മംഗലംഡാം അണക്കെട്ടിന്റെ സംഭരണശേഷി വർധിപ്പിക്കൽ; പദ്ധതി നിലച്ചിട്ട് രണ്ടുവർഷം
text_fieldsമംഗലംഡാം: മണ്ണും ചെളിയും നീക്കി മംഗലംഡാം അണക്കെട്ടിന്റെ സംഭരണശേഷി വർധിപ്പിക്കാനായി ആരംഭിച്ച പദ്ധതി നിലച്ചിട്ട് രണ്ട് വർഷത്തിലേറെ. ഇതോടെ നിർമാണ പ്രവൃത്തി അവസാനഘട്ടത്തിലെത്തിയ നാലു പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജലപദ്ധതി അവതാളത്തിലാകുമെന്ന് ആശങ്ക.
കൃഷിക്കാവശ്യമായ വെള്ളം തന്നെ അണക്കെട്ടിൽ പരിമിതമാണ്. കൂടാതെ മത്സ്യകൃഷിക്കും മറ്റുമായി നിശ്ചിത അളവിൽ വെള്ളം നിലനിർത്തുകയും വേണം. ശുദ്ധജല പദ്ധതിക്കാവശ്യമായ വെള്ളം കൂടി കണ്ടെത്തുകയെന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് 2021 ഫെബ്രുവരിയിൽ ചെളി നീക്കം ആരംഭിച്ചത്. മൂന്നുവർഷം കൊണ്ട് 30 ദശലക്ഷം മെട്രിക് ക്യൂബിക് അടി മണ്ണ് നീക്കി 300 കോടി ലിറ്റർ വെള്ളം അധികം സംഭരിക്കലായിരുന്നു ലക്ഷ്യം.
17.7 കോടി രൂപ സർക്കാരിലേക്ക് ലഭിക്കുന്ന രാജ്യത്തെ പൈലറ്റ് പദ്ധതി തുടങ്ങി മൂന്നോ നാലോ മാസമാകുമ്പോഴേക്കും പ്രശ്നങ്ങൾ തുടങ്ങി. 2022 ഏപ്രിലോടെ നൂലാമാലകളിൽ കുടുങ്ങി ചെളി നീക്കം നിലച്ചു. സംഭരണിയിൽ അടിഞ്ഞ മണ്ണും ചെളിയും ഇളക്കി കരക്ക് എത്തിക്കാനുള്ള യന്ത്രസംവിധാനവും പൈപ്പുകളും മണലും മറ്റും വേർതിരിച്ചെടുക്കാൻ സ്ഥാപിച്ച ശുദ്ധീകരണ പ്ലാന്റുകളും തുരുമ്പെടുത്ത് നശിക്കുകയാണ്. എന്നാൽ, അവസാനഘട്ടത്തിലെത്തിനിൽക്കുന്ന ശുദ്ധജല പദ്ധതി മൂന്ന് മാസത്തിനുള്ളിൽ തുടങ്ങുമെന്നാണ് ജലഅതോറിറ്റി പറയുന്നത്. അങ്ങനെയെങ്കിൽ പ്രതിദിനം ആവശ്യമായി വരുന്ന 245 ലക്ഷം ലിറ്റർ വെള്ളം എവിടെനിന്ന് കണ്ടെത്തുമെന്ന ചോദ്യത്തിന് ആർക്കും മറുപടിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.