ഗ്രീൻഫീൽഡ് പാത; ത്രീഡി വിജ്ഞാപനം പൂർത്തിയായി
text_fieldsകല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് പാതക്ക് സ്ഥലം ഏറ്റെടുക്കുന്ന അവസാന ഘട്ട പ്രക്രിയയുടെ ഭാഗമായി അഞ്ച് വില്ലേജുകളുൾപ്പെടെ ഒമ്പത് മേഖലകളുടെ കൂടി ത്രീഡി വിജ്ഞാപനം ദേശീയ പാത അതോറിറ്റി ഇന്ത്യൻ ഗസറ്റിൽ പ്രസിദ്ധീകരിച്ചു.
പാലക്കാട് രണ്ടാം ബ്ലോക്ക് 76, 60, മലമ്പുഴ രണ്ടാം ബ്ലോക്ക് 38,37, അകത്തേത്തറ ബ്ലോക്ക് 25, 24, പൊറ്റശ്ശേരി ഒന്നാം ബ്ലോക്ക് ഒമ്പത്, പയ്യനടം ബ്ലോക്ക് 22, അലനല്ലൂർ മൂന്ന് എന്നിവയുടെയാണ് പ്രസിദ്ധീകരിച്ചത്. ഇതോടെ ജില്ലയിലെ മണ്ണാർക്കാട്, പാലക്കാട് താലൂക്കുകളിലെ ഹൈവെ സ്പർശിച്ച് പോകുന്ന മുഴുവൻ പ്രദേശങ്ങളുടെയും ത്രിമാന വിജ്ഞാപനം പൂർത്തിയായി. ജില്ലയിൽ 61.440 കിലോമീറ്റർ ദൈർഘ്യമാണ് പാതക്കുള്ളത്. ആദ്യഘട്ട വിജ്ഞാപന പട്ടികയിലുള്ളവരുടെ ഹിയറിങ് പൂർത്തിയായി. ബാക്കിയുള്ള പ്രദേശവാസികളുടെ ഹിയറിങ് അടുത്തയാഴ്ച തുടങ്ങും. നഷ്ടപരിഹാര തുകക്ക് അർഹത തെളിയിക്കുന്ന ആധാരമുൾപ്പെടെയുള്ള 15 നിശ്ചിത രേഖകൾ ഭൂവുടമ ഹിയറിങ് സമയത്ത് ഹാജരാക്കണം. മിക്കവാറും ഏപ്രിൽ ആദ്യവാരത്തിൽ തന്നെ ഉടമ നൽകുന്ന ബാങ്ക് അക്കൗണ്ട് നമ്പറുകളിലേക്ക് നഷ്ടപരിഹാരം കൈമാറാൻ നടപടി സ്വീകരിക്കും.
പാത കടന്നുപോകുന്ന പ്രദേശങ്ങളിൽ വിജ്ഞാപനത്തിലുൾപ്പെടാത്ത സ്ഥലങ്ങളുണ്ടെങ്കിൽ അവയുടെ പ്രത്യേക വിജ്ഞാപനം പുറത്തിറക്കുമെന്നും ദേശീയപാത സ്ഥലമെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.