഷണ വിതരണം ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരമാണെന്ന് ഉറപ്പുവരുത്തണം
- ഉത്സവ കേന്ദ്രത്തില്‍ ഡിസ്പോസിബിള്‍ വസ്തുക്കളുടെ കര്‍ശന നിയന്ത്രണം ഉണ്ടാകണം
- ഉത്സവ കേന്ദ്രത്തില്‍ ഉണ്ടാവുന്ന ജൈവമാലിന്യം ഉറവിടത്തില്‍ സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉത്സവ കമ്മിറ്റികളുടെ നേതൃത്വത്തില്‍ തന്നെ ഉണ്ടായിരിക്കണം
- ഉത്സവ കേന്ദ്രത്തില്‍ നിന്നും ശേഖരിച്ച അജൈവ മാലിന്യം ശാസ്ത്രീയമായി സംസ്കരണത്തിനായി തദ്ദേശസ്ഥാപനതല എം.സി.എഫുകളില്‍ ശേഖരിക്കണം
- ഓരോ ഉത്സവ കമ്മിറ്റികള്‍ക്കും അനുയോജ്യമായ രീതിയിലുള്ള താത്ക്കാലിക മെറ്റീരിയല്‍ കളക്ഷന്‍ സെന്റര്‍(അജൈവ മാലിന്യ ശേഖരണ കേന്ദ്രം) നിര്‍മിക്കാം
- പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് വേസ്റ്റ് ബിന്നുകള്‍ ഉത്സവ കേന്ദ്രങ്ങളില്‍ സ്ഥാപിക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.