കൊടുംചൂടിൽ വിയർത്തൊലിച്ച് ജില്ല
text_fieldsപാലക്കാട്: കുറയാതെ ചൂട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക വിവരമനുസരിച്ച് ചൊവ്വാഴ്ചയാണ് ജില്ലയിൽ ഈവർഷത്തെ ഏറ്റവും ഉയർന്ന ചൂട് (40.1 ഡിഗ്രി സെൽഷ്യസ്)രേഖപ്പെടുത്തിയത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി പാലക്കാട് ഉയർന്ന അന്തരീക്ഷ ഊഷ്മാവ് രേഖപെടുത്തുകയാണ്. കഴിഞ്ഞ പത്തുദിവസങ്ങളിലും തുടർച്ചയായി അന്തരീക്ഷ ഊഷ്മാവ് 38 ഡിഗ്രി സെൽഷ്യസിന് മുകളിൽ തുടരുകയാണ്. ഏപ്രിൽ 13നും 14നും ജില്ലയിൽ ചൂട് 40 കടന്നിരുന്നു.
ശരീരത്തിന് തോന്നുന്ന അസാധാരണ ചൂട് സൂര്യാതപത്തിന്റെ ലക്ഷണമാകാം- ഡി.എം.ഒ
പാലക്കാട്: വെയിലിലും കൂടുതൽ ചൂടുള്ളിടത്തും കളിക്കുകയോ ജോലി ചെയ്യുകയോ ചെയ്തശേഷം ശരീരത്തിന് അസാധാരണമായ ചൂട് തോന്നുന്നത് സൂര്യതപത്തിന്റെ ലക്ഷണമാകാം എന്നുള്ളതിനാൽ ഉടൻ ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ ഉപദേശം തേടുകയും വേണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ.കെ.പി. റീത്ത അറിയിച്ചു.
മഴക്ക് സാധ്യത
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ചൂടിൽ നേരിയ കുറവുകാണാമെന്ന് കാലാവസ്ഥ നിരീക്ഷകൻ രാജീവൻ എരിക്കുളം പറഞ്ഞു. വരും ദിവസങ്ങളിൽ കാറ്റ് അനുകൂലമാകുന്നത്തോടെ വേനൽ മഴക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ വേനൽ മഴ ലഭിച്ചേക്കുമെന്നും രാജീവൻ പറഞ്ഞു.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ചൊവ്വാഴ്ച രേഖപ്പെടുത്തിയ അന്തരീക്ഷ ഊഷ്മാവ് ഡിഗ്രി സെൽഷ്യസിൽ
മലമ്പുഴ 39.7
മംഗലം ഡാം 39.9
വണ്ണമട 39.1
പോത്തുണ്ടി ഡാം 38.9
കൊല്ലെങ്കോട് 39.2
ഒറ്റപ്പാലം 38.9
മണ്ണാർക്കാട് 38.6
പട്ടാമ്പി 38.5
അടക്കപ്പുത്തൂർ 38.4
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.