മലമ്പുഴയിൽ ത്രികോണപ്പോരിെൻറ ചൂട്
text_fieldsപാലക്കാട്: കത്തിയാളുന്ന വേനൽച്ചൂടിനെ വെല്ലുന്ന തെരഞ്ഞെടുപ്പ് ചൂടിലാണ് മലമ്പുഴ. ചെെങ്കാടിക്ക് ആഴത്തിൽ വേരോട്ടമുള്ള മണ്ണാണെങ്കിലും ഇക്കുറി മലമ്പുഴ കടക്കാൻ ഇടതിന് അൽപം അധ്വാനം വേണ്ടിവരും. വി.എസ്. അച്യുതാനന്ദൻ കളമൊഴിഞ്ഞ തെരഞ്ഞെടുപ്പിൽ, ഇടത് കോയ്മ അതുപോലെ നിലനിർത്തുകയെന്ന ദൗത്യമാണ് എൽ.ഡി.എഫിനുള്ളത്. ചുവപ്പുകോട്ടയിൽ വിള്ളൽ വീഴ്ത്താൻ ബി.ജെ.പിയും സ്വാധീനം തിരിച്ചുപിടിക്കാൻ കോൺഗ്രസും കഠിന പരിശ്രമം നടത്തുന്ന മണ്ഡലത്തിൽ, ത്രികോണപ്പോരിെൻറ ചൂടും ചൂരും ശരിക്കും പ്രകടം.
ഇ.കെ. നായനാർ, ടി. ശിവദാസമോനോൻ എന്നിവർ അടക്കം പ്രമുഖരെ നിയമസഭയിലെത്തിച്ച മണ്ഡലത്തെ 2011 മുതൽ പ്രതിനിധീകരിക്കുന്നത് വി.എസ്. അച്യുതാനന്ദൻ. പരമ്പരാഗത ഇടതു-വലതു ചേരികൾക്കപ്പുറം ബി.ജെ.പിയുടെ രംഗപ്രവേശനമാണ് 2016െല നിയമസഭ ഫലത്തെ ശ്രദ്ധേയമാക്കിയത്. വി.എസ് 27,000ൽപരം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ ഞെട്ടിച്ച് ബി.ജെ.പി 10,000ലേറെ േവാട്ടുകൾ അധികം നേടി രണ്ടാംസ്ഥാനത്തെത്തി. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് തിരിച്ചുവരവ് നടത്തിയെങ്കിലും മണ്ഡലത്തിൽ കാവിപ്പട നിർണായക ശക്തിയാണ്.
ലോക്സഭയിൽ അൽപം തിളക്കം മങ്ങിയെങ്കിലും തദ്ദേശത്തിൽ കോട്ട ഭദ്രമാക്കിയ ആത്മവിശ്വാസം ഇടതുകേന്ദ്രങ്ങൾക്കുണ്ട്. ജില്ലയിലെ പ്രമുഖ ട്രേഡ് യൂനിയൻ നേതാവും സി.പി.എം ജില്ല കമ്മിറ്റി അംഗവുമാണ് എൽ.ഡി.എഫ് സ്ഥാനാർഥി എ. പ്രഭാകരൻ. വി.എസിെൻറ പ്രതിനിധിയെന്ന നിലയിലും അല്ലാതെയും മലമ്പുഴയിൽ പതിറ്റാണ്ടുകളുടെ പ്രവർത്തന പരിചയമുണ്ട്. 2016ൽ മികച്ച പ്രകടനം കാഴ്ചവെച്ച സി. കൃഷ്ണകുമാറിനെയാണ് ബി.ജെ.പി വീണ്ടും കളത്തിലിറക്കിയത്. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയും പാലക്കാട് നഗരസഭ മുൻ വൈസ് ചെയർമാനുമാണ്.
ഡി.സി.സി ജനറൽ സെക്രട്ടറി എസ്.കെ. അനന്തകൃഷ്ണനെ അങ്കത്തിനിറക്കി വാശിയേറിയ പോരിലാണ് യു.ഡി.എഫ്. ഭാരതീയ ജനതാദളിന് സീറ്റ് നൽകിയതിനെതിരെ കലാപക്കൊടി ഉയർത്തി മണ്ഡലം തിരിച്ചുപിടിച്ചതിെൻറ ആവേശം കോൺഗ്രസ് പ്രവർത്തകരിലുണ്ട്. ത്രികോണപ്പോരിൽ മേൽകൈ ഇടതിനാണെങ്കിലും സകല അടവുകളും പുറത്തെടുത്തുള്ള ശക്തമായ പ്രചാരണത്തിലാണ് മുന്നണികൾ. വീറുറ്റ പോരിൽ ബി.ജെ.പി വിജയപ്രതീക്ഷ പ്രകടിപ്പിക്കുേമ്പാൾ ഇടതുവോട്ടുകൾ ഭദ്രമാണെന്നും വിജയം സുനിശ്ചിതമാണെന്നും എൽ.ഡി.എഫ് പറയുന്നു. ബി.ജെ.പി പിന്തള്ളപ്പെടുമെന്നും 2016 ആവർത്തിക്കില്ലെന്നുമുള്ള ആത്മ വിശ്വാസം യു.ഡി.എഫിനുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.