കിടപ്പാടം ജപ്തി ഭീഷണിയിൽ; സഹായം തേടി നിർധന കുടുംബം
text_fieldsമണ്ണൂർ: മകളുടെ വിവാഹത്തിനായി വായ്പയെടുത്ത പണം തിരിച്ചടക്കാനാകാതെ കുടുംബത്തിന്റെ കിടപ്പാടം ജപ്തി ഭീഷണിയിൽ. മണ്ണൂർ നഗരിപുറം പുത്തൻപള്ളിയാലിൽ ദേവകി (63) ആണ് ബാങ്ക് ജപ്തി ഭീഷണി മൂലം ആധിയിലായത്. 2014ലാണ് മകളുടെ വിവാഹത്തിനായി കോങ്ങാട്ടെ പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കിൽ അഞ്ചു സെന്റ് കിടപ്പാടത്തിന്റെ ആധാരം പണയം വെച്ച് ഒന്നര ലക്ഷം രൂപ വായ്പയെടുത്തത്.
ഏക മകന്റെ വരുമാനത്തിൽ തിരിച്ചടക്കാമെന്ന പ്രതീക്ഷയിലാണ് വായ്പയെടുത്തത്. ഇതിനിടെയാണ് മകൻ വിനോദ് കുമാർ കെട്ടിടത്തിൽനിന്ന് വീണ് പരിക്കേറ്റ് പ്രമേഹം രോഗം കൂടി കിടപ്പിലായത്. ഇതോടെ തിരിച്ചടവ് താളം തെറ്റി. ഇതിനിടെ വായ്പയെടുത്ത് വിവാഹം കഴിപ്പിച്ചയച്ച മകൾ മരിച്ചു.
കുറേയൊക്കെ പണം തിരിച്ചടച്ചെങ്കിലും വായ്പ മുഴുവൻ തിരിച്ചടക്കാനാകാതെ ദേവകി പ്രയാസത്തിലായി. എന്നാൽ, മാർച്ച് ഒമ്പതിന് വസ്തു ലേലം ചെയ്യുമെന്ന് പറഞ്ഞ് ബാങ്ക് ഇവർക്ക് നോട്ടീസും നൽകിയതോടെ തമിഴന്മാരുടെ കൈയിൽ നിന്നും വട്ടിപലിശയെടുത്ത് 80,000 രൂപ ബാങ്കിലടച്ചതോടെ ലേലനടപടികൾ തൽക്കാലമായി നീട്ടികിട്ടി. എന്നാൽ, ഇനിയും പലിശയടക്കം രണ്ടു ലക്ഷത്തോളം രൂപ ബാങ്കിൽ അടച്ച് തീർക്കണ്ടതുണ്ട്. മുഴുവൻ തുകയും ഏപ്രിൽ 30നകം അടച്ച് തീർക്കണമെന്ന് ബാങ്ക് വീണ്ടും നിർദേശം നൽകിയതോടെ വയോധികയായ ദേവകിയമ്മ കിടപ്പാടം നഷ്ടമാകുമോ എന്ന ആധിയിലാണ്. സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെ ബാങ്കിലടക്കാനുള്ള പണം സ്വരൂപിക്കാനുള്ള ഊർജിത ശ്രമം നടന്നുവരുന്നുണ്ട്. നാട്ടുകാരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിച്ച് ബാങ്ക് ഓഫ് ബറോഡയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. കിടപ്പാടം നഷ്ടപ്പെടാതിരിക്കാൻ സുമനസ്സുകളുടെ സഹായം തേടുകയാണ് കുടുംബം . അക്കൗണ്ട് നമ്പർ: 57800100008303. ഫോൺ: 9447941651.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.