എലവഞ്ചേരിയിൽ അനധികൃത മണ്ണ് ഖനനം തകൃതി
text_fieldsഎലവഞ്ചേരി: എലവഞ്ചേരി കിഴക്കൻ മേഖലയിൽ അനധികൃത മണ്ണ് ഖനനം തകൃതി. പനങ്ങാട്ടിരി, മുതലമട, വെള്ളാരൻകടവ്, എലവഞ്ചേരി കൊളുമ്പ്, പോക്കാമട, തേക്കിൻചിറ, മാമണി തുടങ്ങിയ അൻപതിലധികം പ്രദേശങ്ങളിലാണ് അനധികൃത മണ്ണ് ഖനനം നടക്കുന്നത്. തെരഞ്ഞെടുപ്പ് തിരക്കുകൾക്ക് മുമ്പേ ആരംഭിച്ച ഖനനങ്ങളാണ് നിലവിൽ വ്യാപകമായത്. അനധികൃത ഖനനത്തിനെതിരെ പൊലീസ്-റവന്യൂ-കൃഷി വകുപ്പുകൾ നടപടി സ്വീകരിക്കാൻ മടിക്കുന്നതായി നാട്ടുകാർ പറയുന്നു.
അനധികൃത ഖനനമാണെന്ന് അറിയാമെങ്കിലും നടപടിയെടുക്കാത്ത ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ ഇരുട്ടിൽ തപ്പുകയാണ്. രാത്രിയും പകലുമായി എലവഞ്ചേരി, കൊല്ലങ്കോട് മേഖലയിൽ നൂറിലധികം ടിപ്പറുകളിലാണ് മണ്ണ് കടത്തുന്നതെങ്കിലും ഒന്നുപോലും പിടിക്കപ്പെടാറില്ല.
ഖനനത്തിനെതിരെ ചിറ്റൂർ താലൂക്ക് ഓഫിസിലും വില്ലേജ് ഓഫിസുകളിലും പരാതികൾ നൽകിയിട്ടും നടപടിയുണ്ടാവാത്തത് ജനപ്രതിഷേധം ശക്തമാക്കി. ഖനനം നടത്തിയ മണ്ണ് തെന്മല അടിവാരപ്രദേശങ്ങളിൽ കുന്നുകൾ പോലെ കൂട്ടിയിട്ട നിലയിലാണ്. മണ്ണ് ഖനനം പരിസരപ്രദേശങ്ങളിലെ കുടിവെള്ള സ്രോതസുകൾക്ക് ഭീഷണിയാകുന്നതായി കാണിച്ച് നാട്ടുകാർ പഞ്ചായത്ത് ഓഫിസുകളിലും കൃഷിഭവനുകളിലും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തെ നോക്കുകുത്തിയാക്കി ഇരുപൂവൽ നെൽപാടങ്ങളിൽ നടക്കുന്ന മണ്ണ് ഖനനത്തിനെതിരെ ജില്ല കലക്ടർ നടപടിയെടുക്കണമെന്നാണ് പൊതുജനാവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.