ഗ്രീൻഫീൽഡ് പാത; സ്ഥലം കൈമാറ്റം രണ്ട് മാസത്തിനകം പൂർത്തിയാക്കും
text_fieldsകല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് പാതക്ക് ഭൂവുടമകൾ ദേശീയപാത അതോറിറ്റിക്ക് സ്ഥലം കൈമാറുന്ന പ്രക്രിയ അടുത്ത മാസം അവസാനം ആരംഭിക്കും. പ്രാരംഭഘട്ടമെന്ന നിലയിൽ സർവേ മുതൽ മൂല്യനിർണയം വരെ അഞ്ച് ഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായ വില്ലേജുകളിലാണ് ആദ്യമായി നഷ്ടപരിഹാരം ഉടമകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറുക. ഈ പ്രക്രിയക്ക് മുന്നോടിയായി വിശദമൂല്യനിർണയ സർവേ ഓരോ ഉടമകൾക്കും വരും ദിവസങ്ങളിൽ നൽകും.
രണ്ട് മാസത്തിനകം സ്ഥലം ഉടമ ദേശീയപാത അതോറിറ്റിക്ക് (എൻ.എച്ച്.എ.ഐ) കൈമാറണം. ഇതോടെയാവും നഷ്ടപരിഹാരം ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുക.
ഭൂമി സ്ഥിതി ചെയ്യുന്ന ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ പരിഗണിച്ചാണ് വില നിർണയം പൂർത്തിയാക്കിയത്. നിർമിതികളുടെ കാലപ്പഴക്കം പരിഗണിക്കുന്നത് ഒഴിവാക്കണമെന്ന ആവശ്യം പരിഗണിച്ച് തേയ്മാന ചെലവ് കണക്കാക്കാതെയാണ് മൂല്യനിർണയം നടത്തിയത്. ഭൂമിയുടെ വില നിർണയം പൊതുനിരത്തുകളുടെ സാന്നിധ്യം പരിഗണിച്ചാണ് നിജപ്പെടുത്തിയത്. കൃഷിയോഗ്യമായ ഭൂമിക്കും പുരയിടത്തിനും പ്രത്യേകം പ്രത്യേകം വിലനിർണയിച്ചിട്ടുണ്ട്.
പ്രാരംഭ ഘട്ടമെന്ന നിലയിൽ പാലക്കാട്, മണ്ണാർക്കാട് താലൂക്കുകളിലെ വില്ലേജുകളിലാണ് കൈമാറ്റം. ഇവയിൽ കരിമ്പ ഒന്ന്, രണ്ട്, തച്ചമ്പാറ, മരുത റോഡ് വില്ലേജുകളിലെ ഏകദേശം ആയിരത്തിൽപരം ഗുണഭോക്താക്കളായ ഭൂവുടമകൾ ഉൾപ്പെടുമെന്ന് ദേശീയ പാത സ്ഥലമെടുപ്പ് ഉന്നത ഉദ്യോഗസ്ഥൻ മാധ്യമത്തോട് പറഞ്ഞു.
ഗ്രീൻഫീൽഡ് ഹൈവേക്ക് സ്ഥലമെടുപ്പിന് പ്രാരംഭ പ്രവർത്തനമെന്ന നിലയിൽ സർവേ നടപടികൾ വൈകിയത് ആവശ്യത്തിന് ജീവനക്കാരുടെ അഭാവമാണ്. ഇതിനകം നഷ്ടപരിഹാരം തീരെ കിട്ടില്ലെന്ന ആധി മൂലം രണ്ട് ഭൂവുടമകൾ ആത്മഹത്യ ചെയ്തു. ജോലിയുടെ പിരിമുറുക്കത്തിനിടയിൽ ഒരു റവന്യൂ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു.
പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഉൾനാടൻ ഹരിത മേഖല വഴിയാണ് പരമാവധി 100 കിലോമീറ്റർ വേഗതയിൽ ഭീമൻ ചരക്കു വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന ഗ്രീൻ ഫീൽഡ് പാത ഒരുങ്ങുക.
പട്ടണപ്രദേശങ്ങളെ ഒഴിവാക്കി കുരുക്കും വളവുമില്ലാത്ത ഹരിതപാത വടക്കൻ മലബാറിന്റെ വ്യവസായിക ചരിത്രത്തിൽ സുപ്രധാന നാഴികക്കല്ലാവും. പാലക്കാട് ജില്ലയിലെ മരുതറോഡ് മുതൽ എടത്തനാട്ടുകര വരെയുള്ള 22 വില്ലേജുകളിലെ ഗ്രാമീണ മേഖല സ്പർശിച്ചാണ് പാത കടന്ന് പോവുക.121.006 കിലോമീറ്ററാണ് പാതയുടെ ആകെ ദൈർഘ്യം. 61.44 കിലോമീറ്റർ ദൈർഘ്യമാണ് പാലക്കാട് ജില്ലയിലുണ്ടാവുക.
ദേശീയപാതയിലെ മരുതറോഡ് മുതൽ കോഴിക്കോട് ദേശീയപാത 66 ലെ പന്തീരങ്കാവിലാണ് റോഡ് ചെന്നെത്തുക. ഒരു വർഷം മുമ്പാണ് പാലക്കാട് ജില്ലയിൽ സംയുക്ത സർവെ നടപടി തുടങ്ങിയത്.
തുടക്കത്തിൽ ഒരു ഡെപ്യൂട്ടി തഹസിൽദാരുൾപ്പെടെ നാല് റവന്യു ഉദ്യാഗസ്ഥരാണ് 2022 ആഗസ്റ്റ് ആദ്യം പ്രാരംഭം കുറിച്ച ഗ്രീൻഫീൽഡ് ഹൈവേ പാലക്കാട് ജില്ല തല ഓഫിസിലുണ്ടായിരുന്നത്. ഉന്നത ഉദ്യോഗസ്ഥരെ നിയമിച്ച് ഏഴാം മാസത്തിലാണ് സർവേക്ക് ആവശ്യമായ ആറ് അംഗ ടീമിനെ ഡെപ്യൂട്ടേഷൻ വഴി നിയമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.