മൂന്നു വര്‍ഷത്തിനിടെ പാലക്കാട് ജില്ലയിൽ 6055 വാഹനാപകടങ്ങള്‍ 945 മരണം
text_fieldsപാലക്കാട്: ജില്ലയില്‍ 2019 മുതൽ 2021 വരെയുള്ള മൂന്നു വര്‍ഷക്കാലയളവില്‍ ഉണ്ടായത് 6055 വാഹനാപകടങ്ങളും 945 മരണങ്ങളും. 6617 പേര്‍ക്ക് പരിക്കേറ്റു. ആര്.ടി.ഒ എന്‍ഫോഴ്സ്മെന്റ് വിഭാഗം പഠന റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരം. അപകടങ്ങളും മരണവും കൂടുതലും രാവിലെ ആറു മുതല്‍ ഒമ്പതു വരെയും വൈകീട്ട് ആറു മുതല്‍ ഒമ്പതു വരെയുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടവും മരണവും കൂടുതല്‍ നടക്കുന്നത് ഇരുചക്രവാഹനങ്ങളിലാണ് (46 ശതമാനം). മരണങ്ങളില്‍ 24 ശതമാനം കാല്‍നടയാത്രികരാണ്. 19 ശതമാനം ദേശീയപാതയിലും 22 ശതമാനം സംസ്ഥാനപാതയിലും 59 ശതമാനം മറ്റ് റോഡുകളിലുമാണ് അപകടം നടക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അപകടം നടന്ന റോഡുകള്‍, സ്ഥലം, സമയം അപകടങ്ങളില്‍പ്പെടുന്ന വാഹനങ്ങള്‍, മരണം, പരിക്കേറ്റവർ, അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന മേഖലകള്‍, അപകടം കൂടുതല്‍ നടക്കുന്ന റോഡുകള്‍ എന്നിവ കണ്ടെത്തി പ്രാഥമിക റോഡ് ഓഡിറ്റിങ് നടത്തുകയും അപകട മേഖല ഗൂഗ്ള്‍ മാപ്പില്‍ രേഖപ്പെടുത്തുകയും ചെയ്തു. പഠന റിപ്പോര്‍ട്ട് ജില്ല കലക്ടർക്ക് സമർപ്പിച്ചു. റിപ്പോര്‍ട്ട് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറാന്‍ ജില്ല റോഡ് സുരക്ഷ അതോറിറ്റി ചെയര്പേഴ്സൻ കൂടിയായ ജില്ല കലക്ടര്‍ മൃണ്മയി ജോഷി നിർദേശം നല്കി.
220 അപകട മേഖലകള്‍
ജില്ലയിൽ 220 അപകട മേഖലകളുള്ളതായി ആര്.ടി.ഒ എന്‍ഫോഴ്സ്മെന്റ് വിഭാഗം ചൂണ്ടിക്കാട്ടുന്നു. പാലക്കാട് - കോഴിക്കോട് ദേശീയപാത 966ല്‍ ചന്ദ്രനഗര്‍, മാഞ്ഞാലി ജങ്ഷന്, കൊപ്പം ജങ്ഷന്, പാലാല്‍ ജങ്ഷന്, ഒലവക്കോട്, പുതുപ്പരിയാരം, പൊരിയാനി, വേലിക്കോട്, കാഞ്ഞികുളം, കല്ലടിക്കോട് ചുങ്കം, കല്ലടിക്കോട് മാപ്പിള സ്കൂള്‍, തുപ്പനാട്, പനയംപാടം, ഇടക്കുറിശ്ശി, മുല്ലത്ത് പാറ, തച്ചമ്പാറ, ചൂരിയോട്, ചിറക്കല്‍പ്പടി, വിയ്യക്കുറിശ്ശി, നോട്ടമല, മണ്ണാര്‍ക്കാട് ടൗണ്‍, കോടതിപ്പടി, കുന്തിപ്പുഴ, എം.ഇ.എസ് കോളജ്, കുമരംപുത്തൂര്‍, വട്ടമ്പലം, ആര്യമ്പാവ്, കൊടക്കാട് ജങ്ഷന്, 55ാം മൈല്‍, നാട്ടുകല്‍, തൊടുകാപ്പ് എന്നീ സ്ഥലങ്ങളിലാണ് സ്ഥിരം അപകട മേഖലകള്‍.
വാളയാര്‍ മുതല്‍ വടക്കഞ്ചേരി വരെയുള്ള ദേശീയ പാത 566ല്‍ വാളയാര്‍, ഡീര്‍ പാര്‍ക്ക്, പതിനാലാംകല്ല്, ആലാമരം, പുതുശ്ശേരി പഞ്ചായത്ത്, കഞ്ചിക്കോട് റെയില്‍വേ സ്റ്റേഷന്, സത്രപ്പടി, ഐ.ടി.ഐ, കുരുടിക്കാട്, പുതുശ്ശേരി, മരുതറോഡ്, കാഴ്ചപ്പറമ്പ്, വടക്കുമുറി, കണ്ണന്നൂര്‍, കുഴല്‍മന്ദം, കുളവന്‍മുക്ക്, ചരപ്പറമ്പ്, വെള്ളപ്പാറ, ചിതലി ജങ്ഷന്, എരിമയൂര്‍ തോട്ടുപ്പാലം, സ്വാതി ജങ്ഷന്, നെല്ലിയാംകുന്നം, ഇരട്ടക്കുളം, അനക്കപ്പാറ, അഞ്ചുമൂര്‍ത്തി മംഗലം, മംഗലംപാലം, റോയല്‍ ജങ്ഷന്, പന്തലാംപാടം, വാണിയംപാറ എന്നീ സ്ഥലങ്ങളിലും വൻതോതിൽ അപകടങ്ങൾ ഉണ്ടാകുന്നു.
പാലക്കാട് മുതല്‍ കുളപ്പുള്ളി വരെയുള്ള സംസ്ഥാന പാതയില്‍ രണ്ടാംമൈല്‍, കല്ലേക്കാട്, എടത്തറ, പറളി, തേനൂര്‍, മാങ്കുറിശ്ശി, മങ്കര, പത്തിരിപ്പാല, പഴയ ലക്കിടി, ലക്കിടി മംഗലം, ലക്കിടി കൂട്ടുപ്പാത, ചിനക്കത്തൂര്‍ ടെമ്പ്ള്‍, കയറംപാറ, 19ാം മൈല്‍, ഈസ്റ്റ് ഒറ്റപ്പാലം, ഒറ്റപ്പാലം ടൗണ്‍, കണ്ണിയംപുറം, മനിശ്ശേരി, വാണിയംകുളം, പത്തിപ്പാറ, കൂനത്തറ, കുളപ്പുള്ളി കാര്‍മല്‍ സ്കൂള്‍, കുളപ്പുള്ളി കെ.എസ്.ഇ.ബി, വാടനാംകുറിശ്ശി എന്നീ സ്ഥലങ്ങളിലും അപകട മേഖലകളാണ്. വടക്കഞ്ചേരി മുതല്‍ ഗോവിന്ദാപുരം വരെയുള്ള സംസ്ഥാന പാതയില്‍ കരിപ്പാലി വള്ളിയോട്, കടമ്പിടി മോസ്ക്, കടമ്പിടി ഷാപ്പ്, ഗോമതി, എന്‍.എസ്.എസ് കോളജ് നെന്മാറ, അവൈറ്റിസ് ഹോസ്പിറ്റല്‍, അയിനാമ്പാടം, നെന്മാറ, വിത്തനശ്ശേരി, കുമ്പളക്കോട്, കരിങ്കുളം, കൊല്ലങ്കോട്, കുരുവിക്കൂട്മരം, നെടുമണിമേട്, നണ്ടന്‍കീഴായ, കാമ്പ്രത്ത് ചള്ള, ചൂളിയാര്‍ മേട്, എം പുതൂര്‍ എന്നീ സ്ഥലങ്ങളിലും പതിവായി അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.