ഉഷ്ണതരംഗ ഭീഷണിയിൽ...
text_fieldsപാലക്കാട്: ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിലെ ചില പ്രദേശങ്ങളില്‍ വ്യാഴാഴ്ച വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര ചൂട് രേഖപ്പെടുത്തിയതിന്റെയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപനമുള്ള സാഹചര്യത്തില്‍ മെഡിക്കല്‍ കോളജ് ഒഴികെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സമ്മര്‍ ക്ലാസുകള്‍, സ്വകാര്യ ട്യൂഷന് സെന്ററുകള്‍, സ്കൂളുകളിലെ അഡീഷനല്‍ ക്ലാസുകള്‍ എന്നിവക്കും ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്പേഴ്സൻ കൂടിയായ ജില്ല കലക്ടര്‍ ഡോ. എസ്. ചിത്ര മേയ് രണ്ടുവരെ അവധി പ്രഖ്യാപിച്ചിരുന്നു. തീരുമാനം നടപ്പാകുന്നുവെന്ന് ഉറപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. മേയ് രണ്ട് വരെ കാലയളവില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയിൽപെട്ടാല്‍ പൊതുജനാരോഗ്യ സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കാന്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് നിർദേശമുണ്ട്. കായികപരിശീലനങ്ങള്‍, മത്സരങ്ങള്‍, ക്യാമ്പുകള്‍ തുടങ്ങിയവ യാതൊരു കാരണവശാലും രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ നടത്താന്‍ പാടില്ല. പ്രസ്തുത വിഷയത്തില്‍ ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി നിരിക്ഷണം ഉറപ്പാക്കണം.
ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണെന്നും പൊതുജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. നിലവില്‍ സൂര്യാഘാതവും സൂര്യാതപവും ഏല്ക്കാന് സാധ്യത കൂടുതലാണെന്നും സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കര്‍ശനമായി പാലിക്കേണ്ട നിര്‍ദേശങ്ങള്‍
- പകല്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക
- ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാതരം പുറം ജോലികളും കായിക വിനോദങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുക
- ധാരാളം വെള്ളം കുടിക്കുക
- അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോള്‍ കുടയും പാദരക്ഷയും ഉപയോഗിക്കുക
- കായികാധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഇടവേളകള്‍ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയില്‍ ഏര്‍പ്പെടുക
- നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ചായ, കാപ്പി എന്നിവ പകല്‍ സമയത്ത് ഒഴിവാക്കുക
- വൈദ്യുത ഉപകരണങ്ങള്‍ നിരന്തര ഉപയോഗം മൂലം ചൂട് പിടിച്ചും വയര്‍ ഉരുകിയും തീപിടിത്തത്തിന് സാധ്യതയുള്ളതിനാല്‍ ഓഫിസുകളിലും വീടുകളിലും ഉപയോഗ ശേഷം ഇവ ഓഫ് ചെയ്യേണ്ടതാണ്. രാത്രിയില്‍ ഓഫിസുകളിലെയും ഉപയോഗമില്ലാത്ത മുറികളിലെയും ഫാന്‍, ലൈറ്റ്, എ.സി എന്നിവ ഓഫ് ചെയ്യുക
- വീട്ടിലും ഓഫിസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക
- മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്), ചപ്പ് ചവറുകളും ഉണങ്ങിയ പുല്ലും ഉള്ള ഇടങ്ങള്‍ എന്നിവടങ്ങളില്‍ തീപിടിത്ത സാധ്യത കൂടുതലാണ്. ഇവിടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തുകയും കൃത്യമായ സുരക്ഷ മുന്‍കരുതല്‍ സ്വീകരിക്കുകയും വേണം. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണം
- തൊഴിലുറപ്പ് പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും പുറം തൊഴിലില്‍ ഏര്‍പ്പെടുന്നവരും പൊലീസ് ഉദ്യോഗസ്ഥരും പകല്‍ 11 മുതല്‍ വൈകീട്ട് മൂന്നുവരെ കുട ഉപയോഗിക്കുകയും നേരിട്ട് വെയില് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കുടിവെള്ളം നല്കി നിര്‍ജലീകരണം തടയാന്‍ പൊതുസമൂഹം സഹായിക്കുക
- വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന പരിപാടികള്‍ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ യാത്രക്ക് കൊണ്ടുപോകുന്ന സ്കൂളുകള്‍ പകല്‍ 11 മുതല്‍ മൂന്നുവരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം
- കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലം അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ ഉറപ്പാക്കണം
- എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റുന്നത് ഉചിതമായിരിക്കും
- പൊതുജനം സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി പരമാവധി പുറത്തിറങ്ങാതെ സുരക്ഷിതരായി ഇരിക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.