ഗ്രീൻഫീൽഡ് പാത; പാരിസ്ഥിതിക അനുമതി തെളിവെടുപ്പ് ശുഷ്കം
text_fieldsപാലക്കാട്: പാലക്കാട് മുതൽ കോഴിക്കോട് വരെ നാലുവരി ഗ്രീൻഫീൽഡ് ദേശീയപാത പദ്ധതിയുടെ പാരിസ്ഥിതിക അനുമതി ലഭിക്കാനുള്ള പൊതുതെളിവെടുപ്പിന് അഭിപ്രായം രേഖപ്പെടുത്താൻ എത്തിയത് അഞ്ചുപേർ. ഇതിൽ മൂന്നുപേർ പ്രത്യേകം ക്ഷണിക്കപ്പെട്ട പഞ്ചായത്ത് ഭരണസമിതി അംഗങ്ങളാണ്.
ജില്ലയിലെ 13 പഞ്ചായത്തുകളും പാലക്കാട് നഗരസഭയും ഉൾകൊള്ളുന്ന ജില്ലയിലെ 113 കിലോ മീറ്ററിലൂടെയാണ് പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൾഡ് പാത കടന്നുപോകുന്നത്. പാരിസ്ഥിതിക-സാമൂഹിക പ്രാധാന്യമേറെയുള്ള തെളിവെടുപ്പായിട്ടും ആളെത്താത്തത് സംഘാടകരായ മലിനീകരണ നിയന്ത്രണബോർഡ് അധികൃതരിലും എത്തിയ നാട്ടുകാരിലും അമ്പരപ്പുണ്ടാക്കി.
നഷ്ടപരിഹാരം സംബന്ധിച്ചും തെളിവെടുപ്പിൽ ആളെത്താത്തത് സംബന്ധിച്ചും പാരിസ്ഥിതിക ആഘാതം സംബന്ധിച്ചും തെളിവെടുപ്പിനെത്തിയവർ ആശങ്ക പ്രകടിപ്പിച്ചു. തച്ചമ്പാറ, തെങ്കര പഞ്ചായത്തുകളെ അഞ്ച് കിലോമീറ്റർ പഞ്ചായത്തുകളെ രണ്ടായി പിളർത്തിയാണ് നിർദിഷ്ട ഗ്രീൻഫീൾഡ് കടന്നുപോകുന്നതെന്ന് കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദിഖ് ചേപ്പാട് അഭിപ്രായപ്പെട്ടു.
കാഞ്ഞിരപ്പുഴ ഉദ്യാനത്തോട് ചേർന്നാണ് പാത കടന്നുപോകുന്നത്. ശിരുവാണി പുഴയെ സംബന്ധിച്ച് ഒന്നും പറയുന്നില്ല. വന്യജീവി ആക്രമണത്തെക്കുറിച്ചും മിണ്ടുന്നില്ല. 45 മീറ്റർ മാത്രമുള്ള റോഡിൽ എവിടെയാണ് ബസ് ബേകൾ നിർമിക്കുന്നതെന്നത് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
14 തദ്ദേശസ്ഥാപനങ്ങൾ ഉണ്ടായിട്ടും കൂടുതൽ പ്രതിനിധികൾ എത്താത്തത് സംബന്ധിച്ച് അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ ആശങ്ക പ്രകടിപ്പിച്ചു.
സ്ഥലം പോകുന്ന ഗുണഭോക്താക്കളെ തെളിവെടുപ്പിന് വിളിച്ചില്ലെന്ന് അവർ പരാതിപ്പെട്ടു. പഞ്ചായത്തിലെ മാലിന്യസംസ്കരണ കേന്ദ്രത്തിനരികിലൂടെയാണ് പാത കടന്നുപോകുന്നത്. പ്ലാന്റിന് പ്രവർത്തിക്കാനാകുമോ, പാത കീറിമുറിച്ചുപോകുന്ന ഭാഗങ്ങൾ മുമ്പ് ചേർന്നിരുന്ന മേഖലയുമായി ബന്ധപ്പെടാനാകാതെ ഒറ്റപ്പെട്ടുപോകുമോ എന്നീ സംശയങ്ങളും ഉന്നയിച്ചു.
നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തതയില്ലെന്നും ആരോപിച്ചു. ഭൂമി നഷ്ടപ്പെടുന്നവർക്ക് കൃത്യമായി നഷ്ടപരിഹാരം നൽകണമെന്ന് മുണ്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സി. ശിവദാസ് ആവശ്യപ്പെട്ടു.
പല പാരിസ്ഥിതി ആഘാത ലഘൂകരണ നടപടികളും പദ്ധതി രേഖയിൽ ഉണ്ടാവുമെങ്കിലും യാഥാർഥ്യത്തിൽ അത് നടക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതുതെളിവെടുപ്പിന് സ്ഥലം വിട്ടുനൽകിയ സെബാസ്റ്റ്യൻ ജോൺ ദേശീയപാതയോട് ചേർന്ന് നിൽക്കുന്ന ഭൂമിക്ക് കൂടുതൽ പ്രതിഫലത്തിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി വിധിയുണ്ടെന്ന് ബോധിപ്പിച്ചു.
ആകെ വരുമാനമായ ട്യൂഷൻ ക്ലാസും വീടും പോകുമെന്ന ആശങ്കയാണ് മരുതറോഡ് പഞ്ചായത്ത് നിവാസി ബേബി പങ്കുവെച്ചത്. റോഡിനോട് ചേർന്ന പ്രദേശമാണെങ്കിലും കൃത്യമായ നഷ്ടപരിഹാരം ലഭ്യമാക്കാത്തതിൽ ദു:ഖം പ്രകടിപ്പിച്ചു.
ചട്ടം പാലിച്ച് ഒരുമാസം മുമ്പ് പത്രപ്പരസ്യം കൊടുത്തിരുന്നുവെന്ന് മാലിന്യം നിയന്ത്രണ ബോർഡ് അധികൃതർ തെളിവെടുപ്പിന് എത്തിയവരെ അറിയിച്ചു. തദ്ദേശസ്ഥാപനങ്ങളെ അറിയിക്കുകയും ബാനർ കെട്ടുകയും ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് കോഴിക്കോട് മേഖല ചീഫ് എൻജിനീയർ സിന്ധു രാധാകൃഷ്ണൻ, ജില്ല ഡപ്യൂട്ടി കലക്ടർമാരായ റേച്ചൽ, റെജി പി. ജോസഫ്, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.