ഗ്രീൻഫീൽഡ് പാത; ഫീൽഡ് സർവേ പൂർത്തിയായില്ല
text_fieldsകല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായി പാലക്കാട് ജില്ലയിൽ റവന്യു ഉദ്യോഗസ്ഥരുടെ ഫീൽഡ് സർവെ ഇനിയും പൂർത്തിയായില്ല. ഇതോടെ ത്രിമാന വിജ്ഞാപനത്തോടനുബന്ധിച്ച് സർവേ സ്കെച്ച് ഉന്നതോദ്യോഗസ്ഥർക്ക് ലഭിച്ചില്ല.
പാലക്കാട് താലൂക്കിലെ പുതുശ്ശേരി വില്ലേജിൽ ജനുവരി ആദ്യവാരമാണ് സർവേ ആരംഭിച്ചത്. മണ്ണാർക്കാട് താലൂക്കിൽ 90 ശതമാനം പൂർത്തിയായെങ്കിലും പൊറ്റശ്ശേരി വില്ലേജിൽ നടപടി പൂർത്തിയാക്കാനുണ്ട്. ജില്ലയിൽ സർവേക്കായി 13 ഉദ്യോഗസ്ഥരാണുള്ളത്. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതാണ് നടപടി ഇഴയാൻ കാരണം.
15 പേരെകൂടി സർവേക്ക് നിയോഗിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. ഇവർ എത്തുന്നതോടെ വേഗം കൂടും.
പാത കടന്നു പോകുന്ന സ്ഥലങ്ങളിലെ സ്കെച്ച് തെയ്യാറായാൽ സ്ഥലം ഏറ്റെടുപ്പിന്റെ അവസാനഘട്ടമെന്ന നിലയിൽ ത്രിമാന വിജ്ഞാപനം പുറത്തിറക്കും. 2013ലെ ഏറ്റെടുക്കൽ നിയമപ്രകാരമാണ് സ്ഥലം ഏറ്റെടുക്കുന്നത്. ഭൂമിയുടെ നിർണയിച്ച വിലയുടെ രണ്ടര ഇരട്ടി തുകയാവും നഷ്ടപരിഹാരമായി ലഭിക്കുക. സ്ഥലം ഒഴിയാൻ പരമാവധി രണ്ട് മാസം നൽകും. ദേശീയപാത 66 സ്ഥലമെറ്റേടുപ്പ് നിയമം ഗ്രീൻഫീൽഡ് പാതക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് ഈയിടെ സംസ്ഥാന സർക്കാർ ദേശീയപാത അതോറിറ്റിക്ക് കത്തയച്ചിരുന്നു. നിർമിതികളുടെ വില നിർണയിക്കുമ്പോൾ തേയ്മാന ചെലവ് ഒഴിവാക്കണമെന്നാണ് മറ്റൊരു ആവശ്യം.
അതേസമയം, വിളകളുടെ വില നിർണയം ഉയർത്തണമെന്നും ഇരകളുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നവർ ആവശ്യപ്പെടുന്നുണ്ട്. ഭാരത് മാലപദ്ധതിക്ക് കീഴിൽ പാലക്കാട് മുതൽ കോഴിക്കോട് വരെ 121 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് നിർമിക്കുക. പാതക്ക് മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ 547 ഹെക്ടർ സ്ഥലം ഏറ്റെടുക്കും. പാലക്കാട് മാത്രം പാതക്ക് 62 കിലോമീറ്റർ നീളമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.