തീച്ചൂടിൽ തിളച്ച് പാലക്കാട്
text_fieldsപാലക്കാട്: ചൂടാണ്, കൊടുംചൂട്. താപമാപിനികളിൽ റെക്കോർഡ് അന്തരീക്ഷ താപം രേഖപ്പെടുത്തുന്നതിനിടയിൽ പാലക്കാടിന്റെ നാടും നഗരവും ഒരുപോലെ വിയർത്തൊലിക്കുകയാണ്. ഒരുമാസത്തിനിടെ ആറുജീവനുകളാണ് അത്യുഷ്ണം കവർന്നത്. അതിലുമെത്രയോ ഇരട്ടി ആളുകൾക്ക് ചുരുങ്ങിയ കാലയളവിൽ സൂര്യാതപമേറ്റു. ചൂടിന് പിന്നാലെ ജില്ലയെ വലച്ച് ജലദൗർലഭ്യം കൂടെ വ്യാപകമാകുന്നതോടെ പാലക്കാട് അക്ഷരാർഥത്തിൽ വലയുകയാണ്.
റെക്കോഡ് ചൂട്
ഏതാനും ആഴ്ചകളായി പാലക്കാട്ട് 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ചൂട്. ഉഷ്ണതരംഗം ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ ജില്ലയിൽ ജാഗ്രതയേറി. ഓറഞ്ച് അലർട്ട് കൂടിയായതോടെ വീണ്ടും വർധിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് 2016 ഏപ്രില്‍ 27ന് രേഖപെടുത്തിയ 41.9ഡിഗ്രി ആയിരുന്നു 1951നുശേഷം സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില.
42.6 ഡിഗ്രി ചൂടാണ് ഞായറാഴ്ച പാലക്കാട് മുണ്ടൂർ ഐ.ആർ.ടി.സിയിൽ രേഖപ്പെടുത്തിയത്. ഇതാകട്ടെ സംസ്ഥാനത്ത് കഴിഞ്ഞ 123 വര്‍ഷത്തിനിടയിൽ രേഖപ്പെടുത്തപ്പെട്ടതിൽ ഏറ്റവും ഉയർന്ന അന്തരീക്ഷതാപമാണ്.
വരൾച്ചയുടെ വക്കിൽ
മഴയിൽ വലിയ കുറവുണ്ടായതിനാൽ പ്രധാന നദികളായ ഭാരതപ്പുഴ, ഭവാനി, ഗായത്രിപ്പുഴ, തൂതപ്പുഴ, ശിരുവാണി, ചിറ്റൂർ പുഴ തുടങ്ങിയവ പലയിടത്തും വരണ്ടുണങ്ങിയ സ്ഥിതിയാണ്. ഒഴുക്ക് തുടരുന്നവയാവട്ടെ മെലിഞ്ഞുണങ്ങി നീർച്ചാലുകളായിട്ടുണ്ട്. നദികളിൽ ഒഴുക്ക് നിലച്ചതോടെ അണക്കെട്ടുകളിൽ പലതിലും ജലനിരപ്പ് അതിവേഗമാണ് താഴുന്നത്.
ജില്ലയിൽ 102.5 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് ഈ സീസണിൽ ലഭിച്ചത് 16.1 മില്ലിമീറ്റർ മഴയാണ്. മഴ കനിഞ്ഞില്ലെങ്കിൽ ജില്ലയിൽ വരൾച്ച സമാന സാഹചര്യം സംജാതമായേക്കാമെന്ന് കാലാവസ്ഥ വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു. ഇതിനകം തന്നെ ജലസേചനം മുടങ്ങിയതോടെ മിക്ക കൃഷിയും വരണ്ടുണങ്ങി.
ആളില്ലാ പാതകൾ
നഗരത്തിൽനിന്ന് മലമ്പുഴയിലേക്കുള്ള പാതയിലാണ് അരുണിന്റെ ശീതളപാനീയക്കട. ചൂട് വർധിച്ചതോടെ ശീതളപാനീയ വിപണി ഉണർവിന്റെ പാതയിലാണ്.
എന്നാൽ വേനലിൽ ആൾസഞ്ചാരം കുത്തനെ കുറഞ്ഞതോടെ കച്ചവടത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് അരുൺ പറയുന്നു. മലമ്പുഴയടക്കം ജില്ലയുടെ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലും നാമമാത്രമായ സന്ദർശകരാണ് എത്തുന്നത്. പ്രധാന നഗരങ്ങളിൽ പകൽ ആൾസഞ്ചാരം നാമമാത്രമായി. ഭക്ഷ്യശാലകളടക്കമുള്ളവർക്ക് കച്ചവടം കുറഞ്ഞിട്ടുണ്ട്.
മുൻകരുതൽ നടപടികൾക്ക് ഉന്നതതല യോഗം
ജില്ല, താലൂക്ക് ആശുപത്രികളിലെ ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ എന്നിവരുടെ വാര്‍ഡുകളില്‍ ആവശ്യമായ ഫാനുകള്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് ജില്ല കലക്ടറുടെ നിർദേശമുണ്ട്. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടര്‍ നടപടിയെടുക്കും. പഞ്ചായത്തിന്റെയും സഹകരണ സ്ഥാപനങ്ങളുടെയും എന്‍.ജി.ഒകളുടെയും സഹായത്തോടെ ആവശ്യമായ സ്ഥലങ്ങളില്‍ തണ്ണീര്‍പ്പന്തലുകള്‍ സ്ഥാപിക്കും.
മറവിരോഗമുള്ളവര്‍ക്കും പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്കും നല്‍കേണ്ട സംരക്ഷണം സംബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് ആശ വര്‍ക്കര്‍മാര്‍ മുഖേന ബോധവത്കരണം നടത്തും. ആദിവാസി മേഖലകളില്‍ പ്രമോട്ടര്‍മാര്‍ വഴി ബോധവത്കരണം നടത്തും. അഗ്നിബാധ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ല അഗ്നിശമനസേന വിഭാഗത്തിനും നിര്‍ദേശമുണ്ട്.
കായികപരിശീലനങ്ങള്‍, ക്യാമ്പുകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നില്ലെന്ന് ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഉറപ്പാക്കും. താപനില 41 ഡിഗ്രി ആണെങ്കിലും അന്തരീക്ഷ ഈര്‍പ്പം കൂടി ചേരുമ്പോള്‍ അനുഭവപ്പെടുന്ന ചൂട് 44 ഡിഗ്രി വരെയാകുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജില്ല കലക്ടര്‍ അറിയിച്ചു. എ.ഡി.എം സി. ബിജു, ഡി.എം.ഒ ഡോ. കെ.ആര്. വിദ്യ, തദ്ദേശസ്വയംഭരണവകുപ്പ് ജോയന്റ് ഡയറക്ടര്‍, അഗ്നിശമനസേന വിഭാഗം ഉള്‍പ്പടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
ആളിയാറും വറ്റി
പാലക്കാട്: ആളിയാർ ഡാമിൽ ജലനിരപ്പ് പാടേ കുറഞ്ഞതോടെ ചിറ്റൂർപുഴയിലേക്ക് പറമ്പിക്കുളത്തുനിന്ന് വഗരിയാർ പുഴ വഴി വെള്ളമെത്തിച്ച് പ്രതിസന്ധി പരിഹരിക്കാൻ ശ്രമം. സെക്കൻഡിൽ 45 ഘനയടി തോതിലാണ് വെള്ളം ലഭിക്കുന്നത്.
ഇത് ഒന്നിനും മതിയാവാത്ത സാഹചര്യത്തിൽ ചിറ്റൂർപ്പുഴയെയും ഭാരതപ്പുഴയെയും ആശ്രയിച്ചുള്ള ശുദ്ധജല പദ്ധതികൾ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെയാണ് ഏതുവിധേനയും കൂടുതൽ വെള്ളം എത്തിക്കണമെന്ന് കേരളം ശക്തമായി തമിഴ്നാടിനോട് ആവശ്യപ്പെട്ടത്.
നിലവിൽ ലഭിക്കുന്ന ആളിയാർ ജലം ഭാരതപ്പുഴയിൽ ഞാവളംകടവ് തടയണ വരെ മാത്രമേ എത്തിയിട്ടുള്ളൂ. ഇതിനു താഴെയുള്ള പ്രദേശങ്ങളിൽ പമ്പിങ്ങിന് ആവശ്യമായ ജലം ഇല്ല. ഇതോടെ ഭാരതപ്പുഴ സ്രോതസ്സാക്കിയ തൃശൂർ ജില്ലയിലടക്കം ശുദ്ധജല വിതരണം പ്രതിസന്ധിയിലാണ്.
നിലവിൽ ഒരാഴ്ച വിതരണം ചെയ്യാനുള്ള ജലം മാത്രമാണ് ഞാവളംകടവ് വരെയുള്ള തടയണകളിലുള്ളൂ. മുൻകാലങ്ങളിൽ ഇത്തരം പ്രതിസന്ധികളിൽ മലമ്പുഴ അണക്കെട്ടിൽനിന്ന് ഭാരതപ്പുഴയിലേക്ക് വെള്ളം തുറന്നുവിടാറുണ്ട്. എന്നാൽ മലമ്പുഴയിൽ വെള്ളം വളരെ കുറവാണ്. തുടർന്നാണ് കേരളത്തിന് ലഭിക്കേണ്ട വിഹിതത്തിൽ 2.5 ടി.എം.സി ഏതുവിധേനയും വാങ്ങിയെടുക്കണമെന്ന് സമ്മർദ്ദം ഉണ്ടായത്.
എന്നാൽ ആളിയാറിലും വെള്ളം കുറഞ്ഞതിനെ തുടർന്നാണു വഗരിയാർ പുഴ വഴി ആളിയാർ പുഴയിലേക്ക് നേരിട്ട് വെള്ളം എത്തിച്ച് ചിറ്റൂർപുഴയിലേക്ക് ലഭ്യമാക്കാൻ ശ്രമം തുടങ്ങിയത്. മുമ്പൊരിക്കൽ മാത്രമാണ് ഈ രീതി പരീക്ഷിച്ചത്. പറമ്പിക്കുളം അണക്കെട്ടിൽനിന്ന് തൂണക്കടവ് വഴി സർക്കാർ പതി പവർഹൗസിൽ വെള്ളം എത്തിച്ച് ആളിയാർ ഫീഡർ കനാൽ, കോണ്ടൂർ കനാൽ വഴിയാണ് ജലവിതരണം പതിവുള്ളത്.
ഇതിന് പകരം സർക്കാർപതി പവർ ഹൗസിനു സമീപത്തുനിന്നും വഗരിയാർ കൈവഴി താഴേക്ക് ഒഴുക്കി ആളിയാർ പുഴയിലെ വടക്കല്ലൂർ ആനിക്കെട്ടിൽ എത്തിക്കും. ഇവിടെനിന്ന് 15 കിലോമീറ്റർ താഴെയാണ് കേരളത്തിന് വെള്ളം അളന്നുതരുന്ന മണക്കടവ് വിയർ. ഈ രീതിയിൽ ജലവിതരണം ആരംഭിച്ചതായി കേരളത്തിലെ ജലസേചന വിഭാഗം അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.