ലഹരി വിൽപന വ്യാപകം; പരിശോധന കടലാസിൽ
text_fieldsപെരുവെമ്പ്: ഗ്രാമവഴികളെല്ലാം ലഹരി വിൽപനക്കാരുടെ പിടിയിലാകുമ്പോഴും പൊലീസ് പരിശോധന പ്രഹസനമാകുന്നു. കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി, പുതുനഗരം, കൊടുവായൂർ പഞ്ചായത്തുകളിലാണ് കഞ്ചാവ്, ഹാഷിഷ് ഓയിൽ, എം.ഡി.എം.എ എന്നിവ വ്യാപകമാകുന്നത്. ലഹരിക്കെതിരെ സർക്കാർ തുടങ്ങിവെച്ച കാമ്പയിൻ കാലയളവിൽ ഇടവഴികളിൽ ലഹരി വിൽപന കുറവായിരുന്നെങ്കിലും നിലവിൽ പെരുവെമ്പ് പാലത്തുള്ളി, മാവുകാട്, പാലത്തുള്ളി പാലം, ഒറ്റപ്പന, കൊടുവായൂർ മന്ദത്തുകാവ്, കൊടുവായൂർ പിട്ടുപീടിക, കാക്കയൂർ റോഡ്, നൊച്ചൂർ, പുതുനഗരം മാങ്ങോട്, കരിപ്പോട് തുടങ്ങിയ പ്രദേശങ്ങളിൽ കഞ്ചാവ് ഉൾപ്പെടെ ലഹരി വിൽപന സജീവമായിട്ടുണ്ട്. പെരുവെമ്പ് പാലത്തുള്ളി പുഴ പാലത്തിനടുത്ത് ലഹരി വിൽപനക്കെതിരെ പൊലീസിലും എക്സൈസിലും പരാതികൾ നൽകിയും നടപടി ഉണ്ടായിട്ടില്ല. സന്ധ്യ കഴിഞ്ഞാൽ ലഹരി ഉപയോഗിക്കുന്നവരുടെ ശല്യം മൂലം പാലത്തുള്ളി പാലം വഴി നടക്കാൻ സാധിക്കാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.
പുതുനഗരം റെയിൽവേ സ്റ്റേഷൻ പരിസര പ്രദേശങ്ങളും റെയിൽവേ ക്വാർട്ടേഴ്സുകളും ലഹരി വിൽപനക്കാരുടെ പ്രധാന കേന്ദ്രങ്ങളായതിനാൽ സ്ത്രീകൾക്ക് രാത്രിയിൽ റെയിൽവേ സ്റ്റേഷൻ റോഡിലൂടെ നടക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ചുള്ളിയാർ, മീങ്കര ഡാമുകളിലും ലഹരി വിൽപന വർധിച്ചതിനാൽ പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർ സംയുക്തമായി മഫ്തിയിൽ പരിശോധന നടത്തിയാൽ വിൽപ്പനക്കാരെ പിടികൂടാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.