പുസ്തക കാവൽക്കാരന്റെ ഓർമയിൽ കിടപ്പാടമൊരുങ്ങി
text_fieldsമങ്കര: ഒരുവീടിനെ മുഴുവൻ ലൈബ്രറിയാക്കി മാറ്റിയ പുസ്തകത്തിന്റെ കാവൽക്കാരനായിരുന്ന മൺമറഞ്ഞ കനകരാജിന്റെ നാലംഗ കുടുംബത്തിന് സുമനസ്സുകളുടെ കൂട്ടായ്മയിൽ കിടപ്പാടമായി. മങ്കര പുറയത്ത് കനകരാജിന്റെ കുടുംബത്തിനാണ് 12 ലക്ഷം രൂപ ചെലവിൽ കിടപ്പാടമൊരുങ്ങിയത്. കഴിഞ്ഞവർഷം മേയ് ആറിനാണ് കനകരാജ് മരിച്ചത്. കാര്യമായ തൊഴിലുകളൊന്നുമില്ലാത്തതിനാൽ ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം പ്രയാസത്തിലായിരുന്നു. വർഷങ്ങളായി ഇദ്ദേഹത്തിന്റെവീട് തന്നെ വലിയ ഒരു ലൈബ്രറിയായിരുന്നു. 3500 ലേറെ പുസ്തകങ്ങളും നിരവധി പത്ര ശേഖരങ്ങളും ഇവിടെ സൂക്ഷിച്ചിരുന്നു. ചിതലരിച്ച ഓടിട്ട വീടിനുള്ളിൽ പ്ലാസ്റ്റിക് കവറിട്ടാണ് 3500ലേറെ പുസ്തകങ്ങളെ മഴ നനയാതെ സൂക്ഷിച്ചിരുന്നത്. പെട്ടെന്നുള്ള മരണം കുടുംബത്തെ ഏറെ വിഷമത്തിലാക്കി. ഇത് കണ്ടറിഞ്ഞെത്തിയ നിത്യചൈതന്യയതിയുടെ ശിഷ്യൻ ഷൗക്കത്ത് പുസ്തകങ്ങൾഏറ്റുവാങ്ങി. വയനാടുള്ള ആശ്രമത്തിലെ ലൈബ്രറിയിലേക്ക് കൈമാറി.
ഷൗക്കത്ത് നൽകിയ മൂന്നര ലക്ഷവും സുമനസ്സുകളുടെ കൂട്ടായ്മയിൽ സ്വരൂപിച്ച ബാക്കിതുകയും സ്വരൂപിച്ചാണ് നാലംഗ കുടുംബത്തിന് വീടായത്. ഭാര്യ സുനിതയും മക്കളായ അഭിലാഷ്, ചിത്ര, അമ്മ വസന്തകുമാരി എന്നിവരടങ്ങുന്നതാണ് കുടുംബം. ബുധനാഴ്ച ഷൗക്കത്ത് കനകരാജിന്റെ ചിത്രം അനാച്ഛാദന കർമം നിർവഹിച്ചു. വിവിധകലാകാരന്മാർ എഴുത്തുകാർ, നടന്മാർ, വായനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
എഴുത്ത്കാരനും നടനുമായ മുരളി മങ്കര, രമേശ് മങ്കര, തുളസിദാസ് പി.ആർ. ബിജുകുമാർ, മോഹനൻ കൊയിലത്ത്, രവിശങ്കർ, മങ്കര പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ്, പഞ്ചായത്ത് അംഗം കെ.വി. രാമചന്ദ്രൻ. വിനോദ് കൊയിലത്ത്, കെ. രാമനാഥൻ, കെ. കൃഷ്ണദാസ്, കെ.വി. വേലായുധൻ, രമേശ് മങ്കര, തുളസീദാസ്, കെ.എൻ. മാധവൻ എന്നിവരും പങ്കെടുത്തു. പ്രതിഫലമൊന്നും വാങ്ങാതെയാണ് തുളസിദാസ് ഇവരുടെ നിർമാണം പൂർത്തീകരിച്ചു നൽകിയത്. ലളിതമായ ഉച്ചഭക്ഷണവും ഒരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.