കനത്ത നാശം വിതച്ച് മഴ
text_fieldsപിരായിരി: മഴക്കാല കെടുതിക്ക് ശമനമില്ലാതെ തുടരുന്നതിൽ പിരായിരി പഞ്ചായത്ത് ഭരണസമിതിക്ക് തലവേദന. കനത്ത മഴയിൽ പഞ്ചായത്തിലെ പൊതുകുളത്തിന്റെ ഭിത്തി ഇടിഞ്ഞു. പഞ്ചായത്തിലെ ഒന്നാം വാർഡിൽ പാതയോരത്തോടു ചേർന്നകല്ലേക്കാട് തിരണക്കുളത്തിന്റെ സംരക്ഷണ ഭിത്തിയാണ് വീണുതകർന്നത്. കുളത്തിന്റെ തകർച്ച റോഡിന്റെ നിലനിൽപ്പിനേയും ബാധിച്ചിട്ടുണ്ട്.
500ഓളം കുടുംബങ്ങൾ താമസിക്കുന്ന ഭാഗത്തേക്കുള്ള പ്രധാന റോഡിന്റെ വശമാണ് തകർന്നിരിക്കുന്നത്. മുമ്പും ഇതേ ഭാഗത്തു തകർന്നിരുന്നതായി ഒന്നാം വാർഡ് അംഗം സിതാര ശശി അറിയിച്ചു.
കല്ലടിക്കോട്: കാറ്റിലും മഴയിലും വീടിന് മുകളിൽ തേക്കുമരം പൊട്ടിവീണ് സിറ്റൗട്ടിന്റെ കോൺക്രീറ്റ് തകർന്നു. കരിമ്പ മമ്പുറം കാവുങ്കൽ ജയ്സന്റെ വീടിന് മുകളിലാണ് മരം പൊട്ടിവീണത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.
കല്ലേക്കാട്: കനത്ത മഴയിൽ പാലക്കാട് കുളപ്പുള്ളി സംസ്ഥാന പാതയിൽ കിഴക്കഞ്ചേരികാവിൽ കിണർ ആൾമറയടക്കം ഇടിഞ്ഞ് താഴ്ന്നു. സമീപത്തെ കെട്ടിടത്തിനും ഭീഷണിയായിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. പറളി പാന്തംപാടം കല്ലിങ്കൽ കൃഷ്ണ വിഹാറിൽ ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള കിഴക്കഞ്ചേരിക്കാവിലെ ഹോട്ടലിനോടനുബന്ധിച്ചുള്ള കിണറാണ് തകർന്നത്. രണ്ടര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ ഉണ്ണികൃഷ്ണൻ പറഞ്ഞു.
തച്ചമ്പാറ: കനത്ത മഴയിൽ വീട് തകർന്നു. തച്ചമ്പാറ മുതുകുർശ്ശി ആലാറം പടിയിൽ ചുള്ളിപ്പാറ വിജയന്റെ വീടാണ് തകർന്നത്. കഴിഞ്ഞ ദിവസം പുലർച്ചയാണ് സംഭവം. വീട്ടുകാർ മുറികളിലുണ്ടായിരുന്നെങ്കിലും അപകടമൊന്നുമുണ്ടായില്ല. റവന്യു-തദ്ദേശ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു.
തൃപ്പാളൂരിൽ നിർമിക്കുന്ന തൂക്കുപാലത്തിന്റെ അടിത്തറ ഭാഗം ഒലിച്ചുപോയി
ആലത്തൂർ: തൃപ്പാളൂർ തേനാരി പറമ്പിൽനിന്ന് ശിവക്ഷേത്രം ഭാഗത്തേക്ക് ഗായത്രി പുഴക്ക് കുറുകെ പുതുതായി നിർമിക്കുന്ന തൂക്ക് പാലത്തിന്റെ കോണിപടിഭാഗം കാൽ ഉറപ്പിച്ചിട്ടുള്ള അടിത്തറ കൽക്കെട്ടിനടിയിലെ മണ്ണ് മഴയിൽ ഒലിച്ചുപോയി. നിർമാണം പൂർത്തിയാക്കുന്നതിന് മുമ്പ് ആളുകൾ നടക്കാതിരിക്കാൻ തറയുടെ ഭാഗം ബണ്ടിൽ മുട്ടിക്കാതെ നിർത്തിയതായിരുന്നു. എന്നാൽ ദിവസങ്ങളായുള്ള മഴയിൽ പരിസര ഭാഗത്തെ വെള്ളം കുത്തിയൊലിച്ചാണ് കരിങ്കല്ല് ഭിത്തിയുടെ അടിഭാഗത്തെ മണ്ണ് ഒലിച്ചുപോയത്. പാലത്തിൽനിന്ന് അപ്രോച്ച് റോഡിലേക്കുള്ള പടികളുടെ നിർമാണം നടന്നു വരുന്നുണ്ട്. അഞ്ച് കോടി ചിലവിൽ സംസ്ഥാന സർക്കാറാണ് പാലം നിർമിക്കുന്നത്. അനുബന്ധമായി ക്ഷേത്ര ഭാഗത്ത് പുഴയിൽ പിതൃതർപ്പണം നടത്തുന്നതിന് പടവുകൾ, ശുചി മുറികൾ, കുട്ടികളുടെ പാർക്ക്, ഹൈമാസ്റ്റ് വിളക്കുകൾ എന്നിവയും സ്ഥാപിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.