നാശം വിതച്ച് കാറ്റ്; ആലത്തൂരിൽ 25 വീടുകളും 50ലേറെ വൈദ്യുതി തൂണുകളും തകർന്നു
text_fieldsആലത്തൂർ: താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ മഴയിലും കാറ്റിലും 25 വീടുകൾക്കും 50ലധികം വൈദ്യുതി തൂണുകൾക്കും നാശം. കഴിഞ്ഞ ദിവസം 15 മിനിറ്റ് മാത്രമാണ് കാറ്റ് വീശിയത്. ഇതിനിടക്കാണ് ഇത്രയും നാശമുണ്ടായത്. ആലത്തൂർ ടൗണിൽ എട്ട് മണിക്കൂർ വൈദ്യുതി മുടങ്ങി. ഉൾപ്രദേശങ്ങളിൽ 24 മണിക്കൂറാണ് വൈദ്യുതി മുടങ്ങിയത്.
തെന്നിലാപുരത്ത് മരം വീണ് വീട് തകർന്നു. വീട്ടമ്മയുടെ കാലിന് പരിക്കേറ്റു. പടിഞ്ഞാറെ തറയിൽ ദേവുവിനാണ് പരിക്ക്. കുനിശേരി ചായമൂച്ചിയിൽ ശംസുദ്ദീന്റെ വീട് മരം വീണ് നശിച്ചു. ചീനിക്കോട് കുരുംബ ക്ഷേത്ര മന്ദിലെ ആൽമരം പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. ആലത്തൂർ അഗ്നിരക്ഷാസേന മണിക്കൂറുകൾ പ്രയത്നിച്ചാണ് മരം മുറിച്ചുനീക്കിയത്. ആലത്തൂർ പാടൂർ വൈദ്യുതി സെക്ഷനിലാണ് വൈദ്യുതി കാലുകൾ തകർന്നത്. ഉച്ചക്ക് ഒന്നരയോടെ മുടങ്ങിയ വൈദ്യുതി വിതരണം രാത്രി ഒമ്പതോടെ ടൗണിൽ പുനഃസ്ഥാപിച്ചുവെങ്കിലും ഉൾഭാഗങ്ങളിൽ അതിന് കഴിഞ്ഞില്ല. രണ്ട് സെക്ഷനുകളിലായി നൂറോളം ഭാഗങ്ങളിലാണ് വൈദ്യുതി ലൈനിലും മറ്റും മരം വീണത്. മുപ്പതോളം സാധാരണ കാലുകളും മൂന്ന് ഹൈടെൻഷൻ തുണുകളുമാണ് തകർന്നതായി വൈദ്യുതി വിഭാഗം ശേഖരിച്ച കണക്ക്. ആലത്തൂർ ക്രസന്റ് ആശുപത്രി ഭാഗം, വാനൂർ റോഡ്, തൃപ്പാളൂർ, വാനൂർ നാല് സെന്റ് ഭാഗം, കാവശ്ശേരി ചുണ്ടക്കാട് എന്നിവിടങ്ങളിലെല്ലാം മരം വീണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.