അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഐ.എം.എ നിലപാട് ശരിയല്ല -എ.കെ. ബാലൻ
text_fieldsചിറ്റൂർ: ചികിത്സ പിഴവിനെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതിനു മുമ്പ് ആശുപത്രിയെ ന്യായീകരിച്ച ഐ.എം.എ നിലപാട് ശരിയല്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവ ചികിത്സയ്ക്കിടെ മരിച്ച തത്തമംഗലം ചെമ്പകശ്ശേരി സ്വദേശി രഞ്ജിത്തിന്‍റെ ഭാര്യ ഐശ്വര്യയുടെ വീട്ടിലെത്തി ഭർത്താവിനെയും കുടുംബാംഗങ്ങളെയും സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ പരിശോധിക്കാൻ ഡോക്ടർമാരടങ്ങിയ വിദഗ്‌ധ സംഘത്തെ നിയോഗിക്കണമെന്ന് സർക്കാർ ഉത്തരവുണ്ട്. അതിന് ജില്ല മെഡിക്കൽ ഓഫിസർക്ക് അധികാരവും നൽകിയിട്ടുണ്ട്. മരണം നടന്ന ആശുപത്രിയുമായി ബന്ധമുള്ള ആരും കമ്മിറ്റിയിൽ ഉണ്ടാകില്ല. ഗൈനക്കോളജി, അനസ്‌ത്യറ്റിസ്‌റ്റ്, സർജൻ, ഫിസിഷ്യൻ, എമർജൻസി മെഡിസിൻ, പീഡിയാട്രീഷ്യൻ എന്നിവർ ഉൾക്കൊള്ളുന്ന പാനൽ ഡി.എം.ഒ തയാറാക്കണം. അത് ജില്ല പൊലീസ് മേധാവി പരിശോധിക്കണം. തുടർന്ന് സർക്കാർ ഉത്തരവിറക്കണം. ഈ സംവിധാനം ഉപയോഗപ്പെടുത്തി വസ്‌തുത വെളിച്ചത്ത് കൊണ്ടുവരണം. ഇക്കാര്യത്തിൽ കലക്ടറും ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അനാവശ്യവിവാദം സ്വാഭാവികമായും ഉണ്ടാകും.
സംഭവത്തിൽ തങ്കം ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്‌ചവന്നുവെന്നാണ് ഐശ്വര്യയുടെ ഭർത്താവ് രഞ്‌ജിത്തിന്റെ പരാതിയെന്നും ബാലൻ പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.