കരുതണം, കൊടും ചൂടിനെ
text_fieldsപാലക്കാട്: കടുത്ത ചൂടിൽ വിയർത്തൊലിക്കുകയാണ് നാടും നഗരവും. ഏതാനും ദിവസങ്ങളായി അന്തരീക്ഷ താപം ഉയർന്നുതന്നെ തുടരുകയാണ്. മിക്ക ദിവസവും 40 ഡിഗ്രിയും കടക്കുന്ന ദുരിതം. ഇടമഴ ചിലയിടങ്ങളിൽ ലഭിച്ചെങ്കിലും ആർദ്രത ഉയർന്നതോടെ ഉഷ്ണം ഇരട്ടിച്ചതാണ് നാടിന്റെ അനുഭവം. തെരഞ്ഞെടുപ്പ് തിരക്കുകൾ കൂടിയായതോടെ വെയിൽ എല്ലാവർക്കും അത്ര ഒഴിവാക്കാവുന്ന ഒന്നല്ലാതായി മാറി. ജില്ലയിൽ കഴിഞ്ഞ ദിവസം രണ്ടുമരണങ്ങളാണ് സൂര്യാഘാതമേറ്റുണ്ടായത്. കുത്തനൂർ പനയകടം സ്വദേശി ഹരിദാസൻ (65), അട്ടപ്പാടി ഷോളയൂർ ഊത്തുക്കുഴി സ്വദേശി ശെന്തിൽ (50) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച മാത്തൂരിൽ കളിസ്ഥലത്തുനിന്ന് സൂര്യാതപമേറ്റ 15 വയസ്സുകാരൻ ചികിത്സയിലാണ്. മേടച്ചൂടിൽ കരുതൽ വേണമെന്നോർമിപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട ദാരുണ സംഭവങ്ങൾ.
സൂര്യാതപം എന്നാൽ
അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ ശരീരത്തിലെ താപനിയന്ത്രണ സംവിധാനം തകരാറിലാകും. ശരീര താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടും. ഈ അവസ്ഥയാണ് സൂര്യാതപം. ഇതിനേക്കാൾ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപശരീര ശോഷണം. കനത്ത ചൂടിനെ തുടർന്ന് ശരീരത്തിൽ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടർന്നുളള അവസ്ഥയാണിത്. വെയിലത്ത് ജോലി ചെയ്യുന്നവരിലും പ്രായമായവരിലും രക്തസമ്മർദ്ദം മുതലായവ ള്ളവരിലും ഇതുണ്ടാകാൻ സാധ്യതയേറെ.
ചികിത്സ വേണ്ടത്..
ഉയർന്ന് ശരീരതാപം, വരണ്ട് ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, നേർത്ത നാഡീമിടിപ്പ് തുടങ്ങിയ ലക്ഷണം അനുഭവപ്പെട്ടാൽ ചികിത്സ തേടണം.
ശ്രദ്ധിക്കുക
- കൂടുതൽ സമയം വെയിലത്ത് ജോലി ചെയ്യരുത്.
- ധാരാളം വെള്ളം കുടിക്കുക.
- ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഇളനീർ എന്നിവ കുടിക്കുക.
- ചൂട് കൂടുതലുള്ള അവസരങ്ങളിൽ തണലിൽ വിശ്രമിക്കുക.
- വീടിനകത്ത് കാറ്റ് ലഭിക്കാൻ വാതിലുകളും ജനലുകളും തുറന്നിടുക.
- കട്ടി കൂടിയത് ഒഴിവാക്കി അയഞ്ഞ ഇളംനിറത്തിലുള്ള വസ്ത്രം ധരിക്കുക.
- സൂര്യാതാപമേറ്റ് പൊള്ളിയ ഭാഗത്ത് കുമിളയുണ്ടായാൽ പൊട്ടിക്കരുത്.
- വെയിലത്തിറങ്ങുമ്പോൾ കുടയും വെള്ളവും കരുതുക.
- കാപ്പി, ചായ എന്നിവ പകൽ ഒഴിവാക്കുക.
- പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗം മൂലം അവശത അനുഭവിക്കുന്നവർ തുടങ്ങിയവർ പകൽ 11 മുതൽ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.