ഗ്രീൻഫീൽഡ് ഹൈവേ: കരിമ്പയിൽ ഫീൽഡ് സർവേ തുടങ്ങി
text_fieldsകല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേക്ക് സ്ഥലമേറ്റെടുക്കാൻ ജില്ലയിലെ ഫീൽഡ് സർവേ (ജോയന്റ് മെഷർമെന്റ് സർവേ) തുടങ്ങി.മണ്ണാർക്കാട് താലൂക്കിലെ കരിമ്പ (രണ്ട്) വില്ലേജ് പരിധിയിലെ കല്ലടിക്കോട് പറക്കലടി ഭാഗത്താണ് ദേശീയപാത, റവന്യൂ വകുപ്പ് സ്ഥലമേറ്റെടുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സർവേ തുടങ്ങിയത്. 45 മീറ്റർ വീതിയിലാണ് റോഡ് നിർമിക്കാൻ സ്ഥലം വേണ്ടത്. പാലക്കാട് ജില്ലയിൽ ആകെ 277.48 ഹെക്ടർ ഏറ്റെടുക്കും. പാതക്ക് ജില്ലയിൽ 61.440 കി.മീ. ദൈർഘ്യമുണ്ട്.
സ്ഥലമുടമകളുടെ പരാതികൾ എൽ.എ.എൻ.എച്ച് ഡെപ്യൂട്ടി തഹസിൽദാറുടെ നേതൃത്വത്തിൽ നടന്ന തെളിവെടുപ്പിൽ പരിശോധിച്ചിരുന്നു. കലക്ടറുടെ മേൽനോട്ടത്തിൽ ജനപ്രതിനിധികളുടെ യോഗവും വിളിച്ചു. തുടർന്നാണ് സർവേ ആരംഭിച്ചത്. മണ്ണാർക്കാട് താലൂക്കിൽ 13 വില്ലേജുകൾ സ്പർശിച്ചാണ് ഗ്രീൻഫീൽഡ് ഹൈവേ കടന്നുപോകുന്നത്.
ദേശീയപാത സ്ഥലം ഏറ്റെടുപ്പ് റവന്യൂ ഉദ്യോഗസ്ഥരായ ലെയ്സൺ ഓഫിസർ സി. അബ്ദുൽ റഷീദ്, പി.എൻ. ശശികുമാർ, സി. ശശിധരൻ, എം. അബ്ദുൽ റഹീം, എ.ആർ. രതീഷ്, എം. പ്രമോദ് കുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു. സർവേ പൂർത്തിയാവുന്ന മുറക്ക് അതിർത്തി നിർണയിച്ച് കല്ലിടും.
അടുത്തയാഴ്ച മലപ്പുറം ജില്ലയിലും സർവേ തുടങ്ങാനാവുമെന്ന് ഗ്രീൻഫീൽഡ് പാതയുടെ നിർമാണച്ചുമതലയുള്ള പാലക്കാട് ദേശീയപാത വിഭാഗം പ്രോഗ്രാം ഡയറക്ടർ പറഞ്ഞു. പാത അവസാനിക്കുന്ന കോഴിക്കോട് ജില്ലയിൽ ഫീൽഡ് സർവേ ജൂലൈയിൽ ആരംഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.