ഗ്രീൻഫീൽഡ് പാത: ഭൂവുടമകളുടെ ഹിയറിങ് നാളെ മുതൽ
text_fieldsകല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് പാതക്ക് സ്ഥലം ഏറ്റെടുക്കുന്നതിന്റെ മുന്നോടിയായി ഭൂവുടമകളുടെ ഹിയറിങ് ചൊവ്വാഴ്ച ആരംഭിക്കും. നഷ്ടപരിഹാര തുക നൽകുന്നതിന് യഥാർഥ ഉടമയെ കണ്ടെത്താനും നടപടിക്രമങ്ങളുടെ അവസാനഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി പരാതികൾ സ്വീകരിക്കുന്നതിനുമാണ് ഹിയറിങ്.
ജില്ലയിൽ ത്രീ-ഡി വിജ്ഞാപനത്തിൽ ഉൾപ്പെട്ട എട്ട് വില്ലേജുകളുടെ ഹിയറിങ്ങാണ് ആദ്യഘട്ടം. ഏപ്രിൽ ആദ്യവാരത്തിൽ നഷ്ടപരിഹാര തുക ഉടമകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുന്ന രീതിയിൽ നടപടികൾ പുരോഗമിക്കുകയാണെന്ന് സ്ഥലമെടുപ്പ് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.മണ്ണാർക്കാട് താലൂക്കിലെ കോട്ടോപ്പാടം-രണ്ട്, കാരാകുർശ്ശി, കരിമ്പ-ഒന്ന് വില്ലേജുകളിലെ ഭൂവുടമകളുടെ ഹിയറിങ് രാവിലെ 10ന് കരിമ്പ പഞ്ചായത്ത് ഓഫിസിൽ നടക്കും.
കരിമ്പ ഒന്ന് വില്ലേജിലുള്ളവരുടെ ശേഷിക്കുന്നവരുടെ ഹിയറിങ് ഉച്ചതിരിഞ്ഞ് രണ്ടിനാണ്. കരിമ്പ രണ്ട് വില്ലേജിലുള്ളവർക്ക് ബുധനാഴ്ച രാവിലെ 10നും ഉച്ചതിരിഞ്ഞ് രണ്ടിനുമായി മുൻകൂട്ടി അറിയിച്ച സർവേ നമ്പർ പ്രകാരം നടക്കും.സ്ഥലമുടമകൾ ഉടമസ്ഥാവാകാശം സ്ഥീരികരിക്കുന്നതിന് ആവശ്യമായ ആധാരം, കൈവശവകാശ സർട്ടിഫിക്കറ്റ്, ഉദ്യാഗസ്ഥർ നിഷ്കർഷിക്കുന്ന മറ്റ് രേഖകൾ ഉൾപ്പെടെ ഹാജരാവണമെന്ന് ദേശീയപാത സ്ഥലമെടുപ്പ് റവന്യു ഉദ്യോഗസ്ഥർ അറിയിച്ചു.അതേസമയം, സ്ഥലത്തിന്റേയും നിർമിതികളുടെയും മൂല്യനിർണയത്തിന് തേയ്മാന ചെലവ് ഒഴിവാക്കണമെന്ന കേരള സർക്കാരിന്റേയും ഇരകളുടെയും ആവശ്യം ദേശീയപാത അതോറിറ്റിയോ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
2013ലെ ദേശീയപാത സ്ഥലം ഏറ്റെടുപ്പ് നിയമപ്രകാരം അതാത് പ്രദേശങ്ങളിലെ സ്ഥലങ്ങളുടെ ഏറ്റവും ഉയർന്നവിലയുടെ ഇരട്ടി തുകയാണ് സ്ഥലങ്ങളുടെ വില നിർണയത്തിന് മാനദണ്ഡമാക്കുക.കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള നിർമിതികളുടെ തേയ്മാനം അഥവ പഴക്കം പരിഗണിക്കാതെ ദേശീയപാത 66 സ്ഥലമെടുപ്പ് പ്രകാരം നഷ്ടപരിഹാരം നിർണയിക്കണമെന്നാണ് കേരളം ആവശ്യമുന്നയിച്ചിരുന്നത്. ഇതേ ആവശ്യമുന്നയിച്ച് കേന്ദ്ര ഉപരിതലമന്ത്രി നിതിൻ ഗഡ്ഗരിക്ക് പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് കോഓഡിനേഷൻ കമ്മിറ്റി നേരിട്ട് നിവേദനവും നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.