ജീവൻ കവരുന്ന പാളങ്ങൾ
text_fieldsപാലക്കാട്: വാളയാർ വനത്തിലൂടെ കടന്നുപോകുന്ന എ, ബി ട്രാക്കുകളിൽ ഇതാദ്യമായല്ല ആനകളുടെ ജീവൻ പൊലിയുന്നത്. കൊട്ടേക്കാട് മുതൽ വാളയാർ നവക്കര വരെയുള്ള 26 കിലോമീറ്റർ റെയിൽപാളത്തിൽ വന്യജീവികൾ അപകടത്തിൽപെടുന്നത് പതിവാണെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. കഞ്ചിക്കോട് മുതൽ തമിഴ്നാട് അതിർത്തിയായ മധുക്കര വരെയുള്ള ഭാഗത്ത് കഴിഞ്ഞ ആറു വർഷത്തിനിടെ 17 ആനകളാണ് ട്രെയിനിടിച്ച് ചെരിഞ്ഞത്. 14 വർഷത്തിനിടെ 30 ആനകൾ ഇത്തരത്തിൽ ചെരിഞ്ഞു. 2008ൽ ആനയെ ഇടിച്ച് കഞ്ചിക്കോട് പയറ്റ്കാട് മേഖലയിൽ ട്രെയിൻ പാളം തെറ്റിയിരുന്നു.
കഴിഞ്ഞ രണ്ട് വർഷത്തിൽ 12 ആനകൾ ഇരുട്രാക്കിലുമായി കൊല്ലപ്പെട്ടു. അവസാനം കഴിഞ്ഞ ഒരുമാസത്തിനിടെ രണ്ട് പിടിയാനകൾക്കും ഇവിടെ ജീവൻ നഷ്ടമായി. നിർദിഷ്ട വേഗം മറികടന്ന് ട്രെയിനുകൾ സഞ്ചരിക്കുന്നത് തന്നെയാണ് മിക്ക അപകടങ്ങൾക്കും കാരണമായി കരുതുന്നത്. ആനകൾ അപകടത്തിൽപെടുന്നത് തടയാൻ രണ്ടുവർഷം മുമ്പ് 20 കിലോമീറ്ററിൽ വനം വകുപ്പ് സോളാർ തൂക്കുവേലി സ്ഥാപിച്ചിരുന്നു. എന്നാൽ ഭൂരിഭാഗവും വനം മേഖലയിലൂടെ കടന്നു പോകുന്ന ബി ലൈൻ പാളത്തിൽ ഇനിയും ഇത്തരം സംവിധാനങ്ങളായിട്ടില്ല. ആനകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ നവക്കര, മധുക്കര ഭാഗത്ത് തമിഴ്നാട് വനം വകുപ്പ് അടിപ്പാത ഒരുക്കിയിരുന്നു. ആനകൾക്ക് പുറമെ കാട്ടുപന്നിയടക്കം മറ്റ് വന്യജീവികളും ഇവിടെ അപകടത്തിൽ പെടുന്നത് പതിവാണ്. മിക്ക സംഭവങ്ങളിലും ലോക്കോ പൈലറ്റുമാരുടെ മനസാന്നിധ്യമാണ് പാളം തെറ്റി വലിയ അപകടങ്ങളുണ്ടാവാതെ രക്ഷയാവുന്നത്.
അടിയന്തര യോഗം ചേർന്നു
പാലക്കാട്: വാളയാർ റേഞ്ചിലെ കഞ്ചിക്കോട് റെയിൽവേ ക്രോസിന് സമീപം ട്രെയിൻ തട്ടി പിടിയാന ചെരിഞ്ഞതുമായി ബന്ധപ്പെട്ട് വനം വകുപ്പിലേയും റെയിൽവേയിലേയും ഉന്നത ഉദ്യോഗസ്ഥർ അടിയന്തിര യോഗം ചേർന്നു. കൊട്ടേക്കാട് മുതൽ കഞ്ചിക്കോട് വരെയുള്ള മേഖലയിൽ ആനകളുടെ സാന്നിധ്യം വർധിച്ചതായി അധികൃതർ ചൂണ്ടിക്കാട്ടി. ആനകളുടെ സാന്നിധ്യം കൂടിയിട്ടുള്ളതും തുടർച്ചയായി ആനകൾ അപകടത്തിൽപെട്ടതുമായ ഭാഗത്ത് രാത്രികാലത്ത് നിലവിലുള്ള ട്രെയിൻ വേഗതയായ മണിക്കൂറിൽ 45 കി.മി എന്നത് 35 കി.മി ആയി കുറക്കാൻ തീരുമാനിച്ചു.
കൂടാതെ കഞ്ചിക്കോട് മുതൽ മധുക്കര വരെയുള്ള ഭാഗത്ത് നിലവിലുള്ള വേഗതയായ മണിക്കൂറിൽ 45 കി.മി എന്നത് തുടരും. പിടയാന ചെരിഞ്ഞതിൽ വനം വകുപ്പ് എടുത്ത കേസുമായി ബന്ധപ്പെട്ടുള്ള തുടർ നടപടികളിൽ റെയിൽവേ പൂർണമായി സഹകരിക്കും. ഡി.എഫ്.ഒ, പാലക്കാട് സീനിയർ ഡിവിഷണൽ എൻജിനീയറും സംയുക്ത പരിശോധന നടത്തി റെയിൽവേ ട്രാക്കിന് സമീപത്ത്കൂടി സൗരോർജ വേലി നിർമിക്കാനും ധാരണയായി. ഈ പ്രദേശങ്ങളിൽ 4.60 കോടി ചെലവിൽ 600 സൗരോർജ വിളക്കുകൾ സ്ഥാപിക്കാൻ റെയിൽവേ നടപടി സ്വീകരിക്കും. വനംവകുപ്പും, ബി.എസ്.എൻ.എല്ലും ചേർന്ന് എ.ഐ നിർമിത കാമറകളുപയോഗിച്ച് ആനകളുടെ സഞ്ചാര വിവരങ്ങൾ മുൻകൂട്ടി മനസ്സിലാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കാനുള്ള നടപടികളും സ്വീകരിക്കും.
യോഗത്തിൽ ഈസ്റ്റേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ. വിജയാനന്ദൻ ഐ.എഫ്.എസ്, പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ അരുൺകുമാർ ചതുർവേദി, പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജോസഫ് തോമസ്, എ.ഡി.ആർ.എം എസ്. ജയകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
കഞ്ചിക്കോട് അപകടം: ചെരിഞ്ഞ കാട്ടാനയുടെ ജഡം സംസ്കരിച്ചു
പാലക്കാട്: കഞ്ചിക്കോട് പന്നിമടക്ക് സമീപം ട്രെയിനിടിച്ച് ചെരിഞ്ഞ കാട്ടാനയുടെ ജഡം പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി സമീപത്തെ വനത്തിൽ സംസ്കരിച്ചു. തിങ്കളാഴ്ച രാത്രി 11.15 ഓടെയാണ് സംഭവം. ട്രാക്ക് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസ് ഇടിച്ചാണ് മൂന്നുവയസുള്ള പിടിയാന ചെരിഞ്ഞത്. സംഭവത്തില് ലോക്കോ പൈലറ്റിനെതിരെ വനം വകുപ്പ് കേസെടുത്തു.
ട്രെയിൻ തട്ടി ട്രാക്കിനുസമീപം വീണ ആന അൽപസമയത്തിന് ശേഷം മുന്നോട്ട് നീങ്ങാൻ ശ്രമിച്ചിരുന്നു. ആനയുടെ തലക്കും പിൻഭാഗത്തും ഗുരുതര പരിക്കേറ്റിരുന്നു. അപകടസമയത്ത് പരിസരത്തുണ്ടായിരുന്ന ആനകൾ ചിതറിയോടി. റെയിൽവേ അധികൃതർ വിവരം നൽകിയതിനെ തുടർന്ന് വാളയാർ റേഞ്ച് ഓഫിസർ മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം നടത്തിയ തിരച്ചിലിൽ പരിക്കേറ്റ പിടിയാനയെ രാത്രി വൈകി അഗസ്റ്റിൻ ടെക്സ്റ്റൈൽ കമ്പനിക്കടുത്തുള്ള വനയോര മേഖലയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് പ്രാഥമിക ചികിത്സക്കിടെ പുലർച്ചെ രണ്ടരയോടെയാണ് ആന ചരിഞ്ഞത്. തലക്കേറ്റ പരിക്കാണ് മരണകാരണമെന്ന് കരുതുന്നതായി സി.സി.എഫ് വിജയാനന്ദ് പറഞ്ഞു.
ഇതേസ്ഥലത്ത് ഏപ്രിൽ 10ന് മറ്റൊരു പിടിയാനയും ട്രെയിനിടിച്ച് ചരിഞ്ഞിരുന്നു. അന്ന് ഗുരുതര പരിക്കേറ്റ ആന വനംവകുപ്പിന്റെ ചികിത്സക്കിടെ മൂന്ന് ദിവസത്തിനു ശേഷമാണ് ചരിഞ്ഞത്. കഞ്ചിക്കോടിനും വാളയാറിനുമിടയിൽ ട്രെയിനിടിച്ച് ആന ചരിയുന്നത് പതിവായിരുന്നു. ആനകൾക്ക് കടന്നുപോകാൻ അടിപ്പാതകൾ നിർമിച്ചും സി.സി.ടി.വി കാമറകൾ സ്ഥാപിച്ചും അപകടങ്ങൾ ഒരുപരിധി വരെ കുറക്കാൻ സാധിച്ചിരുന്നു. വേനൽ കടുത്തതോടെ കുടിവെള്ളം അന്വേഷിച്ച് ജനവാസ മേഖലയിലേക്ക് കാട്ടാനകളെത്താൻ തുടങ്ങിയതോടെയാണ് അപകടം തുടർക്കഥയാകുന്നത്.
ജീവൻ കവർന്നത് തലക്കേറ്റ ഗുരുതര പരിക്ക്
പാലക്കാട്: കഞ്ചിക്കോട് പന്നിമടക്കുസമീപം ട്രെയിനിടിച്ച് ആന ചെരിഞ്ഞത് തലക്കേറ്റ ഗുരുതര പരിക്ക് കാരണമെന്ന് വനം വെറ്ററിനറി സർജൻ ഡോ. ഡേവിഡ് എബ്രഹാം. തലയിലും പിൻകാലിനും പരിക്കുണ്ട്. ട്രെയിൻ തട്ടി ആന തെറിച്ചുവീഴുകയായിരുന്നെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. രാവിലെ ഒമ്പതിന് പോസ്റ്റ്മോർട്ടം നടപടി തുടങ്ങി ഒരുമണിയോടെ അവസാനിപ്പിച്ചു. ശേഷം പന്നിമട ഭാഗത്തുതന്നെ ആനയുടെ ജഡം കുഴിച്ചിട്ടു. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ജോസഫ് തോമസ്, വാളയാർ റേഞ്ച് ഓഫിസർ മുഹമ്മദ് ജിന്ന, പുതുശ്ശേരി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.കെ. മരുതൻ എന്നിവർ നേതൃത്വം നൽകി.
ഗുരുതര വീഴ്ച -വനംമന്ത്രി
ട്രെയിൻ ഇടിച്ച് കാട്ടാന ചെരിഞ്ഞത് ഗുരുതര കാര്യമാണെന്നും ലോക്കോ പൈലറ്റിനെതിരെ അന്വേഷണം ശക്തമാക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. വേഗത നിയന്ത്രിക്കുന്നതിൽ റെയിൽവേക്ക് ശുഷ്കാന്തി ഉണ്ടായില്ല. വേഗത നിയന്ത്രണമുള്ള സ്ഥലത്ത് അമിതവേഗതയിലാണ് ട്രെയിൻ ഓടിയിരുന്നത്. റെയിൽവേയും വനംവകുപ്പും ചേർന്ന് പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.