ഇടവപ്പാതിയും കൈവിട്ടു; തുപ്പനാട് പുഴ നിറഞ്ഞില്ല
text_fieldsകല്ലടിക്കോട്: ഇടതടവില്ലാതെ പെയ്ത് തിമിർക്കുന്ന ഇടവപ്പാതിയും ഇക്കുറി കൈവിട്ടതോടെ തിരിമുറി ഇല്ലാതെ വർഷിക്കേണ്ട മഴയിൽ കല്ലടിക്കോട് മേഖലയിലെ ശുദ്ധജല സ്രോതസ്സുകളിൽ അകം നിറഞ്ഞില്ല.
1989-90കളിൽ പിടിമുറുക്കിയ കൊടും വരൾച്ചക്ക് പിറകെ കരിമ്പ ഗ്രാമപഞ്ചായത്ത് വാസികൾക്ക് അനുഭവിക്കേണ്ടിവന്ന കടുത്ത വറുതിയുടെ നിഴലാട്ടമാണ് ഇപ്രാവശ്യം പ്രകടമായതെന്ന് കാരണവന്മാർ പറയുന്നു. ഇക്കുറി തുപ്പനാട് പുഴയോരത്ത് കുഴികുത്തി വെള്ളമെടുത്തില്ലെന്ന് മാത്രമെന്ന് മറ്റൊരു വീട്ടമ്മ.
തുപ്പനാട് പുഴയുടെ പ്രഭവസ്ഥലത്തും ഇത്തവണ ലഭിച്ചത് ശരാശരി 35 ശതമാനം മഴ. പുഴ മെലിയുകയും വെള്ളത്തിന് പ്രധാനമായും ആശ്രയിക്കുന്ന കാഞ്ഞിരപ്പുഴ കനാൽവെള്ളം മുന്നാഴ്ച നിലക്കുകയും ചെയ്തതോടെ സമീപകാലത്തൊന്നും അനുഭവിക്കാത്ത ജലക്ഷാമത്തിന്റെ പ്രയാസങ്ങൾ കരിമ്പ ഗ്രാമപഞ്ചായത്തിനകത്ത് താമസിക്കുന്ന നൂറ് കണക്കിന് വീട്ടുകാരും അനുഭവിച്ചു. മിഥുനമാസം പിറക്കാൻ ഇനി വിരലിലെണ്ണാവുന്ന ദിനരാത്രങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. കാലവർഷവും കനിയാത്ത പക്ഷം ഇക്കുറി ജലസമൃദ്ധിയുടെ സുഖം കല്ലടിക്കോട്ടുകാർക്കും അന്യമാവും.
താരതമ്യേന മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് വളരെ നല്ല തോതിൽ മഴ കിട്ടാറുള്ള അപൂർവം പ്രദേശങ്ങളിലൊന്നാണ് കല്ലടിക്കോട്. മനസ്സ് നിറഞ്ഞ് മഴ കിട്ടിയാൽ അകം നിറയെ ജലതുള്ളിച്ചാടുന്ന കാലത്തിലാണ് ഇനി പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.