അനധികൃത പാർക്കിങ്ങിൽ വലഞ്ഞ് പാലക്കാട് നഗരം
text_fieldsപാലക്കാട്: ലോക്ഡൗൺ നിയന്ത്രണം പിൻവലിച്ചതോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നതോടെ നഗരത്തിലെ റോഡ് വക്കുകളിൽ അനധികൃത പാർക്കിങ് മൂലം ഗതാഗതക്കുരുക്ക് രൂക്ഷം. വാഹനങ്ങളെയും കാൽനടക്കാരെയും കുരുക്ക് വലക്കുന്നുണ്ട്.
വിവിധയിടങ്ങളിലെ റോഡിൽ വാഹനങ്ങൾ അലക്ഷ്യമായി നിർത്തി ഉടമകൾ പോകുന്നതിനാൽ മറ്റു വാഹനയാത്രികരും കാൽനടക്കാരുമാണ് ദുരിതത്തിലാകുന്നത്.
ബസ്സ്റ്റാൻഡ്, ജില്ല ആശുപത്രി പിരസരം എന്നിവിടങ്ങളിൽ വാഹനം നിർത്തിയിടുന്നതാണ് കൂടുതൽ ദുരിതത്തിന് കാരണമാകുന്നത്. ജില്ല ആശുപത്രിക്ക് മുൻവശം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ ഇവിടെ പലപ്പോഴും ഗതാഗതക്കുരുക്കും തിരക്കും രൂക്ഷമാണ്. ടൗണിൽ വിവിധ ആവശ്യങ്ങൾക്കും ജില്ല ആശുപത്രിയിലേക്കും വാഹനത്തിൽ എത്തുന്നവർക്ക് കോട്ടമൈതാനത്തെ പാർക്കിങ് സൗകര്യമുണ്ടായിരുന്നു.
നവീകരണത്തിന് കോട്ടമൈതാനം അടച്ചിട്ടതോടെ പാർക്കിങ് ജില്ല ആശുപത്രി റോഡിലും നഗരസഭ കെട്ടിടത്തിെൻറ മുൻവശത്തുമാണ്. ഇതുമൂലം ഇതുവഴിയുള്ള യാത്ര ദുസ്സഹമാകുന്നതിന് പുറമെ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നു. ട്രാഫിക് പൊലീസ് നഗരത്തിൽ വാഹനം നിർത്തിയിടുന്നതിന് വിവിധ സ്ഥലങ്ങൾ നിർദേശിച്ചെങ്കിലും നഗരസഭ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
അനധികൃത പാർക്കിങ്ങിനെതിരെ പൊലീസ് പരിശോധന കർശനമാക്കിയതോടെ വിവിധ ആവശ്യങ്ങൾക്ക് നഗരത്തിൽ എത്തിയവർ എവിടെ വാഹനം സുരക്ഷിതമായി നിർത്തിയിടുമെന്ന ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.