കാഞ്ഞിരപ്പുഴ കനാൽ: മന്ത്രിയുടെ നിർദേശം നടപ്പായില്ല
text_fieldsതച്ചമ്പാറ: കാഞ്ഞിരപ്പുഴ ഇടതുകനാലിൽ താൽക്കാലിക സംവിധാനമൊരുക്കി വെള്ളിയാഴ്ച വെള്ളം തുറന്നു വിടണമെന്ന ജലസേചന മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നിർദേശം നടപ്പായില്ല.
ഞായറാഴ്ചയോ തിങ്കളാഴ്ചയോ താൽക്കാലികമായി വെള്ളം തുറന്നു വിടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഉറപ്പു പറയാനാവില്ലെന്നും അധികൃതർ പറയുന്നു. തുലാമഴ കിട്ടാതെ വന്നതോടെ ഉണക്ക് ഭീഷണി നേരിടുന്ന നെൽകർഷകരുടെ ആവശ്യത്തെത്തുടർന്നാണ് കഴിഞ്ഞ തിങ്കളാഴ്ച കാഞ്ഞിരപ്പുഴ ഇടതു കനാൽ തുറന്നത്.
എന്നാൽ ചോർച്ചയെതുടർന്ന് തുറന്നുവിട്ട ഉടനെ തന്നെ കനാൽ അടക്കുകയും ചെയ്തു. പ്രതിഷേധത്തെ തുടർന്ന് ചൊവ്വാഴ്ച വീണ്ടും തുറന്നെങ്കിലും വീണ്ടും അടച്ചു.
തുറക്കലും അടക്കലും വിവാദമായതിനെത്തുടർന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യാഴാഴ്ച സ്ഥലത്തെത്തിയിരുന്നു. അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തീകരിച്ച് വെള്ളിയാഴ്ച വെള്ളം തുറന്നുവിടാൻ മന്ത്രി നിർദേശം നൽകുകയും ചെയ്തിരുന്നു. പണി പൂർത്തിയായശേഷം മാത്രമേ വെള്ളം വിടാൻ കഴിയൂവെന്ന നിലപാടിലാണ് അധികൃതർ ഇപ്പോൾ. മണ്ണാർക്കാട്, ഒറ്റപ്പാലം താലൂക്കുകളിലെ നൂറുകണക്കിന് ഹെക്ടർ നെൽകൃഷിയാണ് വെള്ളം കിട്ടാത്തതിനാൽ ഉണക്ക് ഭീഷണി നേരിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.