മഴ ശക്തം; നഷ്ടങ്ങളേറുന്നു...
text_fieldsആലത്തൂരിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ
ആലത്തൂർ: മേഖലയിൽ ഞായറാഴ്ച രാത്രി മുതൽ തുടങ്ങിയ മഴ തിങ്കളാഴ്ച മുഴുവൻ നിർത്താതെ പെയ്യുകയായിരുന്നു. ഇതോടെ പ്രദേശത്തെ താഴ്ന്ന ഭാഗങ്ങളിലെല്ലാം വെള്ളം കയറി. വൈകുന്നേരമായിട്ടും അവസ്ഥയിൽ മാറ്റമില്ല. പുഴ, തോടുകൾ തുടങ്ങിയ ജലാശയങ്ങളെല്ലാം കവിഞ്ഞൊഴുകി.
നെൽവയലുകൾ പലയിടത്തും വെള്ളം മുങ്ങി. ഇടവഴികളിലും ഗ്രാമീണ പാതകളിലുമെല്ലാം തോടുപോലെ വെള്ളം ഒഴുകുകയാണ്. തിങ്കളാഴ്ച പകൽ സമയം മഴക്കൊപ്പം കാറ്റുണ്ടായില്ല എന്നത് മാത്രമാണ് ആശ്വാസം. വീട്ടുവളപ്പിലും പാത വശങ്ങളിലുമെല്ലാമുള്ള പടർന്നുനിൽക്കുന്ന വൃക്ഷങ്ങളുടെ താഴ്ഭാഗത്തെ (കട ഭാഗം) മണ്ണ് മഴയിൽ കുതിർന്ന് നീരുറവയായിരിക്കുന്നു. ചെറിയ കാറ്റിൽപോലും വീഴാൻ സാധ്യത ഏറെയാണ്. സുരക്ഷിതമല്ലാത്ത പഴയ വീടുകളിൽ കഴിയുന്നവർ ഭയപ്പാടിലാണുള്ളത്.
കാവൽപ്പടയും ഭീഷണിയിലാണ്...
മങ്കര: കാറ്റ് വീശുമ്പോഴും മഴ പെയ്യുമ്പോഴും ഒന്നും സംഭവിക്കരുതേ എന്നുപറഞ്ഞ് ഉള്ളുരുകി പ്രാർഥിക്കുകയാണ് ഒരുകൂട്ടം പൊലീസുകാരും സമീപത്തെ കുടുംബംഗങ്ങളും യാത്രക്കാരും. ചെന്നമങ്കര പൊലീസ് സ്റ്റേഷൻ വളപ്പിലുള്ള പടുകൂറ്റൻ മരമാണ് എല്ലാവരേയും ഭീതിയിലാക്കുന്നത്. വളർന്ന് പന്തലിച്ച മരം റോഡിലേക്കും സമീപവാസികളുടെ വീടുകളിലേക്കും പന്തലിച്ച് കിടപ്പുണ്ട്. മരത്തിന്റെ കൂറ്റൻ ചില്ലകൾ ചരിഞ്ഞ് ചാഞ്ഞുകിടപ്പുണ്ട്. ഇതിന് സമീപത്താണ് പെട്ടിക്കട, ഓട്ടോറിക്ഷ സ്റ്റാൻഡ്, ബസ് കാത്തിരിപ്പുകേന്ദ്രം എന്നിവ സ്ഥിതി ചെയ്യുന്നത്.
കടകളും വീടുകളും ഇതിന് സമീപത്താണ്. ശക്തമായ കാറ്റോ മഴയൊ വന്നാൽ മരം കടപുഴകി വീഴാനാണ് സാധ്യത. അടിഭാഗം ബലക്ഷയം ഉള്ളതിനാൽ അപകടസാധ്യത ഏറെയാണ്. ഇവ നിലംപതിച്ചാൽ വലിയദുരന്തമായിരിക്കും. പരിസരവാസികൾ അധികാരികൾക്ക് പരാതി നൽകി മാസങ്ങൾ കഴിഞ്ഞെങ്കിലും മരം വെട്ടി മാറ്റാൻ നടപടി ആയിട്ടില്ല. യുദ്ധകാലാടിസ്ഥാനത്തിൽ നടപടി കൈക്കൊള്ളണമെന്നാണ് പ്രദേശത്തുകാരുടെ ആവശ്യം.
റോഡിൽ മരങ്ങൾ വീണു
തച്ചമ്പാറ: ദേശീയപാതയിൽ മരം വീണു. ഗതാഗതം അൽപസമയം തടസ്സപ്പെട്ടു. വഴിയാത്രക്കാരും വാഹനങ്ങളും തലനാരിഴയിൽ രക്ഷപ്പെട്ടു. പാലക്കാട്-കോഴിക്കോട്ട് ദേശീയപാതയിൽ തച്ചമ്പാറക്കടുത്ത് എടാക്കൽ വളവിലാണ് സംഭവം. നിർത്തിയിട്ട ലോറിക്ക് മുമ്പിലാണ് ഉണങ്ങിയ പാഴ് മരം വീണത്. തിങ്കളാഴ്ച രാവിലെ 10.45നാണ് ശക്തമായ മഴയിലും കാറ്റിലും മരം കടപുഴകി റോഡിൽ വീണത്. ഡ്രൈവർ ഹോട്ടലിൽ ക്ഷണംകഴിക്കാൻ ഇതിനടുത്ത് ലോറി നിർത്തിയിട്ടിരുന്നു. ഈ സമയത്തായിരുന്നു ഉണങ്ങിയ മരം വാഹനത്തിന് തൊട്ടുമുമ്പിലായി വീണത്. സംഭവസമയത്ത് കാൽനടയാത്രക്കാരും ഇതിനടുത്ത് ഉണ്ടായിരുന്നില്ല. മണ്ണാർക്കാട്ട് നിലയത്തിലെ അഗ്നി രക്ഷാസേന മരം മുറിച്ചുമാറ്റി. അരമണിക്കൂറിനുശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.
കേരളശ്ശേരി: പത്തിരിപ്പാല-കോങ്ങാട് റോഡിൽ മരം വീണു. ഉടൻ നാട്ടുകാർ മരം മുറിച്ചുമാറ്റിയതിനാൽ ഗതാഗതത്തെ ബാധിച്ചില്ല. സംഭവസമയത്ത് മരം വീണ ഭാഗത്ത് വാഹനങ്ങൾ ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെ തടുക്കശ്ശേരിക്കടുത്ത് മാനിയംകുന്ന് ഭാഗത്താണ് സംഭവം.
പുതുപ്പരിയാരം: റോഡിൽ മരം വീണ് മണിക്കൂറുകളോളം വാഹനഗതാഗതം തടസ്സപ്പെട്ടു. താണാവ് ധോണി റോഡിലാണ് മരം വീണത്. ഫോറസ്റ്റ് ഓഫിസിന് സമീപത്തെ പാതവക്കിലെ മരമാണ് കാറ്റിലും മഴയിലും കടപുഴകി വീണത്. പാലക്കാട് നിലയത്തിലെ അഗ്നി രക്ഷാസേന സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെയാണ് മരം മുറിച്ചുനീക്കി വാഹനഗതാഗതം പുനഃസ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.