ആദിവാസി ബാലനുമായി ശ്രീകുമാർ താണ്ടിയത് 130 കിലോമീറ്റർ
text_fieldsപാലക്കാട്: അർപ്പണബോധത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പിൻബലത്തിൽ, പത്തു വയസ്സുകാരനായ ആദിവാസി ബാലന്റെ ജീവനുവേണ്ടി ശ്രീകുമാർ താണ്ടിയത് 130 കിലോമീറ്റർ. അബോധാവസ്ഥയിൽ അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലെത്തിയ ബാലനെ തൃശൂർ മെഡിക്കൽ കോളജിലെത്തിക്കാനാണ് പ്രതിബന്ധങ്ങൾ മറികടന്ന് രണ്ടു മണിക്കൂറും 13 മിനിറ്റുമെടുത്ത ആംബുലൻസ് യാത്ര. കോട്ടമല ഊരിലെ മരുതന്റെ മകൻ മണി അണുബാധയെത്തുടർന്നാണ് ഗുരുതരാവസ്ഥയിലായത്. ജീവൻതന്നെ അപകടത്തിലായ സ്ഥിതിയിലാണ് ബാലനുമായി കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലെ ആംബുലൻസ് പുറപ്പെട്ടത്. വ്യാഴാഴ്ച ഉച്ചക്ക് 12.50ന് തുടങ്ങിയ യാത്ര തൃശൂർ മെഡിക്കൽ കോളജിലെത്തിയത് 3.03ന്. കനത്ത മഴയും തകർന്ന റോഡുകളും പ്രതിബന്ധങ്ങളായെങ്കിലും എല്ലാം മറികടന്നാണ് ഡ്രൈവർ ശ്രീകുമാർ ഓടിയെത്തിയത്. ആനമൂളി-മണ്ണാർക്കാട് വരെയുള്ള റോഡിന്റെ അവസ്ഥയും ചെർപ്പുളശ്ശേരി ടൗണിലെ റോഡ് പ്രവൃത്തിയും സമയം കുറച്ച് വൈകിപ്പിച്ചു.
സാധാരണ റോഡുകൾ ഒഴിവാക്കി ചെറിയ റോഡുകളുപയോഗിച്ചു. അത്താണി മുതൽ മണപ്പുറത്തിന്റെ ആംബുലൻസ് വഴികാട്ടിയായി മുന്നിൽ ഓടിയതും സഹായകമായി. തിരക്കേറിയ മണ്ണാർക്കാട് ടൗണിലുൾപ്പെടെ ആംബുലൻസ് വന്ന എല്ലാ ഭാഗങ്ങളിലും ജനങ്ങൾ ഒറ്റക്കെട്ടായി സഹകരിച്ചെന്ന് ശ്രീകുമാർ പറഞ്ഞു. ചുമട്ടുതൊഴിലാളികൾ, പൊലീസ്, ഓട്ടോഡ്രൈവർമാർ, സന്നദ്ധ സംഘടന പ്രവർത്തകർ തുടങ്ങിയവരെല്ലാം സഹായിച്ചു. ഡ്രൈവർ ശ്രീകുമാറിനു പുറമെ എസ്.ടി പ്രമോട്ടർ സുനിൽകുമാർ, കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലെ കാഷ്വാലിറ്റി ജീവനക്കാരായ അഭി, നിമ്മി എന്നിവരും ആംബുലൻസിലുണ്ടായിരുന്നു. ആദിവാസി ബാലൻ തൃശൂർ മെഡിക്കൽ കോളജിൽ ഐ.സി.യുവിൽ കഴിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.