മഴക്കെടുതിയിൽ വഴിമുട്ടി മലയോര കർഷകരുടെ ജീവിതം
text_fieldsകല്ലടിക്കോട്: മഴക്കെടുതികൾ മലമ്പ്രദേശങ്ങളിലെ കർഷകർക്ക് ഇരുട്ടടിയാവുന്നു. തുടർച്ചയായ വിളനാശവും മണ്ണൊലിപ്പും കർഷക മനസ്സുകളിൽ ഇരുൾ പടർത്തുകയാണ്. 2018 മുതൽ മൂന്ന് വർഷമായി കൃഷിനാശവും വിളകളുടെ കീടബാധയും ഒരു പോലെ പ്രതികൂലമായി ബാധിച്ചു. വന്യമൃഗങ്ങൾ കാടിറങ്ങി വിള നശിപ്പിക്കാറുള്ള പ്രദേശങ്ങളിൽ സർക്കാരും സ്വകാര്യ വ്യക്തികളും വൈദ്യുതി വേലിയും മറ്റും നിർമിച്ച് പ്രതിരോധം കാര്യക്ഷമമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പേമാരി കരിമ്പ, തച്ചമ്പാറ, കാഞ്ഞിരപ്പുഴ എന്നീ പഞ്ചായത്തുകളിലെ മലയോര ഗ്രാമങ്ങളിൽ വൻ നാശം വിതച്ചു.
കരിമ്പ ഗ്രാമപഞ്ചായത്തിലെ മൂന്നേക്കർ, ചുള്ളിയാംകുളം, മുണ്ടനാട്, ഇടപറമ്പ്, കരിമല, കുറുമുഖം, തുടിക്കോട്, ചെറുമല, മീൻവല്ലം എന്നിവിടങ്ങളിൽ 500 ഏക്കറോളം കൃഷിസ്ഥലത്തെ വളക്കൂറുള്ള മണ്ണാണ് ഒലിച്ചുപോയത്. പ്രളയാനന്തര കാലത്ത് മണ്ണ്, ജല സംരംക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി പുനഃസൃഷ്ടിച്ച ഭൂപാളികളെ മലവെള്ളപ്പാച്ചിൽ തുടച്ചുനീക്കി. നബാർഡ് സഹായം വഴിയാണ് നീർത്തടാധിഷ്ഠിത പദ്ധതി നടപ്പിലാക്കിയത്. മലയുടെ താഴ്വാര പ്രദേശങ്ങളിൽ കൃഷി നിലങ്ങളുടെ ഫലഭൂയിഷ്ഠിത പുനഃസ്ഥാപിക്കുക ശ്രമകരമാണ്. മണ്ണൊലിപ്പ് രൂക്ഷമായ കൃഷിഭൂമിയിൽ പുതുതായി വരുന്ന കൃഷിക്ക് ഉത്പാദനം കുറയുകയും ചെയ്യും. പുഴയോര കൃഷി നിലങ്ങളിലും കല്ലടിക്കോട് മലയുടെ താഴ്വാര പ്രദേശങ്ങളിലും കയ്യാല പോലും തകർന്ന് തോട്ടങ്ങൾ താഴ്ന്ന അവസ്ഥയുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.