രോഗക്കിടക്കയിലും ജനങ്ങളുടെ വിളികേട്ടയാൾ
text_fieldsഒറ്റപ്പാലം: അസുഖബാധിതനായി ചികിത്സ തേടുമ്പോഴും കിടക്കയിൽ ഒതുങ്ങിക്കിടക്കുന്ന നേതാവായിരുന്നില്ല ഉമ്മൻ ചാണ്ടി. ആൾക്കൂട്ടവും അവരുടെ സങ്കടങ്ങളും സന്തോഷങ്ങളും ഒരുപോലെ അദ്ദേഹത്തെ സദാ മാടിവിളിച്ചിരുന്നു. വേദനകളും ക്ഷീണവും മറന്ന് അവർക്കൊപ്പം ഇറങ്ങിപ്പുറപ്പെടുമ്പോൾ പലപ്പോഴും ആരോഗ്യപ്രവർത്തകരുടെ മുന്നറിയിപ്പുകളെ പോലും വിനയത്തോടെ തിരസ്കരിക്കുന്ന പ്രകൃതം.
ഒറ്റപ്പാലം പാലപ്പുറത്ത് സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ചികിത്സക്ക് ഉമ്മൻ ചാണ്ടിയെത്തിയത് 2022 ആഗസ്റ്റ് 22നാണ്. ആ ദിവസങ്ങളെ ആശുപത്രി അധികൃതർ ഓർത്തെടുക്കുമ്പോൾ ഉമ്മൻ ചാണ്ടിയുടെ വിശ്രമമില്ലാത്ത പൊതുജീവിതത്തിന്റെ നേർക്കാഴ്ച കൂടിയാവും അത്. ഭാര്യക്കും മകൻ ചാണ്ടി ഉമ്മനുമൊപ്പമാണ് ആശുപത്രിയിൽ എത്തിയത്.
ഇതിനും ഒന്നരവർഷം മുമ്പ് മകൻ ചാണ്ടി ഉമ്മൻ വന്ന് മരുന്ന് കൊണ്ടുപോവുകയും നാല് നാളത്തെ മരുന്നിലൂടെ അസുഖത്തിന് ശമനം ഉണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നതായി ഡോ. പി. സേതുമാധവൻ പറഞ്ഞു. ആറ് മാസത്തിനുശേഷം വിദേശത്ത് ചികിത്സക്ക് പോവുകയും അർബുദം അല്ലെന്ന നിലപാടിൽ നാട്ടിലേക്ക് മടങ്ങുകയുമായിരുന്നു. തുടർന്ന് നാട്ടിൽ നടത്തിയ എൻഡോസ്കോപ്പി പരിശോധനയിൽ വോക്കൽ കോഡിന് തകരാർ സംഭവിക്കുകയും ശബ്ദമില്ലാത്ത അവസ്ഥ നേരിടുകയും ചെയ്തതോടെയാണ് പാലപ്പുറത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആദ്യ രണ്ടുദിവസവും അധികൃതർ സന്ദർശകരെ അനുവദിച്ചിരുന്നില്ല. പക്ഷേ, മൂന്നാംദിവസം ഉമ്മൻ ചാണ്ടി അധികൃതരോട് അറിയിച്ചു ‘ഇങ്ങനെ ആരെയും കാണാതെയും കേൾക്കാതെയും കഴിയാൻ വയ്യ’. ആരോഗ്യപരിമിതികളോ ക്ഷീണമോ ഒന്നും അദ്ദേഹത്തിന് മുന്നിൽ അപ്പോഴുണ്ടായിരുന്നില്ല. അത്യാവശ്യങ്ങളുമായി കാണാനെത്തിയവർക്ക് മുന്നിൽ വാതിലുകൾ തുറന്നതോടെ മനസ്സ് ശാന്തമായി. ഇതിനിടെ കോട്ടയത്ത് പലയിടത്തുമുണ്ടായ മിന്നൽ പ്രളയത്തിന്റെ വാർത്തയെത്തിയതോടെ പുതുപ്പള്ളി മണ്ഡലം എം.എൽ.എ വീണ്ടും അസ്വസ്ഥനായി. എത്രയും വേഗം തിരിച്ചു പോകണമെന്ന നിലപാടിലായിരുന്നു പിന്നീടെന്ന് ആശുപത്രി സ്ഥാപകനും ചീഫ് ഫിസിഷ്യനുമായ ഡോ.പി. സേതുമാധവൻ ഓർത്തെടുക്കുന്നു.
അത്തം നാളിൽ ആശുപത്രിയിൽ ഒരുക്കിയ ഓണസദ്യയിലും അദ്ദേഹം പങ്കെടുത്തു. 14 ദിവസത്തെ ചികിത്സ പൂർത്തിയാക്കി മടങ്ങുമ്പോൾ മുടങ്ങിക്കിടക്കുന്നതും തുടരേണ്ടതും പുതിയതുമായ നുറുകണക്കിന് ദൗത്യങ്ങളായിരുന്നു പ്രിയപ്പെട്ടവരുടെ ‘ഓസി’യുടെ മനസ്സുനിറയെ. പോകുന്നിടത്തെല്ലാം സഹജീവികളെ ചേർത്തുപിടിച്ച് പ്രതിസന്ധികളിലും പ്രശ്നങ്ങളിലും അവരോടൊപ്പം നടന്ന പ്രിയ നേതാവിന്റെ ഓർമകളാണ് നാടെങ്ങും. പാലപ്പുറത്തിനും പറയാനുള്ളത് ആ നന്മയുടെ കഥകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.