ഇന്‍ഡോര്‍ സ്റ്റേഡിയം; ടെൻഡർ നടപടികൾ പൂർത്തിയായി
text_fieldsപാലക്കാട്: പണമില്ലാത്തതിനാൽ പാതിയിൽ മുടങ്ങിയ നഗരത്തിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പണികൾ പൂർത്തീകരിക്കാൻ നടപടികൾ തുടങ്ങി. ഇതിനാവശ്യമായ തുകയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. ജില്ലയിലെ കായികമേഖലക്ക് കരുത്തേകാൻ ഒരു വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കുമെന്ന് പറഞ്ഞ് 2010 ഏപ്രിലിൽ നിർമാണ പ്രവൃത്തികൾ തുടങ്ങിയ സ്റ്റേഡിയം 12 വർഷമായിട്ടും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
2010 ജനുവരി എട്ടിന് 13.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം 2010 മേയ് മൂന്നിന് ആരംഭിച്ചു. 10.04 കോടി രൂപ ചെലവഴിച്ച് സ്ട്രക്ചര്‍ നിര്‍മാണം പൂര്‍ത്തിയാക്കി. 2010-‘11 സാമ്പത്തികവര്‍ഷത്തെ ബജറ്റില്‍ മൂന്ന് കോടി രൂപ സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാക്കാൻ വകയിരുത്തിയെങ്കിലും തുടര്‍ന്നുവന്ന സര്‍ക്കാര്‍ തുക നല്‍കിയില്ല. ഇതേ തുടര്‍ന്നാണ് നിര്‍മാണം സ്തംഭിച്ചത്.
തുടർന്ന് 2021ൽ എം.ബി. രാജേഷ് നിയമസഭ സ്പീക്കറായിരിക്കെ കായിക മന്ത്രി വി. അബ്ദുറഹ്മാന്, വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി എന്നിവരുടെ സാന്നിധ്യത്തില്‍ സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന യോഗം ചേർന്ന് നിലവിലെ സാങ്കേതിക തടസ്സങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിച്ച് ആവശ്യമായ അംഗീകാരങ്ങള്‍ നേടി നിര്‍മാണം പൂര്‍ത്തിയാക്കാൻ തീരുമാനമെടുത്തെങ്കിലും പദ്ധതി വീണ്ടും ഇഴഞ്ഞു നീങ്ങി. ഇപ്പോൾ ടെൻഡർ നടപടികൾ പൂർത്തിയാക്കിയ പദ്ധതി ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
60 ശതമാനം പണികളാണ് ഇതുവരെ കഴിഞ്ഞത്. നഗരഭാഗത്ത് വിക്ടോറിയ കോളജിനു സമീപം 2.44 ഏക്കറില്‍ ഒരു ലക്ഷം ചതുരശ്ര അടിയിലാണ് സ്റ്റേഡിയം നിർമിക്കുന്നത്. ബാസ്കറ്റ്ബാൾ, വോളിബാൾ, ഹാൻഡ്ബാൾ, ഷട്ടിൽ, നെറ്റ്ബാൾ, ടെന്നീസ് കോർട്ടുകൾ, ഹെൽത്ത് ക്ലബ്, 6,600 പേർക്കിരിക്കാവുന്ന ഗാലറി, 3200 പേർക്കിരിക്കാവുന്ന ഇൻസൈഡ് കോർട്ട്, 100 പേർക്ക് താമസ സൗകര്യം, കോൺഫറൻസ് ഹാൾ, ഷോപ്പിങ് കോംപ്ലക്സ് ഇങ്ങനെയൊക്കെ വിഭാവനം ചെയ്താണ് ഇൻഡോർ സ്റ്റേഡിയം പദ്ധതി ആരംഭിച്ചത്. സിവില്‍ വര്‍ക്കുകള്‍, ഇലക്ട്രിക്കല്‍, സീലിങ്, ഫയര്‍ ഫൈറ്റിങ് വര്‍ക്ക്, വുഡ് ഫ്ലോറിങ്, ലിഫ്റ്റ് തുടങ്ങിയവയാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.