ഉയര്‍ന്ന താപനില: ജില്ലയില്‍ മഞ്ഞ അലര്‍ട്ട്
text_fieldsപാലക്കാട്: ജില്ലയില്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ച സാഹചര്യത്തില്‍ സൂര്യാഘാതവും സൂര്യതപം മൂലമുള്ള പൊള്ളലുകള്‍ വരാനുള്ള സാധ്യതയുണ്ടെന്നും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ കൂടുതല്‍ കരുതല്‍ സ്വീകരിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. രാവിലെ 11 മുതല്‍ മൂന്നുവരെ നേരിട്ട് വെയില് കൊള്ളാതെ ശ്രദ്ധിക്കണം. മരത്തണലിലേക്കോ മറ്റു തണല്‍ പ്രദേശത്തേക്കോ മാറിനില്‍ക്കണം. വെയിലത്തു നടക്കേണ്ടി വരുമ്പോള്‍ കുട, തൊപ്പി, ടവ്വല്‍ എന്നിവ ഉപയോഗിക്കണം. പുറത്തുപോകുമ്പോള്‍ ഷൂസ് അല്ലെങ്കില്‍ ചെരിപ്പ് നിര്‍ബന്ധമായും ധരിക്കണം.
പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ കുട്ടികളെയും പ്രായമായവരെയും ഇരുത്തിപോകുന്നത് ഒഴിവാക്കണം. കഴിവതും ഇളം നിറമുള്ള പരുത്തി വസ്ത്രങ്ങള്‍ ഉപയോഗിക്കണം. ഇടക്ക് കൈ, കാല്, മുഖം ശുദ്ധജലമുപയോഗിച്ച് കഴുകണം. ചെറിയ കുട്ടികള്‍, പ്രായാധിക്യം മൂലമുള്ള ശാരീരിക പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍, ഗര്‍ഭിണികള്‍, അസുഖ ബാധകാരണം ക്ഷീണമനുഭവിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
കൈയില്‍ പുറത്തുപോകുമ്പോള്‍ എപ്പോഴും വെള്ളം കരുതണം, ദാഹം ഇല്ലെങ്കിലും ഇടക്കിടെ ശുദ്ധജലം കുടിക്കണം, ശാരീരിക അധ്വാനമനുസരിച്ചും വിയര്‍പ്പനുസരിച്ചും കൂടുതല്‍ വെള്ളം കുടിക്കണം. സംഭാരം, ഇളനീര്, നാരങ്ങ വെള്ളം ഇവയെല്ലാം ധാരാളം കഴിക്കാം. മദ്യം, ചായ, കാപ്പി, കാര്‍ബണേറ്റഡ് സിന്തറ്റിക് കോളകള്‍ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കണം. ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകി ഉപയോഗിക്കണം.
വീട്ടില്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാത്ത രീതിയില്‍ ജനാലകളും കര്‍ട്ടനുകളും തയാറാക്കണം. രാത്രിയില്‍ കൊതുക്, മറ്റ് ജീവികള്‍ എന്നിവ കയറാത്ത രീതിയില്‍ ജനലും കര്‍ട്ടനും തുറന്നു തണുത്തുവായു അകത്തേക്ക് പ്രവേശിപ്പിക്കാനുള്ള സാഹചര്യം ഉണ്ടാക്കണം. പകല്‍സമയത്ത് കഴിവതും താഴത്തെ നിലകളില്‍ സമയം ചെലവഴിക്കണം.
സൂര്യാഘാത ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം. വളരെ ഉയര്‍ന്ന ശരീര താപം, വറ്റി വരണ്ട, ചുവന്ന, ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡീമിടിപ്പ്, മാനസികാവസ്ഥയിലെ വ്യതിയാനങ്ങള്‍, അബോധാവസ്ഥ, തൊലി ചുവന്ന് തടിക്കല്‍, വേദന, പൊള്ളല്‍, തൊലിപ്പുറത്ത് കുരുക്കള്‍ ഉണ്ടാവുക, പേശീവലിവ്, ഓക്കാനം, ഛര്‍ദ്ദി, മൂത്രത്തിന്റെ അളവ് കുറഞ്ഞ് മഞ്ഞ നിറമാകുക എന്നിവയെല്ലാം സൂര്യാഘാതമോ സൂര്യതാപമോ ഏറ്റതിന്റെ ലക്ഷണങ്ങളാകാം. ഈ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ അടിയന്തരമായി വൈദ്യസഹായം തേടണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.