മഴ ശക്തം: ഡാമുകളിൽ ജലനിരപ്പുയർന്നു
text_fieldsപാലക്കാട്: കാലവർഷം കനത്തതോടെ ജില്ലയിലെ ഡാമുകളിലും ജലനിരപ്പ് ഉയർന്നു. വൃഷ്ടിപ്രദേശങ്ങളിൽ തുടരുന്ന മഴയിൽ ഡാമുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി. മലമ്പുഴ ഡാമിൽ ജലനിരപ്പ് ചൊവ്വാഴ്ച 111.18 മീറ്ററിലെത്തി. 113 മീറ്ററിലെത്തിയാൽ ഒന്നാം പ്രളയ മുന്നറിയിപ്പ് നൽകും. കാഞ്ഞിരപ്പുഴ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ 25 സെന്റി മീറ്റർ വീതവും റിവർ സ്ലൂയിസ് അഞ്ചു സെ.മീറ്ററും തുറന്നിട്ടുണ്ട്. നിലവിൽ 95.40 മീറ്ററാണ് ജലനിരപ്പ്. 97.5 മീറ്ററാണ് പരമാവധി സംഭരണശേഷി. മീങ്കര ഡാം, ആളിയാർ ഡാം, മൂലത്തറ റെഗുലേറ്റർ, ശിരുവാണി എന്നിവിടങ്ങളിൽ ജലനിരപ്പുയർന്നതോടെ ഷട്ടറുകൾ കൂടുതൽ അളവിൽ തുറന്ന് അധികജലം പുറത്തേക്കൊഴുക്കി.
ആളിയാർ ഡാമിന്റെ 11 സ്പിൽവേ ഷട്ടറുകൾ 21 സെ.മി വീതം തുറന്നിട്ടുണ്ട്. ശിരുവാണി റിവർ സ്ലൂയിസ് 100 സെ.മീ. ആയി ഉയർത്തി. 878.5 മീറ്റർ ജലനിരപ്പുള്ള ഡാമിൽ നിലവിൽ 876.24 മീറ്റർ വെള്ളമുണ്ട്.
രണ്ടാം പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ള മീങ്കര ഡാമിൽ ചൊവ്വാഴ്ച 156.02 മീറ്ററാണ് ജലനിരപ്പ്. 156.06 മീറ്ററിലെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. നിലവിൽ ഡാമിന്റെ രണ്ട് ഷട്ടറുകളും 20 സെ.മീ. തുറന്നിട്ടുണ്ട്. പാപ്പാത്തി പുഴയിലും ഗോവിന്ദാപുരം പുഴയിലും നീരൊഴുക്ക് വർധിച്ചതും തുറക്കുന്നതിന് കാരണമായി.
കഴിഞ്ഞ പ്രളയത്തിനുശേഷം ഇത്തവണയാണ് ഇരുപുഴകളിൽനിന്ന് മീങ്കര ഡാമിലേക്ക് നീരൊഴുക്ക് എത്തുന്നത്. മഴ തുടർന്നും ശക്തമാവുകയാണെങ്കിൽ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യതയുണ്ട്. ഗായത്രിപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. ഡാമിന്റെ പരമാവധി ജലനിരപ്പ് 156.36 മീറ്ററാണ്. 77.88 മീറ്റർ ജലനിരപ്പുള്ള മംഗലം ഡാമിൽ ഒന്നാം ഘട്ട മുന്നറിയിപ്പാണുള്ളത്. 76.49 മീറ്ററാണ് നിലവിലെ ജിലനിരപ്പ്. 76.52 മീറ്ററിലെത്തിയാൽ രണ്ടാം ഘട്ട മുന്നറിയിപ്പ് പുറപ്പെടുവിക്കും. ഡാമിന്റെ മൂന്നു സ്പിൽവേ ഷട്ടറുകൾ 45 സെ. മീ. വീതം നിലവിൽ തുറന്നിട്ടുണ്ട്.
വൃഷ്ടി പ്രദേശത്ത് കഴിഞ്ഞദിവസം ഉരുൾപൊട്ടിയതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഷട്ടറുകൾ തുറന്നിരിക്കുന്നതുമൂലം ചെറുകുന്നം പുഴയിലേക്ക് അധികജലം എത്തുമെന്നും പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. പാലങ്ങൾ കരകവിയാനും സാധ്യതയുണ്ട്.
മൂലത്തറ റെഗുലേറ്ററിന്റെ രണ്ടു ഷട്ടറുകൾ ഒരു മീറ്റർ വീതവും ഒരു ഷട്ടർ 30 സെ.മീറ്ററും തുറന്നിട്ടുണ്ട്. 184.70 മീറ്ററാണ് മൂലത്തറ റെഗുലേറ്ററിന്റെ പരമാവധി ജലനിരപ്പ്. പോത്തുണ്ടി ഡാമിൽ ചൊവ്വാഴ്ച 106.02 മീറ്ററാണ് ജലനിരപ്പ് രേഖപ്പെടുത്തിയത്. 106.71 മീറ്ററിൽ ആദ്യഘട്ട മുന്നറിയിപ്പും 107.21 മീറ്ററിൽ രണ്ടാംഘട്ട മുന്നറിയിപ്പും പുറപ്പെടുവിക്കും.
ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ചൊവ്വാഴ്ച ഒരു ഷട്ടർ 0.75 സെ.മീ. തുറന്നു. നീരൊഴുക്കിന് അനുസൃതമായി മറ്റു രണ്ടു ഷട്ടറുകൾ തുറക്കും. ഡാമിന്റെ പരമാവധി സംഭരണശേഷി 108.20 മീറ്ററാണ്. 203 മീറ്റർ പരമാവധി സംഭരണശേഷിയുള്ള വാളയാർ ഡാമിൽ 199.33 മീറ്ററാണ് നിലവിലെ ജലനിരപ്പ്. ചുള്ളിയാർ ഡാമിൽ 154.08 മീറ്ററാണ് പരമാവധി സംഭരണശേഷി. നിലവിൽ 149.28 മീറ്റർ ജലനിരപ്പുണ്ട്.
കൂടുതൽ മഴ ആലത്തൂരിൽ
ജില്ലയിൽ ചൊവ്വാഴ്ച ആലത്തൂർ മേഖലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്-300 മി.മീ. ചിറ്റൂർ മേഖലയിൽ ലഭിച്ച 150 മി.മീറ്ററാണ് ഏറ്റവും കുറവ് മഴ. പാലക്കാട് മേഖലയിൽ 162.8 മി.മീ. മഴ ലഭിച്ചു. കൊല്ലങ്കോട്-266 മി.മീ., ഒറ്റപ്പാലം-215 മി.മീ., പറമ്പിക്കുളം-240 മി.മീ., തൃത്താല-246 മി.മീ., മണ്ണാർക്കാട്-205.4 മി.മീ., പട്ടാമ്പി-226 മി.മീ. എന്നിങ്ങനെയും മഴ ലഭിച്ചതായി തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.