വേനലെത്തും മുന്നേ വരള്‍ച്ചയുടെ പിടിയില്‍; കുന്തിപ്പുഴക്ക് വേണം, പ്രത്യേക സംരക്ഷണ പദ്ധതി
text_fieldsമണ്ണാര്‍ക്കാട്: വേനലെത്തും മുന്നേ കുന്തിപ്പുഴ വരള്‍ച്ചയുടെ പിടിയില്‍. ജലനിരപ്പ് പാടെ താഴ്ന്നു. ഇടവപ്പാതിയും തുലാവര്‍ഷവും ദുര്‍ബലമായതാണ് പുഴ മെലിയാന്‍ കാരണം. ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ കുന്തിപ്പുഴയുടെ പ്രഭവസ്ഥാനം സൈലന്റ് വാലി മലനിരകളാണ്. മലയില്‍ മഴ ശക്തമാകാതിരുന്നതും പുഴയെ ഇക്കുറി കാര്യമായി ബാധിച്ചു. മഴക്കാലത്ത് ഇരുകര തൊട്ടൊഴുകുന്ന പുഴ മുമ്പെല്ലാം വേനലിലും ജലസമൃദ്ധമായിരുന്നു. എന്നാല്‍ ഇത്തവണ ഒരിക്കൽ മാത്രമാണ് പുഴ ഇരുകര മുട്ടിയതെന്ന് തീരത്ത് താമസിക്കുന്നവര്‍ പറയുന്നു. ഇടവപ്പാതി അവസാനിക്കുന്ന സെപ്റ്റംബറില്‍ത്തന്നെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയിരുന്നു.
തുലാവര്‍ഷത്തില്‍ കാര്യമായ മഴ ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും അസ്ഥാനത്തായി. ന്യൂനമര്‍ദത്തിന്റെയും ചക്രവാതച്ചുഴിയുടെയുമെല്ലാം ഫലമായുണ്ടായ ഒറ്റപ്പെട്ട മഴയാണ് ഇത്തിരിയെങ്കിലും ആശ്വാസം നല്‍കിയത്. പലയിടങ്ങളിലും നീര്ച്ചാല് കണക്കെയാണ് നിലവില്‍ പുഴയൊഴുകുന്നത്.
ഇത്തവണ വേനല്‍ കനക്കുമെന്ന സൂചനയുള്ളതിനാല്‍ തീരഗ്രാമങ്ങള്‍ ആധിയിലാണ്. മണ്ണാര്‍ക്കാട് നഗരസഭ, തെങ്കര, കുമരംപുത്തൂര്‍, കരിമ്പുഴ പഞ്ചായത്തുകളില്‍ കുടിവെള്ള പദ്ധതിയുടെ പമ്പിങ്ങും തീരപ്രദേശത്തെ നെല്ല്, തെങ്ങ്, വാഴ കൃഷിയുമെല്ലാം പുഴയിലെ വെള്ളത്തെ ആശ്രയിച്ചാണ്.
ജലനിരപ്പ് താഴുമ്പോള്‍ പ്രദേശത്തെ കിണറുകള്‍, കുളങ്ങള്‍ എന്നിവയുടെ വെള്ളത്തിന്റെ തോതും കുറയും. അതേ സമയം ജലനിരപ്പ് താഴുന്നത് നിലവില്‍ മണ്ണാര്‍ക്കാട് നഗരസഭ, തെങ്കര പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള ജല അതോറിറ്റിയുടെ കുടിവെള്ള വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. പ്ലാന്റ് സ്ഥിതി ചെയ്യുന്ന ചോമേരി ഭാഗത്ത് ജലസംഭരണത്തിന് പുഴക്ക് കുറുകെ മണല്‍ച്ചാക്കുകള്‍ വച്ച് താൽക്കാലിക തടയണ നിര്‍മിച്ചിട്ടുണ്ട്. പെട്ടി മാതൃകയില്‍ കുഴി നിര്‍മിച്ച് വെള്ളം സംഭരിച്ച് കിണര്‍ റീചാര്‍ജും നടത്തുന്നുണ്ടെന്ന് ജല അതോറിറ്റി വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍ പോത്തോഴിക്കാവ് തടയണയില്‍ ചീര്പ്പില്ലാത്തതിനെത്തുടര്ന്ന് വെള്ളം സംഭരിക്കാന്‍ കഴിയാത്ത നിലയാണ്. ചീര്‍പ്പ് സ്ഥാപിക്കാൻ നടപടികളായി വരുന്നതായാണ് പഞ്ചായത്ത് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം. മുൻവര്‍ഷങ്ങളില്‍ പഞ്ചായത്തിന്റെ പലഭാഗങ്ങളിലും കുടിവെള്ള പ്രശ്നം നേരിട്ടിരുന്നു. 2018, 2019 വര്‍ഷങ്ങളിലുണ്ടായ പ്രളയത്തിനുശേഷം അടിഞ്ഞുകൂടിയ മണല്‍ നീക്കാത്തതാണ് പുഴയുടെ ജലസംഭരണശേഷി കുറയാന്‍ പ്രധാന കാരണം. പലയിടങ്ങളിലും പുഴ ഗതിമാറിയൊഴുകിയതും മണല്‍തുരുത്തുകള്‍ രൂപപ്പെട്ടതും പുല്ലും ചെടികളും വളര്‍ന്നതും സംഭരണതോത് കുറച്ചു. മണല്‍വന്നടിഞ്ഞ് കയങ്ങളിലും ജലസംഭരണമില്ലാത്ത അവസ്ഥയാണ്. പുഴയുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിഞ്ഞുകൂടിയ മണലും മണ്ണും നീക്കണമെന്ന് താലൂക്ക് വികസന സമിതിയിലടക്കം ചര്‍ച്ചയാകാറുണ്ടെങ്കിലും നടപടിയില്ല. നാശത്തില്‍നിന്ന് പുഴ വീണ്ടെടുക്കാന്‍ പ്രത്യേക സംരക്ഷണ പദ്ധതിക്കായി ആവശ്യം ഉയരുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും അനക്കമില്ലാത്ത നിലയാണ്. ഇക്കുറി ഇടമഴയും വേനല്‍മഴയും കാര്യമായി തുണച്ചില്ലെങ്കില്‍ കടുത്ത വരള്‍ച്ചയായിരിക്കും മണ്ണാര്‍ക്കാട് മേഖലയെ കാത്തിരിക്കുന്നതെന്നതിന്റെ സൂചനയായാണ് പുഴയുടെ വരൾച്ചയെ വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.