ആഴക്കടൽ പഠനത്തിനായി ഇനി പാലക്കാട് ഐ.ഐ.ടിയുടെ റോബോട്ടും
text_fieldsപാലക്കാട്: ആഴക്കടലിൽ 300 മീറ്റർ വരെ പര്യവേക്ഷണം നടത്തി വിവരങ്ങൾ കൈമാറാൻ ശേഷിയുള്ള ആഴക്കടൽ റോബോട്ടിക് വാഹനം (യു.ആർ.വി) പാലക്കാട് ഐ.ഐ.ടി വികസിപ്പിച്ചു. ആഴക്കടൽ, ഉൾനാടൻ ജലദൗത്യങ്ങൾ, പരിശോധനകൾ എന്നിവക്ക് ഉപയോഗപ്പെടുത്താനുതകുന്നതാണ് റോബോട്ടിക് സംവിധാനം. പാലക്കാട് ഐ.ഐ.ടി മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം പ്രഫസർ ശാന്തകുമാർ മോഹൻ, മാണ്ഡി ഐ.ഐ.ടിയിലെ അസിസ്റ്റൻറ് പ്രഫസർ ഡോ. ജഗദീഷ് കഡിയം എന്നിവർ സംയുക്തമായാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഏതു ദിശയിലേക്കും പൂർണ ചലനസ്വാതന്ത്ര്യമുള്ള വാഹനം ഉയർന്ന പ്രവർത്തനക്ഷമതയുള്ളതും സ്വയംനിയന്ത്രിത സംവിധാനത്തോടെയുള്ളതുമാണ്. നേവിയുടെ ഉൾപ്പെടെ സഹായത്തോടെ 30 മീറ്റർ ആഴത്തിൽ വരെ കടൽത്തടത്തിലും തടാകങ്ങളിലും ഡാം റിസർവോയറുകളിലും ഇതിനകം വാഹനത്തിന്റെ പരീക്ഷണം പൂർത്തിയാക്കി.
പാലക്കാട് ഐ.ഐ.ടി ടെക്നോളജി ഐ ഹബ്ബ് ഫൗണ്ടേഷന്റെയും (ഐ.പി.ടി.ഐ.എഫ്) മാണ്ഡി ഐ.ഐ.ടിയുടെയും സഹകരണത്തോടെയാണ് സംവിധാനം വികസിപ്പിച്ചത്. കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിനു കീഴിലെ നാഷനൽ ഇന്റർഡിസിപ്ലിനറി സൈബർ-ഫിസിക്കൽ സിസ്റ്റംസാണ് (എൻ.എം-ഐ.സി.പി.എസ്) സാമ്പത്തിക സഹായം നൽകിയത്. വ്യവസായികാടിസ്ഥാനത്തിൽ മറൈൻ റോബോട്ടിക് സംവിധാനം വികസിപ്പിക്കാൻ പാലക്കാട് ഐ.ഐ.ടിയും ഐ.പി.ടി.ഐ.എഫും മറൈൻ റോബോട്ടിക്സിലെ പ്രമുഖ നിർമാണ സ്റ്റാർട്ടപ്പുകളുമായി ചർച്ച നടത്തിവരുകയാണ്. റോബോട്ടിക് സംവിധാനത്തിന് ഇന്ത്യൻ പേറ്റൻറിനായുള്ള ഫയൽ സമർപ്പിച്ചിട്ടുണ്ട്. എണ്ണ, പ്രകൃതിവാതക പര്യവേക്ഷണം, കടലിന്റെ അടിത്തട്ട് സർവേ, കപ്പലുകളുടെ അറ്റകുറ്റപ്പണി, കായൽ, അണക്കെട്ടുകൾ എന്നിവിടങ്ങളിലെ രക്ഷാപ്രവർത്തനം, ഗവേഷണം എന്നിവക്ക് റോബോട്ട് സഹായകരമാകും. ആറ് വശങ്ങളിലേക്കും യഥേഷ്ടം ദിശ മാറ്റാനും ചലിപ്പിക്കാനും സഹായിക്കുന്ന ചെറുറോക്കറ്റുകൾ, ഉയർന്ന പ്രവർത്തനക്ഷമത, പൂർണ സ്വയംനിയന്ത്രിത സംവിധാനം എന്നിവ പ്രത്യേകതകളാണ്. ശക്തമായ കടൽത്തിരകളെയും ആഴക്കടലിലെ മർദവ്യത്യാസത്തെയും അതിജീവിക്കാൻ ശേഷിയുള്ള സാങ്കേതികവിദ്യയാണ് ഇതിലുള്ളത്.
സാങ്കേതികവിദ്യ വികസനത്തിന് ഐ.ഐ.ടി പ്രതിജ്ഞാബദ്ധം -ഡയറക്ടർ
പാലക്കാട് ഐ.ഐ.ടിയും ഐ.പി.ടി.ഐ.എഫും അത്യാധുനിക സാങ്കേതികവിദ്യയുടെ വികസനത്തിന് പ്രതിജ്ഞാബദ്ധമാണെന്ന് ഐ.ഐ.ടി ഡയറക്ടർ പ്രഫ. എ. ശേഷാദ്രി ശേഖർ. ദേശീയ, ആഗോള വെല്ലുവിളികൾ അഭിമുഖീകരിക്കാൻ ശേഷിയുള്ള ആഴക്കടൽ റോബോട്ടിക്സ് സാങ്കേതികവിദ്യയിൽ കൈവരിച്ച നേട്ടം ഇതിന് തെളിവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആഴക്കടൽ റോബോട്ടിക് വാഹനം ഐ.പി.ടി.ഐ.എഫിന്റെ സുപ്രധാന നേട്ടങ്ങളിലൊന്നാണെന്ന് ഐ.പി.ടി.ഐ.എഫ് സി.ഇ.ഒ ഡോ. സായിശ്യാം നാരായണൻ പറഞ്ഞു. ഐ.ഐ.ടിയുടെ കീഴിൽ സെക്ഷൻ-8 കമ്പനിയായി സ്ഥാപിതമായ ഐ.പി.ടി.ഐ.എഫ് രാജ്യത്തെ 25 മികച്ച ടെക്നോളജി ഇന്നൊവേഷൻ ഹബ്ബുകളിലൊന്നാണ്. ഐ.പി.ടി.ഐ.എഫ് സാങ്കേതിക പുരോഗതിക്കായി ഡീപ് ടെക് സ്റ്റാർട്ടപ്പുകൾക്കും സംരംഭകർക്കും കൈത്താങ്ങാണ്. ഇതോടൊപ്പം വിവിധ നൈപുണ്യ വികസന പരിപാടികൾ നടത്തുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.