തകർന്ന വീട്ടിൽ കരളലിയുന്ന കാഴ്ച; കരുണതേടി അമ്മയും മകനും
text_fieldsപറളി: കാറ്റൊന്നാഞ്ഞുവീശിയാൽ, മഴയൊന്നുകനത്താൽ നബീസയുടെ മനസിൽ ആധിയാണ്. ഇവർ താമസിക്കുന്ന വീട് ഏതുനിമിഷവും നിലംപൊത്താം. അതുകൊണ്ടുതന്നെ മഴയുള്ള രാത്രികളിൽ നബീസ ഉറങ്ങാറില്ല. രോഗിയായ മകനെ ചേർത്തുപിടിച്ച് നേരംവെളുപ്പിക്കും. പറളി ചന്തപ്പുരയിൽ സുന്നി മസ്ജിദിനു സമീപത്തായാണ് 74കാരിയായ നബീസയും മകൻ 48കാരനായ സിറാജുദ്ദീനും താമസിക്കുന്നത്. 46 വർഷം മുമ്പ് ഭർത്താവ് മരിച്ചതിനു ശേഷം രണ്ടു പെൺമക്കളെയും മകനെയും നബീസ കഠിനാധ്വാനത്തിലൂടെ വളർത്തി വലുതാക്കി.
പെൺമക്കൾ രണ്ടിനെയും വിവാഹം ചെയ്തയച്ചു. ഏക മകനിൽ പ്രതീക്ഷ അർപ്പിച്ച നബീസക്ക് പക്ഷെ, ജീവിതം കയ്പേറിയതായി. മകൻ ഭിന്നശേഷിക്കാരനായതോടെ നബീസയുടെ സ്വപ്നങ്ങളുടെ നിറം കെട്ടു. 74ാം വയസിൽ മകനെയും സംരക്ഷിച്ച് കഴിയുന്ന നബീസയുടെ ഏക ആശയം തനിക്കും മകനും കിട്ടുന്ന ക്ഷേമ പെൻഷൻ മാത്രമാണ്. ഇരുവരും താമസിക്കുന്ന വീട് ദ്രവിച്ചും ചോർന്നൊലിച്ചും ഏതു സമയത്തും തകർന്നു വീഴാവുന്ന നിലയിലാണ്. അടുക്കള ഭാഗം വീണ് നശിച്ചതോടെ വെപ്പും കിടത്തവും എല്ലാം ഒറ്റമുറിയിലായി. ഒറ്റമുറിയുടെ മേൽക്കൂരയും ചിതലരിച്ച് ഏതുസമയവും വീഴുന്ന നിലയിലാണ്.
ഭയവിഹ്വലരായാണ് രണ്ടു ജീവനുകൾ ഇവിടെ തല ചായ്ക്കുന്നത്. വീടിന്നായി പഞ്ചായത്തിൽ മൂന്നു വർഷമായി അപേക്ഷ നൽകി കാത്തിരിക്കുകയാണ് നബീസയും മകനും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.