വിറങ്ങലിച്ച് പാലക്കാട്
text_fieldsപാലക്കാട്: ശക്തമായ മഴയിൽ പാലക്കാട് ടൗൺ പരിധിയിൽ രൂക്ഷമായ വെള്ളക്കെട്ട്. പുഴകളും തോടുകളും കരകവിഞ്ഞൊഴുകി നിരവധി വീടുകളിൽ വെള്ളം കയറി. കല്ലേപ്പുള്ളി 10ാം വാർഡിൽ തേക്കിൻകാട് നായാട്ടുംപാറ പ്രദേശത്തുള്ള റോഡിൽ വെള്ളം കയറി, വീട്ടുകാരെ ഒഴിപ്പിച്ചു. 28 പേരെ ബന്ധുവീട്ടുകളിലേക്കും 12 പേരെ കുമരപുരം ക്യാമ്പിലേക്കുമാണ് മാറ്റിയത്. പുലർച്ചെ അഞ്ചോടെയാണ് വെള്ളം കയറിത്തുടങ്ങിയത്. ബോട്ട് ഉൾപ്പെടെ സജ്ജീകരണങ്ങളുമായി എത്തിയ രക്ഷാസംഘം വീട്ടുകാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കി.
രാവിലെ മുതൽ കൗൺസിലർ ഡി. ഷിജിത്ത് കുമാർ ഉൾപ്പെടെ നാട്ടുകാർ സഹായത്തിനെത്തിയിരുന്നു. 32 ാം വാർഡ് പുതുപ്പള്ളിതെരുവ് ഭാരത് നഗർ, മുനവ്വറ നഗർ ഭാഗങ്ങളിൽ തോടും കനാലും കരകവിഞ്ഞൊഴുകി വീടുകളിലേക്ക് വെള്ളം കയറി. ദുരിതമനുഭവിക്കുന്നവരെ കൗൺസിലർ എം. സുലൈമാന്റെ നേതൃത്വത്തിൽ നാട്ടുകാരുടെയും ടീം വെൽഫെയർ വളന്റിയർമാരുടെയും സഹകരണത്തോടെ മാറ്റിപാർപ്പിച്ചു. പുതുപ്പള്ളി തെരുവ് ഹുദാ മദ്റസയിൽ ദുരിതാശ്വാസക്യാമ്പ് തുറന്നിട്ടുണ്ട്.
ഒലവക്കോട് അമ്പട്ടി തോട് കവിഞ്ഞൊഴുകി പരിസരത്തെ സുന്നി ജുമാമസ്ജിദിൽ വെള്ളം കയറി. മേനോൻസ് ആശുപത്രിക്ക് പിന്നിലെ വീടുകളിൽ വെള്ളം കയറിയതിനാൽ ആളുകൾ വീടുകളൊഴിഞ്ഞു. കാവിൽപ്പാട് ഭാഗത്തേക്കുള്ള റെയിൽവേ അടിപാതയിൽ വെള്ളം നിറഞ്ഞതിനാൽ ഇതുവഴി യാത്ര അസാധ്യമായി. പ്രദേശത്തെ മുത്ത് ഗാർഡൻസ് നിവാസികൾ ഒറ്റപെട്ടു. കാത്തലിക് സിറിയൻ ബാങ്കിന് പിൻവശത്ത് ഐശ്വര്യ നഗറിൽ വീടുകൾ പകുതിയോളം വെള്ളത്തിലായി. കൽപാത്തിക്ക് സമീപം സുന്ദരൻ കോളനിയിൽ കുന്നുംപുറം ശങ്കുവാരത്തോട്, കുമാരസ്വാമി കോളനി എന്നിവിടങ്ങളിൽ വെള്ളം കയറി. തോടിനു സമീപത്തെ കെട്ടിടത്തിന് പിന്നിലെ കരിങ്കൽ കെട്ട് ഒഴുകിപോയി. പഴയ കാവിൽപാട് റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ നിരവധി വീടുകളിൽ വെള്ളം കയറി. നവജ്യോതി നഗർ, സരയൂ നഗർ, ഐശ്വര്യ കോളനി എന്നിവിടങ്ങളിലെ വീടുകളിൽ വെള്ളം കയറി. ഇവിടെ റെയിൽവേയുടെ ഓവുചാൽ മരം വീണു അടഞ്ഞുകിടന്നത് വൃത്തിയാകാത്തതിനാൽ വെള്ളക്കെട്ട് രൂക്ഷമാക്കി. ഇന്ദിരഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം പരിസരത്ത് തോടുകളിലെ മാലിന്യ നീക്കാത്തതിനാൽ വെള്ളക്കെട്ട് രൂക്ഷമായി. വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി കനത്ത നാശനഷ്ടമുണ്ടായി.
കരകവിഞ്ഞ് ഗായത്രി പുഴ; ആലമ്പള്ളത്ത് ക്യാമ്പ് തുറന്നു
വടവന്നൂർ: ഗായത്രി പുഴയിൽ നീരൊഴുക്ക് വർധിച്ചു. വി.പി. തറയിലെ 19 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു. പുഴയിലെ നീരൊഴുക്ക് വർധിച്ചതോടെയാണ് തിങ്കളാഴ്ച രാത്രി 11.30 ഓടെ ഇവരെ മാറ്റിപ്പാർപ്പിക്കാൻ റവന്യൂ വകുപ്പും പൊലീസും തയാറായത്.
ആദ്യം കല്യാണ മണ്ഠപത്തിലും പിന്നീട് ആലമ്പലം എ.യു.പി സ്കൂളിലും ക്യാമ്പ് ആരംഭിക്കുകയായിരുന്നു. 19 കുടുംബങ്ങളിലെ 56 അംഗങ്ങളെ ക്യാമ്പിലേക്ക് മാറ്റി. വിദ്യാർഥികൾ മുതൽ വയോധികർ വരെ ക്യാമ്പിലുണ്ട്.
ചിലർക്ക് പനിയും ചുമയും ഉണ്ടായിരുന്നതിനാൽ വടവന്നൂർ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ പരിശോധന നടത്തി മരുന്നു നൽകി. വില്ലേജ് അസിസ്റ്റന്റ് മോഹൻദാസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 19 വീടുകളിലും വെള്ളം കയറിയതിനാൽ ജലനിരപ്പ് താഴുന്നത് വരെ ഇവർ ക്യാമ്പിൽ തുടരും.
അലമ്പലം എ.യു.പി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണവും മരുന്നും അനുബന്ധ സാമഗ്രികളും ഒരുക്കിയിട്ടുണ്ടെന്ന് വടവന്നൂർ വില്ലേജ് അസിസ്റ്റൻറ് മോഹൻദാസ് പറഞ്ഞു. ജലജന്യ രോഗങ്ങൾ പടരാതിരിക്കാനുള്ള പരിശോധനകളും മരുന്നുകളും ദുരിതാശ്വാസ ക്യാമ്പിൽനിന്ന് നൽകുന്നുണ്ട്.വയോജനങ്ങൾക്ക് പകർച്ച പനി പടരാതിരിക്കാനും കുട്ടികൾക്ക് വയറുവേദന പോലുള്ള രോഗങ്ങൾ വരാതിരിക്കാനുമുള്ള മുൻകരുതൽ നടത്തിവരുന്നതായി വടവന്നൂർ മെഡിക്കൽ ഓഫിസർ പറഞ്ഞു.
കൊല്ലങ്കോട്ട് വീടുകൾ തകർന്നു
കൊല്ലങ്കോട്: ത്രാമണിയിൽ രുഗ്മണിയുടെ വീടും പയ്യന്നൂർ പൂളപറമ്പ് ഒടിഞ്ഞാൽ മാധവി പണിക്കത്തിയാരുടെ വീടുകൾ തകർന്നു. മാധവിയുടെ വീടിനുമുകളിൽ മരം വീഴുകയായിരുന്നു. എട്ടുപേരാണ് മാധവിയുടെ വീട്ടിൽ താമസിക്കുന്നത്. മരം വീഴുന്ന സമയത്ത് വീടിനകത്ത് ആളുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ത്രാമണിയിൽ മണിയുടെ ഭാര്യ രുഗ്മണിയുടെ വീടിന്റെ ഭിത്തികളാണ് തകർന്നത്. മൂന്ന് മുറികളുടെ ഭിത്തികൾ പുർണമായും തകരുകയും മറ്റു രണ്ടു മുറികളുടെ ഭിത്തികൾക്ക് വിള്ളൽ ഉണ്ടാവുകയും ചെയ്തു. വീട്ടിൽ താമസിക്കരുതെന്നാണ് അധികൃതർ നിർദേശിച്ചത്. ശക്തമായ മഴമൂലം കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി, പല്ലശ്ശന, പുതുനഗരം മേഖലകളിൽ ഇരുപതിലധികം വീടുകളുടെ ഭിത്തികൾക്ക് വിള്ളലുണ്ടായിട്ടുണ്ട്.
ചന്ദനപുറത്ത് വീടുകൾ വെള്ളത്തിൽ
മണ്ണൂർ: മങ്കര ചവിറ്റിലതോട് കരകവിഞ്ഞൊഴുകിയതോടെ ചന്ദനപുറത്തെ രണ്ടു വീടുകൾ വെള്ളത്തിൽ മുങ്ങി. പാണ്ടൻതറ അർഷാദ്, വിപിൻദാസ് എന്നിവരുടെ വീടാണ് തിങ്കളാഴ്ച രാത്രിയോടെ വെള്ളത്തിൽ മുങ്ങിയത്. വിപിൻ ദാസിന്റെ നാലംഗ കുടുംബവും അർഷാദിന്റെ അഞ്ചംഗ കുടുംബവുമാണ് ദുരിതത്തിലായത്. സമീപത്തെ നെൽപാടങ്ങളും മുങ്ങിനശിച്ചു. പഞ്ചായത്ത് ഉപാധ്യക്ഷൻ ഒ.വി. സ്വാമിനാഥൻ സ്ഥലം സന്ദർശിച്ചു.
മുളഞ്ഞൂർ തോട് കരകവിഞ്ഞൊഴുകി; വീടുകൾ വെള്ളത്തിൽ
ലക്കിടി: മുളഞ്ഞൂർ തോട് കരകവിഞ്ഞൊഴുകി നിരവധി വീടുകളിൽ വെള്ളം കയറി. സമീപത്തെ ഏക്കർ കണക്കിന് നെൽകൃഷി നശിച്ചു. പാതക്കടവ് ശുദ്ധജല പദ്ധതിയും വെള്ളത്തിലായി. വീടുകളിൽ വെള്ളം കയറിയ നാലുകുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. മപ്പാടത്ത് നൊട്ടിയത്ത് ഹരി, ശ്രീനിലയം ഗോപകുമാർ, ബാലകൃഷ്ണൻ വെള്ളികുളങ്ങര, സരസ്വതി, എന്നിവരെയാണ് ബന്ധുവീടുകളിലേക്ക് മാറ്റിയത്.
കലിതുള്ളി കണ്ണാടിപ്പുഴ
പറളി: കണ്ണാടിപ്പുഴ ഇരുകരയും കവിഞ്ഞൊഴുകിയതോടെ പറളി ഓടനൂർ പതിപ്പാലം വെള്ളത്തിനടിയിലായി. വെള്ളത്തോടൊപ്പം കുളച്ചണ്ടി ഒഴുകിയെത്തി കൈവരികളിലും മറ്റും അടിഞ്ഞുകൂടിയതാണ് വെള്ളം ക്രമാതീതമായി ഉയരാൻ ഇടയാക്കിയത്. പുഴയുടെ ഇരുവശങ്ങളിലും പൊലീസ് വടംകെട്ടി ആളുകൾ ഇറങ്ങുന്നത് തടഞ്ഞിട്ടുണ്ട്. പാലം മുങ്ങിയതോടെ ഓടനൂർ, നടുവശ്ശേരി, വാഴപ്പള്ളം പ്രദേശങ്ങൾ തീർത്തും ഒറ്റപ്പെട്ടിരിക്കുകയാണ്.
ആലത്തൂരിൽ 449 കുടുംബങ്ങളെ മാറ്റി
ആലത്തൂർ: താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ 20 ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. 449 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ക്യാമ്പുകൾ പുതുക്കോട് വില്ലേജിൽ നാല്, കാവശ്ശേരിയിൽ മൂന്ന്, വടക്കഞ്ചേരിയിൽ നാല്, കിഴക്കഞ്ചേരി രണ്ട്, ആലത്തൂർ രണ്ട്, വണ്ടാഴി രണ്ട്, കണ്ണബ്ര രണ്ട്, മേലാർക്കോട് വില്ലേജിൽ ഒന്ന് എന്നിങ്ങനെയാണ് ക്യാമ്പുകൾ തുടങ്ങിയത്.
കൊള റോഡ് കനാൽ ബണ്ട് തകർന്നു
ആലത്തൂർ: കനത്ത മഴയിൽ നിറഞ്ഞൊഴുകുന്ന മലമ്പുഴ പദ്ധതിയുടെ ചൂലനൂർ മെയിൻ കനാലിന്റെ ബണ്ട് തോണിപ്പാടം കൊള റോഡ് ഭാഗത്ത് ഇടിഞ്ഞു തകർന്നു. തോണിപാടത്തുനിന്ന് ചിറക്കോട്ടിലേക്ക് നിർമിച്ച ബണ്ടാണ് തകർന്നത്. ഇതേതുടർന്ന് ഇതുവഴിയുള്ള സഞ്ചാരം തടസ്സപ്പെട്ടു.
കനാലിനകത്ത് വളർന്ന മരം വെട്ടികളയാത്തതിനാൽ വേരുകളിലും ശിഖരങ്ങളിലും മാലിന്യം നിറഞ്ഞ് വെള്ളം ഒഴുകിപോകാൻ സാധിക്കാത്തതാണ് ബണ്ട് തകർച്ചക്ക് കാരണമായത്.
കനാലിന്റെ ഇരുവശങ്ങളിലും നെൽപാടങ്ങളാണ്. ബണ്ട് പൊട്ടിയാൽ ഏക്കർ കണക്കിന് കൃഷി നശിക്കാനിടവരും. ഇപ്പോൾ തകർന്ന ബണ്ടിന്റെ കുറച്ചകലെ അഞ്ച് ഓവ് ഭാഗത്ത് 2018ലും ബണ്ട് തകർന്നിരുന്നു. അന്ന് ആ ഭാഗത്തെ നെൽകൃഷിയിടം നികന്നു പോകുകയും ബണ്ട് പുനർനിർമ്മാണം നടത്താൻ ലക്ഷങ്ങൾ ചിലവഴിക്കേണ്ടതായും വന്നു. മെയിൻ കനാലുകൾ സംരക്ഷിക്കാൻ മുൻകാലങ്ങളിൽ ആളുകളെ നിയോഗിച്ചിരുന്നു. ഇപ്പോൾ ആ സംവിധാനമില്ല. അതുകൊണ്ട് ചെറിയ തകരാറുകൾ യഥാസമയം അറിയിക്കാനോ നന്നാക്കാനോ കഴിയാറില്ല.
കോട്ടായിയിൽ നെൽകൃഷി വെള്ളത്തിൽ
കോട്ടായി: തിമർത്തുപെയ്ത മഴയിൽ കോട്ടായി മേഖലയിൽ കനത്ത നാശം. നൂറുകണക്കിന് നടീൽ കഴിഞ്ഞ വയലുകൾ വെള്ളത്തിനടിയിലായി. കർഷകർ അങ്കലാപ്പിലാണ്. കുന്താലതോട് കരകവിഞ്ഞതാണ് കൃഷി വെള്ളത്തിൽ മുങ്ങാൻ കാരണം. കോട്ടായി ചെറുകുളം മയൻപറമ്പ് കോളനിയിലും ചെറിയ തോതിൽ വെള്ളം കയറി.
ചക്കുംപുറം തോട്ടുപാലം മുങ്ങി
പെരിങ്ങോട്ടുകുറുശ്ശി: പെരിങ്ങോട്ടുകുറുശ്ശി മേഖലയിൽ വ്യാപകനാശം. വീടുകൾ തകർന്നു. നടുവത്തപ്പാറ ചേട്ടിയാൻകാട് വിമലയുടെ വീട് മഴയിൽ നിലംപതിച്ചു. ചക്കുംപുറം തോട് കരകവിഞ്ഞ് തോട്ടുപാലത്തിൽ അഞ്ചടിയോളം വെള്ളമുയർന്നു. ഇതോടെ ചക്കുംപുറത്തേക്കുള്ള എല്ലാ ബന്ധവും നിലച്ച് തീർത്തും ഒറ്റപ്പെട്ടു.
മങ്കര കല്ലൂർ പെരുമഞ്ചിറ പാലം തകർന്നു
മങ്കര: മഴയിൽ തോട് കുത്തിയൊഴുകി മങ്കര കല്ലൂർ പെരുമഞ്ചിറ തോട്ടുപാലം തകർന്നു. ഇതോടെ മങ്കര പെരുമഞ്ചിറ കല്ലൂർ റോഡിലെ ഗതാഗതം തടസ്സപെട്ടു. നെൽപാടങ്ങളും വെള്ളത്തിലായി. ഒരു വർഷം മുമ്പും കാലവർഷക്കെടുതിയിൽ പാലം തകർന്നിരുന്നു. തുടർന്ന് പഞ്ചായത്ത് താൽക്കാലികമായി പ്രവൃത്തി നടത്തി ഗതാഗതത്തിന് തുറന്ന് നൽകിയിരുന്നു. സമീപത്തെ പെരുമഞ്ചിറക്ഷേത്രത്തിന് മുന്നിലും വെള്ളം ഉയർന്നു. മങ്കര-കേരളശേരി-കോങ്ങാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണിത്. സ്ഥലം മങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ് സന്ദർശിച്ചു.
കൂട്ടിലക്കടവ് റോഡ് അടച്ചു
ശ്രീകൃഷ്ണപുരം: ഇരുകരമുട്ടി കരിമ്പുഴ നിറഞ്ഞൊഴുകിയതോടെ റോഡുകളിലും വീടുകളിലും വെള്ളം കയറി. കരിമ്പുഴ-കൂട്ടിലക്കടവ് റോഡ് വെള്ളം കയറിയതിനാൽ അടച്ചു. കൂട്ടിലക്കടവ് ചെറുപുഴ പാലം കവിഞ്ഞൊഴുകിയതിനാൽ കൂട്ടിലക്കടവ്-മണ്ണമ്പറ്റ റോഡും അടച്ചു. മണ്ണമ്പറ്റ പാറക്കടവ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വെള്ളം കയറി. രാവിലത്തെ നിത്യപൂജകളും ഔഷധക്കഞ്ഞി വിതരണം, രാമായണ പാരായണം എന്നിവ മുടങ്ങി. കരിമ്പുഴ ഗ്രാമ പഞ്ചായത്തിലെ ചെറായ പ്രഭാകരൻ, പുലാശ്ശേരി ഷെരീഫ്, ചെറായ മുരളി, വിത്ത് പറമ്പിൽ ഗോപാലകൃഷ്ണൻ എന്നിവരുടെ വീടുകളിൽ വെള്ളം കയറി. ഇവരെ മാറ്റി പാർപ്പിച്ചു. വെള്ളം കയറിയ വീടുകളും പ്രദേശങ്ങളും കരിമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഹനീഫ സന്ദർശിച്ചു.
വെള്ളക്കെട്ട്; മംഗലം-ഗോവിന്ദാപുരം പാതയിൽ ഗതാഗത തടസ്സം
കൊല്ലങ്കോട്: മംഗലം-ഗോവിന്ദാപുരം റോഡിൽ വെള്ളക്കെട്ട്. പത്ത് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വട്ടേക്കാട് പ്രദേശത്ത് തോടുകൾ കരകവിഞ്ഞതിനാൽ വെള്ളം റോഡിലൂടെ കവിഞ്ഞൊഴുകി.ഇതുമൂലം ചെറിയ വാഹനങ്ങളുടെ ഗതാഗത തടസ്സം ഉണ്ടായി. ചൊവ്വാഴ്ച പുലർച്ചെ നാലിന് ആരംഭിച്ച ഗതാഗത തടസ്സം ഉച്ചകഴിഞ്ഞ് മൂന്നരവരെ നീണ്ടുനിന്നു. ചെറിയ വാഹനങ്ങൾ പല്ലശ്ശന വഴിയാണ് പോയത്. ചാത്തൻപാറ-അടിവാരം റോഡിൽ ഇക്ഷുമതി പുഴ കരകവിഞ്ഞ് ഒഴുകിയതിനാൽ ഗതാഗതം തടസ്സപ്പെട്ടു. സീതാർകുണ്ട് പുഴയും കരകവിഞ്ഞു. കൊല്ലങ്കോട് ടൗണിൽ പാലക്കാട് റോഡിൽ ബസ് സ്റ്റാൻഡ് ജങ്ഷനിൽ വെള്ളം കയറി. പെട്രോൾ ബങ്കിൽ വെള്ളം കയറിയതിനെ തുടർന്ന് ഇന്ധന വിതരണം നിലച്ചു. പാലക്കാട് വഴി ഇരുചക്രവാഹനങ്ങളുടെ ഗതാഗതം നാലു മണിക്കൂർ തടസ്സപ്പെട്ടു.
ലക്കിടിയിൽ വീട് തകർന്നു
ലക്കിടി: ലക്കിടി നമ്പ്യാർത്തൊടി രത്നകുമാരിയുടെ വീട് ചുമരിടിഞ്ഞ് തകർന്നു. അന്തിയുറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബം. വാർഡംഗം കെ. ശ്രീവത്സൻ സ്ഥലം സന്ദർശിച്ചു.
റോഡുകളിൽ വെള്ളം കയറി; ആലത്തൂരിൽ ഗതാഗതം മുടങ്ങി
ആലത്തൂർ: താലൂക്കിന്റെ വിവിധ പ്രദേശങ്ങളിലെ പ്രധാന റോഡുകളിൽ വെള്ളം കയറി. ഇതേതുടർന്ന് ആലത്തൂർ വഴിയുള്ള ബസ് ഗതാഗതം മുടങ്ങി. ചൊവ്വാഴ്ച ആലത്തൂരിൽ സ്വകാര്യ ബസുകൾ ഓടിയില്ല. ദേശീയപാത വഴി കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവിസുകൾ ഓടിയെങ്കിലും തൃശൂർ-പാലക്കാട് ബസുകളും ഓടിയില്ല. പലയിടത്തും റോഡിൽ വെള്ളം കയറിയതാണ് ബസ് സർവിസ് മുടങ്ങാൻ കാരണം. ആലത്തൂർ പഴയന്നൂർ റൂട്ടിൽ മലമൽപാടം, കാവശ്ശേരി കലാമണി മുതൽ കഴനിച്ചുങ്കം വരെയും പാടൂർ ചെമ്മണാംകുന്ന് മുതൽ തോണിക്കടവ് വരെയും റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. പാടൂരിൽ വെള്ളം കയറിയ മുഴുവൻ വീടുകളിലേയും ആളുകളെ മാറ്റിപാർപ്പിച്ചു. ഞായറാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച രാവിലെ 10 മണി വരേയും ശക്തമായ മഴയാണ് ഇവിടെ പെയ്തത്. 10 മണിക്ക് ശേഷം വൈകീട്ട് വരെ മഴക്ക് കുറവുണ്ട്.
ഓഡിറ്റോറിയത്തിന്റെ അരികുഭിത്തി അടർന്നുവീണ് വീട് തകർന്നു
ശ്രീകൃഷ്ണപുരം: ഓഡിറ്റോറിയത്തിന്റെ അരികുഭിത്തി തകർന്ന് സമീപത്തെ വീടിന് നാശനഷ്ടം. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ 12ാം വാർഡിൽ കെ.എസ്.ഇ.ബി സബ്സ്റ്റേഷനു സമീപമുള്ള മേലേതിൽ വാസുദേവന്റെ വീടിനാണ് നാശനഷ്ടമുണ്ടായത്. നിർമാണത്തിലിരിക്കുന്ന വീടിന്റെ ഒരുവശം പൂർണമായും തകർന്നു.
20 അടിയോളം ഉയരത്തിൽനിന്ന് മണ്ണും കല്ലും കിടപ്പുമുറിയുള്ള ഭാഗത്തേക്ക് പതിക്കുകയായിരുന്നു. ഓണത്തിന് കേറി താമസം നടത്താൻനിന്ന വീടാണ് തകർന്നത്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മണ്ണ് ഇടിഞ്ഞു വീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.