അട്ടപ്പാടി ഊരുകളിൽ ആരോഗ്യപദ്ധതി
text_fieldsപാലക്കാട്: അട്ടപ്പാടി ആദിവാസി ഊരുകളിലെ കുട്ടികളിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍, ലഹരി ഉപയോഗം, പോഷകാഹാരക്കുറവ്, ശിശുമരണം, അർബുദം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ കണ്ടെത്തി പരിശോധിക്കാൻ മലബാര്‍ കാന്‍സര്‍ സെന്ററുമായി സംയോജിച്ച് പ്രവര്‍ത്തിക്കാന്‍ ബാലാവകാശ കമീഷന്‍ പ്രവര്‍ത്തന പദ്ധതി.
അട്ടപ്പാടി ട്രൈബല്‍ ഓഫിസര്‍ ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്തി ബാലാവകാശ കമീഷന്റെ മേല്‍നോട്ടത്തില്‍ പദ്ധതി പ്രവര്‍ത്തനം അടുത്ത ദിവസം മുതല്‍ ആരംഭിക്കുമെന്ന് കമീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ്കുമാര്‍ പറഞ്ഞു. ആദിവാസി മേഖലകളിലെ കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാൻ അഗളി കില സെന്ററില്‍ ബാലാവകാശ കമീഷനും മലബാര്‍ കാന്‍സര്‍ സെന്ററും സംയുക്തമായി നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഗളി കില സെന്ററില്‍ നടന്ന യോഗത്തില്‍ കമീഷന്‍ അംഗം വിജയകുമാര്‍, ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ മോഹനന്‍, ജില്ല ശിശു സംരക്ഷണ ഓഫിസര്‍ എസ്. ശുഭ, ശിശു സംരക്ഷണ ഓഫിസ് ജീവനക്കാരായ ജെന്‍സണ്‍ ചെറിയാന്‍, അനസ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
ഐ.സി.ഡി.എസ്, പൊലീസ്, എക്സൈസ്, ആരോഗ്യം, വിദ്യാഭ്യാസം, എസ്.സി, എസ്.ടി, സാമൂഹിക നീതി, ചൈല്‍ഡ് ലൈന്‍, പഞ്ചായത്ത്, സി.ഡി.പി.ഒമാര്‍, ലേബര്‍ വകുപ്പ്, കുടുംബശ്രീ, എന്‍.ജി.ഒ പ്രതിനിധികള്‍ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.