കൂട്ട സസ്പെൻഷൻ; എക്സൈസിൽ മുറുമുറുപ്പ്
text_fieldsപാലക്കാട്: പാലക്കാട് എക്‌സൈസ് ഡിവിഷൻ ഓഫിസ് കേന്ദ്രീകരിച്ച് നടത്തിയ വിജിലൻസ് റെയ്ഡിൽ പത്ത് ലക്ഷത്തിലധികം രൂപ പിടിച്ചെടുത്ത സംഭവത്തിൽ ഏതാനും ചില ഉദ്യോഗസ്ഥരെ ബലിനൽകി അധികൃതർ തടിതപ്പുന്നെന്ന്. യഥാർഥ പ്രതികൾ ഇപ്പോഴും പരിധിക്ക് പുറത്താണെന്ന് ഉദ്യോഗസ്ഥർതന്നെ പറയുന്നു.
ജില്ലയിലെ ഡെപ്യൂട്ടി എക്സൈസ് കമീഷണറടക്കം 14 ജീവനക്കാരെയാണ് സർക്കാർ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തത്. കള്ളുഷാപ്പ് ലൈസന്‍സ് പുതുക്കലുമായി ബന്ധപ്പെട്ട് വിവിധ എക്‌സൈസ് ഓഫിസുകളില്‍ വിതരണം ചെയ്യാൻ കരുതിയിരുന്ന കൈക്കൂലിയായി ലഭിച്ച തുകയാണ് വിജിലൻസ് റെയ്ഡിൽ പിടിച്ചെടുത്തത്. പാലക്കാട് എക്‌സൈസ് ഡിവിഷൻ ഓഫിസ് കേന്ദ്രീകരിച്ച് നടന്ന ഇടപാടിൽ ഡിവിഷൻ ഓഫിസിലെ നാല് ജീവനക്കാരെ മാത്രമാണ് സസ്പെൻഡ് ചെയ്തത്. ഈ ഓഫിസിലെ മറ്റ് 13 ജീവനക്കാരിൽ പലർക്കും ഈ മദ്യലോബിയുമായി ബന്ധമുള്ളതായി ആക്ഷേപമുണ്ട്.
വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിൽ എക്സൈസ് ഇന്‍റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ജോയന്‍റ് എക്സൈസ് കമീഷണർ വിശദമായ അന്വേഷണം നടത്താതെയാണ് നടപടിക്ക് ശിപാർശ ചെയ്തതത്രെ. സംഭവുമായി ബന്ധമില്ലാത്തവരെയും സസ്പെൻഡ് ചെയ്തതായി പരാതിയുണ്ട്. ജില്ലയിലെ എക്സൈസ് ഇന്‍റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ മതിയായ ജാഗ്രത കാണിക്കാത്തതാണ് പൊലീസ് വിജിലൻസിന്‍റെ ഇടപെടലിലേക്ക് നയിച്ചതെന്നാണ് എക്സൈസ് വിലയിരുത്തൽ.
എക്സൈസ് വകുപ്പിൽ മതിയായ ഉദ്യോഗസ്ഥരും സംവിധാനങ്ങളുമുണ്ടായിരിക്കെ ഒരുവിഭാഗത്തിന്‍റെ അഴിമതി നിറഞ്ഞ സമീപനമാണ് വില്ലനാവുന്നതെന്ന് ഉദ്യോഗസ്ഥതലത്തിൽതന്നെ വിമർശനമുയർന്നുകഴിഞ്ഞു. പൊലീസ് വിജിലൻസ് അബ്കാരി കേസുകൾ പിടികൂടുന്നത് എക്സൈസിന് നാണക്കേട് ഉണ്ടാക്കിയതോടെ ഏതാനും പേർക്കെതിരെ കടുത്ത നടപടി എടുത്ത് മുഖം രക്ഷിക്കാനാണ് അധികൃതരുടെ ശ്രമമെന്നും വിമർശനമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.