മിഴിപൂട്ടി ഹൈമാസ്റ്റ് വിളക്ക്; സന്ധ്യയായാൽ നഗരം അന്ധകാരത്തിൽ
text_fieldsപാലക്കാട്: ലക്ഷങ്ങൾ ചിലവിട്ട് സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്ക് കണ്ണടച്ചതോടെ നഗരം അന്ധകാരത്തിലായിട്ടും ഭരണകൂടം അറിഞ്ഞമട്ടില്ല. നഗരമധ്യത്തിലെ മിഷൻ സ്കൂൾ ജങ്ഷനിലെ ഹൈമാസ്റ്റ് വിളക്കാണ് നാളുകളേറെയായി പ്രവർത്തന രഹിതമായത്. എന്നാൽ നഗരത്തിൽ അഞ്ചിടങ്ങളിൽകൂടി നഗരസഭ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കാനൊരുങ്ങുമ്പോഴും കേടാവുന്ന ഹൈമാസ്റ്റ് വിളക്കുകൾ അധികൃതർ പരിഗണിക്കുന്നില്ല.
അഞ്ചു വർഷം മുമ്പാണ് നഗരത്തിലെ സ്റ്റേഡിയം സ്റ്റാൻഡ്, ഐ.എം.എ ജങ്ഷൻ, മിഷൻ സ്കൂൾ ജങ്ഷൻ, മേഴ്സി ജങ്ഷൻ, ഒലവക്കോട് എന്നിവിടങ്ങളിൽ 40 ലക്ഷം രൂപ ചിലവിൽ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിച്ചത്. തികച്ചും സാങ്കേതിക സംവിധാനത്തോടെ പ്രവർത്തിക്കുന്ന ഇത്തരം വിളക്കുകൾ നാളുകൾ കഴിഞ്ഞതോടെ മിഴിയടച്ചു തുടങ്ങി. എട്ട് ബൾബുകളുള്ള ഹൈമാസ്റ്റ് വിളക്കുകളിൽ പലയിടത്തും ബൾബുകൾ മുഴുവൻ അണഞ്ഞ മട്ടാണ്. കെ.എസ്.ഇ.ബിയോട് പരാതിപ്പെട്ടാൽ തങ്ങൾക്കല്ല ഉത്തരവാദിത്തമെന്ന പല്ലവിയാണ്.
ഉത്തരവാദിത്വമുള്ളത് നഗരസഭക്കാണെങ്കിലും ഹൈമാസ്റ്റ് വിളക്കുകളുടെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നത് പലപ്പോഴും തോന്നിയപോലെയാണ്. പ്രവർത്തനരഹിതമാകുന്ന വിളക്കുകൾ നേരെയാക്കിയാലും നാളുകൾ കഴിഞ്ഞാൽ പഴയ പടിയാകും. രാപകലന്യേ നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിനു യാത്രക്കാരും കടന്നുപോകുന്ന മിഷൻ സ്കൂൾ ജങ്ഷനിലെ ഹൈമാസ്റ്റ് വിളക്ക് കെട്ടതോടെ ഇതുവഴി രാത്രിയാത്ര ദുഷ്കരമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.