ചിങ്ങത്തിലെ മഴയിൽ വിളയുന്നത് ദുരിതം; കൊയ്ത്തിന് പാകമാകുന്ന നെൽകൃഷി നശിക്കുന്നു
text_fieldsആലത്തൂർ: ചിങ്ങമാസം പകുതി പിന്നിട്ടപ്പോൾ തുടങ്ങിയ മഴ കാർഷിക മേഖലയിൽ നെൽകർഷകർക്ക് ദുരിതം വിതക്കുന്നു. നേരത്തേ വിത നടത്തിയ വയലുകളിൽ വിളവെടുപ്പ് സമയത്താണ് മഴയെത്തിയത്. ഇതോടെ കതിരായ നെൽച്ചെടികൾ വീഴുകയാണ്. രണ്ടാഴ്ച നല്ല വെയിൽ കിട്ടിയാൽ കൊയ്ത്തിന് പാകമാകുന്ന വയലുകളിലെ കൃഷിയാണ് കനത്ത മഴയിൽ ചെടികൾ വീണ് നശിക്കുന്നത്.
വെള്ളത്തിൽ വീണ് കിടക്കുന്നതിനാൽ തണ്ട് ചീത്ത് നെൽക്കതിർ നശിക്കുകയും കൊഴിയുന്ന നെന്മണികൾ മുളക്കുകയും ചെയ്യും. കടം വാങ്ങിയും മറ്റുമായി സ്വരൂപിച്ച പണമിറക്കി കൃഷിയിറക്കിയത്.
പത്തിരിപ്പാല: അപ്രതീക്ഷിത മഴയും കാട്ടുപന്നി ശല്യവും മൂലം കർഷകർ ദുരിതത്തിൽ. ലെക്കിടി-പേരൂർ പഞ്ചായത്തിലെ പേരൂർ കയ്പയിൽ പാടശേഖരത്തിലാണ് കാട്ടുപന്നി ശല്യം കാരണം കർഷകർ പൊറുതിമുട്ടിയത്. കൊയ്യാൻ ദിവസങ്ങൾ ബാക്കിയിരിക്കെയാണ് സംഭവം. പേരൂർ കയ്പയിൽ കല്ലിങ്കൽ മാധവെൻറ ഒന്നര ഏക്കർ വരുന്ന കൊയ്യാറായ നെൽകൃഷിയാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. കാട്ടുപന്നി ശല്യത്തിന് പുറമെ മഴയും കർഷകർക്ക് ദുരിതമായി.
മഴ പെയ്തതോടെ വിളവ് കുറയാനാണ് സാധ്യതയെന്ന് മങ്കര വെസ്റ്റ് അതിർകാട് പാടശേഖരത്തിലെ കർഷകർ പറയുന്നു. കതിരിൽ നെന്മണി വിരിയുന്ന സമയത്താണ് മഴ തുടങ്ങിയത്. മഴ കൊള്ളുന്നതോടെ അരിമണി പതിരായി മാറുമ്പോൾ വിളവ് പൂർണമായും കുറയും. കഴിഞ്ഞ വർഷം സെപ്റ്റംബർ 10ന് കൊയ്ത്ത് തുടങ്ങിയെങ്കിലും ഇക്കുറി മഴയെ തുടർന്ന് ഒരുമാസം കഴിയേണ്ട അവസ്ഥയാണെന്ന് കർഷകർ പറയുന്നു.
മൂടിക്കെട്ടിയ ആകാശവും ഇടക്കിടക്ക് ചെയ്യുന്ന മഴയും വിളവിനെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.