കുളങ്ങൾ ആഴം കൂട്ടിയ മണ്ണ് അനധികൃതമായി കടത്തുന്നു
text_fieldsകൊല്ലങ്കോട്: ആറ് കോടിയിലധികം രൂപയുടെ ഫണ്ട് വിനിയോഗിച്ച് ആഴം കൂട്ടിയ കുളങ്ങളിലെ മണ്ണ് അനധികൃതമായി കടത്തുന്നു. മുതലമട ഗ്രാമപഞ്ചായത്തിൽ കുളം നവീകരണത്തിന്റെ ഭാഗമായി 2013-14 കാലയളവിൽ ലാൻഡ് ഡെവലപ്മെന്റ് കോർപറേഷൻ നീർത്തട പദ്ധതിയിൽ കുളങ്ങൾ നവീകരിച്ചിരുന്നു. ഇതിൽ വിജിലൻസ് അന്വേഷണം നേരിടുന്ന കുളങ്ങളിൽ നിന്നുള്ള മണ്ണാണ് രാപ്പകൽ വ്യത്യാസമില്ലാതെ കടത്തുന്നത്.
ലാൻഡ് ഡെവലപ്മെന്റ് കോർപറേഷൻ നീർത്തട പദ്ധതിയിൽ കുളങ്ങൾ നവീകരിക്കാൻ ജില്ലയിൽ 966.34 കോടി രൂപയുടെ പദ്ധതിയിട്ടിരുന്നു. ഇതിന്‍റെ ഭാഗമായാണ് 6.32 കോടിയിലധികം രൂപ ചെലവഴിച്ച് മുതലമട പഞ്ചായത്തിലെ ഒമ്പത് കുളങ്ങൾ ആഴം കൂട്ടിയത്. ഇതിൽ ക്രമക്കേടുണ്ടെന്ന് ജല ഉപഭോക്തൃ തണ്ണീർത്തട സംരക്ഷണ സമിതി ജില്ല ജനറൽ സെക്രട്ടറി വി.പി. നിജാമുദ്ദീൻ 2015ൽ ബന്ധപ്പെട്ട വകുപ്പിനും വിജിലൻസിനും പരാതി നൽകിരുന്നു.
തുടർന്ന് ധന ഡെപ്യൂട്ടി സെക്രട്ടറിക്കെതിരെ വകുപ്പുതല അന്വേഷണം നടത്തിയിരുന്നു. വലിയ ചള്ള, പോത്തമ്പാടം, പള്ളം, പാപ്പാൻ ചള്ള, മാമ്പള്ളം, കരിപാലി ചള്ള, മൗതണ്ണൻ ചള്ള പ്രദേശങ്ങളിലെ ഒമ്പത് കുളങ്ങൾ നവീകരിക്കാൻ 6.32 കോടി രൂപ വിനിയോഗിച്ചതിൽ ക്രമക്കേടുണ്ടെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കേരള ലാൻഡ് ഡെവലപ്മെന്റ് കോർപറേഷൻ മാനേജിങ് ഡയറക്ടർ ഉൾപ്പെടെ 15 പേർക്കെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കുളങ്ങൾ ആഴം കൂട്ടുകയെന്ന വ്യാജേന മണൽവാരി വിൽക്കുന്നെന്നും നവീകരിച്ച കുളങ്ങളുടെ വശങ്ങളെല്ലാം ഇടിഞ്ഞുതാഴ്ന്നെന്നുമാണ് പ്രധാന പരാതി. വിജിലൻസ് കോടതിയിൽ നിലനിൽക്കുന്ന കേസിൽ ഉൾപ്പെട്ട കുളങ്ങളിലെ മണ്ണ് സംരക്ഷിക്കേണ്ട ബന്ധപ്പെട്ട വകുപ്പുകളുടെ അനാസ്ഥയാണ് മണ്ണും ചളിയും കടത്തുന്നതിന് വഴിവെക്കുന്നതെന്ന് ആക്ഷേപമുണ്ട്.
കുളം ആഴം കൂട്ടുന്നതിന്‍റെ ഭാഗമായി പുറത്തെടുത്ത മണ്ണ് നെൽപാടങ്ങളും തണ്ണീർതടങ്ങളും നികത്താൻ ഉപയോഗിക്കുന്നതിനാൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും നിയമപ്രകാരം മണ്ണ് ലേലത്തിനു നൽകി സർക്കാറിന് മുതൽകൂട്ടാക്കണമെന്നുമാണ് പൊതു ആവശ‍്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.