കനത്ത മഴ; പാലക്കാട് ജില്ലയിൽ വ്യാപക നാശം
text_fieldsപാലക്കാട്: കനത്ത മഴയിൽ പാലക്കാട് ജില്ലയിൽ വ്യാപക നാശനഷ്ടം. മരം കടപുഴകി ആറ് വീടുകൾ തകർന്നു. റോഡിലെ വാഹനങ്ങളിൽ പതിച്ചെങ്കിലും ആളപായമില്ല. കൂറ്റനാട് തണ്ണീർക്കോട് സീനിയർ ബേസിക് സ്കൂളിന് മുകളിൽ തേക്ക് വീണ് മേൽക്കൂര തകർന്നെങ്കിലും സ്കൂൾ സമയത്തിന് മുമ്പായതിനാൽ അപകടമൊഴിവായി. തിങ്കളാഴ്ച ഉച്ചക്ക് ശേഷം മൂന്നരയോടെയുണ്ടായ കാറ്റിലാണ് സംഭവം. കപ്പൂര്‍ പഞ്ചായത്തിലെ കുമരനെല്ലൂര്‍ അമേറ്റിക്കര റോഡില്‍ ഓട്ടോറിക്ഷക്കു മുകളിലേക്ക് തെങ്ങ് കടപുഴകി. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
വേഴൂര്കുന്നില് വീടിനു മുകളിൽ തെങ്ങ് വീണു. തേറയില്‍ മണികണ്ഠന്റെ വീടിന് മുകളിലേക്ക് അയല്‍വാസിയുടെ വളപ്പിലെ തെങ്ങാണ് കടപൊട്ടി വീണത്. വീടിന്റെ മുറ്റത്ത് നിന്നിരുന്ന വീട്ടമ്മ തെങ്ങ് വീഴുന്നത് കണ്ടതോടെ ഓടി മാറി. പാലക്കാട് കാക്കത്തറയിൽ കനത്ത മഴയിൽ വീട് തകർന്നുവീണു. ഇളയപുരക്കൽ സരോജിനിയുടെ വീടാണ് തകർന്നത്. പാലക്കാട് ആലത്തൂരിൽ കാറിനും സ്കൂട്ടറിനും മുകളിൽ മരം വീണു. സ്കൂട്ടർ യാത്രക്കാരൻ കാജയും കാർ യാത്രക്കാരനും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരുവാഹനങ്ങളും മരത്തിനടിയിൽ കുടുങ്ങി. ലക്കിടിയിൽ കോളനിപറമ്പ് വിലാസിനിയുടെ വീട് തകർന്നു.
മണ്ണാർക്കാട്-ആനമൂളി റൂട്ടിലെ തെങ്കര ചെറങ്കുളം റോഡിൽ മരം കടപുഴകിയെങ്കിലും ആളപായമില്ല. മണിക്കൂറുകളോളം പല മേഖലകളിലും ഗതാഗതം മുടങ്ങി. ശക്തമായ മഴയിൽ വെള്ളച്ചാട്ടങ്ങളിൽ ജലമേറിയിട്ടുണ്ട്. വെള്ളിയാങ്കല്ല് റഗുലേറ്ററിന്റെ ഷട്ടറുകൾ തുറന്നു.
16, 17, 18 തീയതികളില്‍ മഞ്ഞ അലര്‍ട്ട്
ജില്ലയില്‍ ജൂലൈ 16, 17, 18 തീയതികളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.
കാഞ്ഞിരപ്പുഴ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ 17ന് ഉയര്‍ത്തും
പാലക്കാട്: കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ജൂലൈ 17ന് രാവിലെ 10ന് ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 20 സെ.മീ വീതം ഉയര്‍ത്തും. പുഴയിലെ ജലനിരപ്പ് പരമാവധി 20 സെ.മീ വരെ ഉയരാന്‍ സാധ്യതയുണ്ട്.
ജനങ്ങള്‍ പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്നും പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. നിലവില്‍ ഡാമിന്റെ റിവര്‍ സ്ലൂയിസ് അഞ്ച് സെ.മീ തുറന്നുവെച്ചിരിക്കുകയാണ്. ഡാമിന്റെ പരമാവധി സംഭരണശേഷി 97.50 മീറ്റര്‍ ആണ്. ജൂലൈ 15ന് രാവിലെ എട്ടിന് ഡാമിലെ ജലനിരപ്പ് 95.00 മീറ്റര്‍ ആണ്. ഫോണ്‍: 04924 238227.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.