പാലക്കാടിന്റെ പാരമ്പര്യം കാണിച്ച് പൈതൃക മ്യൂസിയം
text_fieldsപാലക്കാട്: പാലക്കാടിന്റെ സംസ്കാരം, സംഗീത പാരമ്പര്യം, കലാരൂപങ്ങൾ, വാദ്യോപകരണങ്ങൾ തുടങ്ങിയവയെ ആഴത്തിൽ അറിയാനുള്ള കൽപാത്തിയിലെ ജില്ല പൈതൃക മ്യൂസിയം സന്ദർശകരെ കാത്തിരിക്കുന്നു. പുരാവസ്തു വകുപ്പിനു കീഴിൽ 2021ലാണ് മ്യൂസിയം നിലവിൽ വന്നത്.
ഉത്ഭവം, ഉദയം, മരതകം, ഉത്സവം, നവരസം, പുരാണം എന്നീ ആറ് ഗാലറികളാണുള്ളത്. പഞ്ചവാദ്യങ്ങളുടെ തിമില, ഇടക്ക, മദ്ദളം, കൊമ്പ്, ഇലത്താളം എന്നിവ കണ്ടുകൊണ്ട് പൈതൃക ഭവനത്തിലെ ഗാലറിയിൽ പ്രവേശിക്കാം. കൽപ്പാത്തി രഥോത്സവത്തിന്റെ ചരിത്രം, നെന്മാറ-വല്ലങ്ങി വേലയുടെ വിഡിയോകൾ എന്നിവ കാണുന്നതോടൊപ്പം നിരവധി സംഗീതോപകരണങ്ങളുടെ അപൂർവ ശബ്ദ ശേഖരവും ഇവിടെയുണ്ട്.
മൺമറഞ്ഞു പോവുന്ന പൊറാട്ട് നാടകം, ഓട്ടന്തുള്ളൽ, തോൽപാവകൂത്ത് എന്നിവയും ഇവിടെനിന്ന് അടുത്തറിയാം.
പാലക്കാടിന്റെ സംസ്കാരമായ കാർഷിക മേഖലയെ കാണിക്കുന്ന ചിത്രങ്ങളും, ദഫ്മുട്ട് -അറബനമുട്ട് എന്നീ കലകളുടെ ചരിത്രവും, ഗോത്രവർഗക്കാരുടെ കലയും, സംഗീതോപകരണങ്ങളും ഇവിടെ വന്നാൽ കാണാം.
കർണാടിക് സംഗീത കച്ചേരിയുടെ സ്റ്റേജ് മാതൃകയും, എം.എസ്. സ്വാമിനാഥൻ, പാലക്കാട് രാമഭാഗവതർ തുടങ്ങീ പ്രശസ്തരായ സംഗീതജ്ഞരുടെ അപൂർവ ചിത്രശേഖരവും ഇവിടെയുണ്ട്.
തിങ്കളാഴ്ച ഒഴികെ ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെയാണ് പ്രവർത്തന സമയം. പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.