ആർത്തുപെയ്ത് ദുരിതപ്പേമാരി
text_fieldsപാലക്കാട്: ജില്ലയില്‍ മഴ ശക്തമായതോടെ അപകടങ്ങളും വർധിച്ചു. വെള്ളച്ചാട്ടങ്ങളും പുഴകളും സജീവമായതോടെ നിരവധി പേരാണ് സന്ദർശനത്തിനായും കുളിക്കാനും മറ്റും ഇവയിൽ ഇറങ്ങി അപകടത്തിൽപ്പെടുന്നത്. ചൊവ്വാഴ്ച ചിറ്റൂർപ്പുഴയിൽ നാലുപേരും സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ ഒരാളും കുടുങ്ങി. ഇവരെ സാഹസികമായാണ് രക്ഷപ്പെടുത്തിയത്. രണ്ടുദിവസം മുമ്പ് പാലക്കയം വട്ടപ്പാറ ചെറുപുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ചിറ്റിലഞ്ചേരി മുതുകുന്നി ഭാഗത്ത് ചീനാമ്പുഴയിൽ തിങ്കളാഴ്ച ഒഴുക്കിൽപെട്ട യുവാവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മഴ ശക്തമായി പുഴകളിലും വെള്ളച്ചാട്ടങ്ങളിലുമെല്ലാം നീരൊഴുക്ക് വർധിക്കുന്ന സാഹചര്യത്തിൽ ഇവിടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കണം. കാലുതെന്നിയും മറ്റും അപകടങ്ങളുണ്ടാകാനുള്ള സാധ്യതയേറെയാണ്.
ജില്ലയിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. മഴ ശക്തമായ സാഹചര്യത്തിൽ മലയോരമേഖലകളിലേക്ക് ചൊവ്വാഴ്ച മുതൽ ജൂലൈ 21 വരെ രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തിയതായി കലക്ടർ അറിയിച്ചു. അട്ടപ്പാടി, പറമ്പിക്കുളം, നെല്ലിയാമ്പതി പ്രദേശങ്ങളിലേക്ക് വൈകീട്ട് ആറു മുതൽ രാവിലെ ആറു വരെയാണ് പൊതുഗതാഗതവും പ്രദേശവാസികളുടെ അത്യാവശ്യഘട്ടങ്ങളിലുള്ളതും ഒഴികെ രാത്രി യാത്ര നിരോധിച്ചത്. വെള്ളച്ചാട്ടങ്ങൾ സന്ദർശിക്കുന്നതിലും നിയന്ത്രണമുണ്ട്.
പട്ടാമ്പിപ്പുഴ നിറഞ്ഞുകവിഞ്ഞു
പട്ടാമ്പി: മഴ കനത്തു, പട്ടാമ്പിയിൽ ഭാരതപ്പുഴയിൽ ഒഴുക്ക് കൂടി. തിരുവേഗപ്പുറയില്‍ തൂതപ്പുഴ കരകവിഞ്ഞു. തിങ്കളാഴ്ച രാത്രിയോടെ കാഞ്ഞിരപ്പുഴ ഡാം തുറന്നതോടെ ചൊവ്വാഴ്ച രാവിലെ ഏഴിന് ശേഷമാണ് പുഴ കര കവിഞ്ഞത്. തിരുവേഗപ്പുറയിലെ ഫോക് ലോർ പാര്‍ക്കില്‍ വെള്ളം കയറിയിട്ടുണ്ട്. പ്രളയകാലത്ത് ഏറെ നാശം വരുത്തിയ പ്രദേശമാണിത്. മുതുതല വില്ലേജിൽ പെരുമുടിയൂർ കള്ളാട്ടുകുന്നത്ത് വീട്ടിൽ നന്ദിനിയുടെ വീടിന്റെ മുകളിലേക്ക് തെങ്ങു വീണ് മേൽക്കൂര ഭാഗികമായി തകർന്നു. നടുവട്ടം-കൂരാച്ചിപ്പടി റോഡിൽ മാങ്കുറ്റിക്ക് സമീപം റോഡിലേക്ക് മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു.
പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍
- ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതസ്ഥലത്തേക്ക് മാറിത്താമസിക്കണം. പകല്‍ സമയത്ത് തന്നെ മാറി താമസിക്കാന്‍ തയാറാവണം.
- സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സാഹചര്യം വിലയിരുത്തി തയാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം.
- ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
- സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍, മതിലുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കുകയും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യണം. അപകടാവസ്ഥ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തണം.
- ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചുകടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ല.
- മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കണം.
- ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളിലൂടെയുള്ള യാത്രകളില്‍ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപണി നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തില്‍ റോഡപകട സാധ്യത മുന്നില്‍ കാണണം.
- തങ്ങളുടെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിനായി കണ്ടെത്തിയ കെട്ടിടം സംഭവിച്ച വിവരം ബന്ധപ്പെട്ട റവന്യൂ-തദ്ദേശ സ്ഥാപന അധികാരികളില്‍ നിന്ന് മുന്‍കൂർ അറിഞ്ഞുവെക്കേണ്ടതും അങ്ങോട്ടുള്ള സുരക്ഷിത വഴി മനസ്സിലാക്കി വെക്കേണ്ടതുമാണ്.
- ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയാറാക്കി വെക്കണം. കിറ്റ് തയാറാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കില്‍ ലഭിക്കും.
- ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.
- മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കുക.
- കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കില്‍ നിന്ന് ലഭ്യമാണ്.
- വൈദ്യതി ലൈനുകള്‍ പൊട്ടി വീണ് കൊണ്ടുള്ള അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. അതിനാല്‍ ഇടവഴികളിലെയും നടപ്പാതകളിലെയും വെള്ളക്കെട്ടുകളില്‍ ഇറങ്ങുന്നതിന് മുന്നേ വൈദ്യുതി അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കണം. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയില്‍ പെട്ടാല്‍ 1912 കെ.എസ്.ഇ.ബി നമ്പറില്‍ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.